Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റിന് മുൻപേ...

ബജറ്റിന് മുൻപേ ധവളപത്രം; തിരക്കിട്ട നീക്കങ്ങളിൽ സർക്കാർ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: ബജറ്റിന് മുൻപേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച ധവളപത്രമിറക്കാൻ തിരക്കിട്ട നീക്കങ്ങളിലേക്ക് സർക്കാർ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ വിദഗ്ദ്ധ സമിതിയുമായി ആശയവിനിമയം നടത്തി. നേരത്തെ ധവളപത്രമിറക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ സമയം പ്രഖ്യാപിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിക്കൊപ്പം 10 വർഷത്തിനിടയിലെ കടബാധ്യതകൾ, വരുമാന ചോർച്ച, നികുതി പിരിവിലെ പരിമിതികൾ, ധനമാനേജ്മെന്റിലെ ഘടനാപരമായ പോരായ്മകൾ എന്നിവ ധവളപത്രത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കലാണ് ലക്ഷ്യം. ഒപ്പം, തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരന്‍റികൾ’ ഉൾപ്പെടെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും വരും വർഷങ്ങളിലെ ഭരണനയം രൂപീകരിക്കാനും ഈ സമിതിയുടെ കണ്ടെത്തൽ പ്രയോജനപ്പെടും.

ധവളപത്രം അവലംബമാക്കിയുള്ളതാകും ബജറ്റ് പ്രഖ്യാപനങ്ങൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി. ഇത് സംബന്ധിച്ച വാദപ്രതിവാദങ്ങൾ ഭരണപക്ഷവും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ധവളപത്രം ഒരേ സമയം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രസ്താവന എന്നതിനൊപ്പം രാഷ്ട്രീയ പ്രസക്തിയുള്ള രേഖ കൂടിയാവും. കഴിഞ്ഞ സർക്കാർ കാലത്തെ ബാധ്യതകൾ അക്കമിട്ട് നിരത്തി ജനപ്രിയ വികസന പദ്ധതികൾക്കുള്ള സാമ്പത്തിക പ്രതിബന്ധങ്ങൾ ജനങ്ങൾക്ക് മുന്നിൽ ബജറ്റിന് മുൻപ് അവതരിപ്പിക്കലാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കിഫ്ബിയുടെ സാമ്പത്തിക മാതൃകയും ചെലവഴിക്കലും സമിതി പരിശോധിക്കും.ഈ സാഹചര്യത്തിൽ കിഫ്ബി പുനഃസംഘടന ശിപാർശ ധവളപത്രത്തിൽ പ്രതീക്ഷിക്കുന്നു.10 വർഷം നീണ്ട ഇടതുഭരണത്തിലെ ധനസ്ഥിതി സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ പ്രതിപക്ഷത്തായിരിക്കെ യു.ഡി.എഫ് ഉന്നയിച്ചിരുന്നു. നികുതി പിരിവ് കാര്യക്ഷമമല്ലാത്തതും പരിധിവിട്ട കടവും മുൻഗണനയില്ലാത്ത ചെലവഴിക്കലുമടക്കം ഇതിൽപ്പെടുന്നു.

സംസ്ഥാനത്തിന്റെ കടബാധ്യത 4,88,910 കോടി രൂപയാണെന്നാണ് പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ പറഞ്ഞത്.ഇതിന് പുറമേ ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടം ഇന്ധനവില കൂട്ടിയതും കേന്ദ്രത്തിന്റെ സാമ്പത്തിക വരിഞ്ഞുമുറുക്കലും രൂപയുടെ മൂല്യമിടിഞ്ഞതിനെ തുടർന്ന് വിദേശവായ്പകളിലെയടക്കം അധിക പലിശ ബാധ്യതയും സംസ്ഥാനത്തിന് വലിയ പ്രഹരമാണ്.

Show Full Article
TAGS:VD Satheesan Budget- kerala debt crisis KIFB 
News Summary - White Paper before the budget; Government in a hurry to make moves
Next Story