Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിമാർ ആരൊക്കെ?...

മന്ത്രിമാർ ആരൊക്കെ? ലീഗിലും ചർച്ചകൾ സജീവം

text_fields
bookmark_border
Muslim League
cancel

കോഴിക്കോട്: മുസ്ലിം ലീഗിൽ മന്ത്രി നിർണയം കോൺഗ്രസുമായുള്ള വകുപ്പ് ചർച്ചകളിൽ തീരുമാനമായ ശേഷം മാത്രമെന്ന് സൂചന. പുറത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോഴും നേതൃത്വം നിഗമനത്തിലെത്തിയ പേരുകളിൽ പാർട്ടിക്ക് ലഭിക്കുന്ന വകുപ്പനുസരിച്ച് മാറ്റങ്ങളുണ്ടാകും. മുഖ്യമന്ത്രി പദം കോൺഗ്രസിനകത്ത് കീറാമുട്ടിയായ സാഹചര്യത്തിൽ അക്കാര്യത്തിൽ തീരുമാനമുണ്ടായ ശേഷമേ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കൂ.

ലീഗിലെ കിങ് മേക്കർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ സംശയമില്ല. അതേസമയം, ആലങ്കാരിക പദവിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് അദ്ദേഹത്തിന് താൽപര്യം കുറവായതിനാൽ ഇക്കാര്യത്തിൽ ലീഗ് ആവശ്യം ഉന്നയിക്കില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചുമാറുന്നത് സംബന്ധിച്ച് മുമ്പും അഭിപ്രായങ്ങൾ ഉയർന്നിരുന്നുവെങ്കിലും വിട്ടുകൊടുക്കാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ ആബിദ് ഹുസൈൻ തങ്ങളുടെയും എൻ. ഷംസുദ്ദീന്‍റെയും പേരുകളാണ് പരിഗണനയിലുള്ളത്. മറ്റു വകുപ്പുകളിൽ മലപ്പുറത്തുനിന്ന് പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർ പരിഗണിക്കപ്പെടും.

ആറ് എം.എൽ.എമാരുള്ള കോഴിക്കോട്ടുനിന്ന് മന്ത്രിസ്ഥാനം ഉറപ്പാണ്. പാർട്ടിയിലെ സീനിയോറിറ്റി പരിഗണിച്ചാൽ ജില്ല പ്രസിഡന്‍റ് കൂടിയായ എം.എ. റസാഖ് മാസ്റ്റർക്ക് നറുക്ക് വീഴും. പാർലമെന്‍ററി അനുഭവസമ്പത്ത് പരിഗണനയിൽ വന്നാൽ പാറക്കൽ അബ്ദുല്ലയാകും മന്ത്രിയാവുക. നേരത്തെ ഇബ്രാഹിം കുഞ്ഞിന് മന്ത്രിസ്ഥാനമുണ്ടായിരുന്നെങ്കിലും കളമശ്ശേരിയിൽ കന്നിയങ്കക്കാരനായതിനാൽ വി. അബ്ദുൽ ഗഫൂറിന് ഇനിയും കാത്തിരിക്കേണ്ടിവരും.

അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ 10 മന്ത്രിമാരാകും കോൺഗ്രസിനുണ്ടാവുക. മറ്റു ഘടകകക്ഷി പ്രതിനിധികളെന്ന നിലയിൽ കേരള കോൺഗ്രസിനും ഷിബു ബേബി ജോണിനും അനൂപ് ജേക്കബിനും സി.പി. ജോണിനും മാണി സി. കാപ്പനും വീതംവെച്ചാൽ അർഹതപ്പെട്ട അഞ്ചാം മന്ത്രിസ്ഥാനം കിട്ടാതെവരുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ചെറുകക്ഷികൾക്ക് ഒരു വകുപ്പിൽ ടേം വ്യവസ്ഥ വെച്ചോ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയോ സമവായത്തിലെത്താനാകും സാധ്യത.

മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ല സ്ഥാനത്ത് ഉണ്ടാകും -സാദിഖലി തങ്ങൾ

മലപ്പുറം: മന്ത്രിസഭയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകുമെന്നും ചോദിക്കാതെതന്നെ മുസ്‍ലിം ലീഗിന് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നൽകുമെന്നാണ് വിശ്വസിക്കുന്നതെന്നും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ആരെന്ന തീരുമാനം വന്ന ശേഷമായിരിക്കും മന്ത്രിപദം സംബന്ധിച്ച ഗൗരവ ചർച്ചകളുണ്ടാവുക. യു.ഡി.എഫ് കേരളത്തിൽ നല്ലൊരു ഭരണം കാഴ്ചവെക്കും.

അതിന് പ്രാപ്തരായവർ യു.ഡി.എഫിലുണ്ട്. മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. ലീഗിനോട് ആലോചിക്കുമ്പോൾ ഇക്കാര്യത്തിൽ അഭിപ്രായം പറയുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

Show Full Article
TAGS:Muslim League Kerala Assembly Election 2026 PK Kunhalikutty 
News Summary - Who are the ministers? Discussions are also active in the League
Next Story