സപ്ലൈകോയിലെ തസ്കരന്മാർ ആര് ?
text_fieldsകോഴിക്കോട് : ഹോർലിക്‌സ് അടക്കമുള്ള വേഗത്തിൽ വിൽക്കുന്ന ഉപഭോക്തൃ വസ്തുക്കൾക്ക്(എഫ്.എം.സി.സി) പൊലീസ് ക്യാന്റീനിനേക്കാൾ സപ്ലൈകോയിൽ ഉയർന്ന വിലയെന്ന് ധനകാര്യ റിപ്പോർട്ട്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ പോലും പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷം മാത്രമായ പൊലീസ് ക്യാൻറിനിൽ വിലക്കുറവിൽ വിൽക്കുന്നുണ്ട്.
എന്നാൽ, 44 വർഷമായി പ്രവർത്തിക്കുന്ന സപ്ലൈകോയിൽനിന്ന് ഉയർന്ന വിലക്കാണ് ലഭിക്കുന്നത്. പൊലീസ് ക്യാൻറീനിൽ ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സപ്ലൈകോക്ക് സാധനങ്ങൾ ലഭിക്കേണ്ടതാണ്. പർച്ചേസിലെ അന്തരം കാരണം സപ്ലൈകോയ്ക് വൻ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചുവെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
ഹോർലിക്‌സ് (ജൂനിയർ) 500 ഗ്രാമിന് എം.ആർ.പി 330 രൂപയാണ്. ഇത് സപ്ലൈകോയിൽ 259 രൂപക്ക് വിൽക്കുമ്പോൾ പോലീസ് കാൻറീനിൽ 203 രൂപക്ക് ലഭിക്കും. വില വ്യത്യാസം 86 രൂപ ആണ്. അതുപോലെ ബൂസ്റ്റിന് ഒരു കിലോ എം.ആർ.പി 599 രൂപയാണ്. 524 രൂപക്കാണ് സപ്ലൈകോ വിൽക്കുന്നത്. പൊലീസ് കന്റീനിൽ 183 രൂപക്ക് ലഭിക്കും. ഇതിൻറെ വില വ്യത്യാസം 341 രൂപയാണ്. എസ്.ടി.ഡി ഹോർലിക്സ് 500 ഗ്രാമിന്റെ എം.ആർ.പി 294 രൂപയാണ്. സപ്ലൈകോ 257 രൂപക്ക് വിൽക്കുന്നു. പൊലീസ് ക്യാന്റീനിൽ ആകട്ടെ 183 രൂപക്ക് ലഭിക്കും. ഇതിന് 74 രൂപയാണ് അന്തരം. ഇത്തരത്തിൽ 26 ഇനങ്ങളുടെ തുകയിലുള്ള അന്തരം റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
തിരുവനന്തപുരത്തെ സപ്ലൈകോയുടെ താലൂക്ക് ഡിപ്പോയിൽ മാത്രം കഴിഞ്ഞ വർഷം 15 കോടിയിൽ അധികം രൂപക്ക് എച്ച്.യു.എൽ കമ്പനിയിൽ നിന്നും ഹോർലിക്‌സ് അടക്കമുള്ള സാധനങ്ങൾ വാങ്ങിയത്. കണക്കുകൾ പ്രകാരം സപ്ലൈകോ 100 കോടിയിൽ അധികം രൂപക്ക് എച്ച്.യു.എൽ കമ്പനിയിൽ നിന്ന് മാത്രം ഒരു വർഷം സാധനങ്ങൾ വാങ്ങുന്നുണ്ട്.
4000 കോടിയിൽ അധികം വിറ്റു വരവുള്ള സ്ഥാപനത്തിലെ പർച്ചേസുകൾ പൊലീസ് ക്യാൻറീൻ നിരക്കിൽ ലഭിക്കുകയാണെങ്കിൽ കോടിക്കണക്കിന് രൂപ സപ്ലൈകോക്ക് ലാഭമായി ലഭിക്കും. അതിൻറെ ഒരു വിഹിതം ജനങ്ങൾക്ക് വില കുറച്ച് നൽകുകയാണെങ്കിൽ സപ്ലൈകോയിലെ എഫ്.എം.സി.സി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇരട്ടിയായി വർധിപ്പിക്കുവാനും കഴിയും. എന്നാൽ ഈ തുക സപ്ലൈക്കോക്ക് ലഭിക്കുന്നില്ല.
ബൃഹത്തായ ഒരു പൊതുമേഖല കച്ചവട ശൃംഖലയാണ് സപ്ലൈകോയുടേത്. 1536 ഔട്ട് ലെറ്റുകൾ ഇതിൻറെ കീഴിൽ പ്രവർത്തിക്കുന്നു. (മാവേലി സ്റ്റോർ - 959, സൂപ്പർ മാർ ക്കറ്റ് 414, ഹൈപ്പർ മാർക്കറ്റ്- 5, മെഡിക്കൽ സ്റ്റോർ-106, പിപ്പിൾസ് ബസാർ 28, മൊബൈൽ മാവേലി- 2 2, അപ്ലാബസാർ- 1, സൂപ്പർ സ്റ്റോർ- 1) . ഇത്രയധികം ഔട്ട് ലെറ്റുകളുള്ള സപ്ലൈകോക്ക് ലഭിക്കുന്ന വിലയേക്കാൾ വളരെ കുറഞ്ഞ വിലക്കാണ് സംസ്ഥാനത്ത് 16 ഔട്ട് ലെറ്റുകൾ മാത്രമുള്ള സെൻട്രൽ പൊലീസ് കാന്റീൻ വേഗത്തിൽ വിൽക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ലഭിക്കുന്നത്. ഒരു ഉല്പന്നത്തിൽ തന്നെ ശരാശരി 30 രൂപ പൊലീസ് ക്യാൻറീൻ വിലയേക്കാൾ അധികം നല്കിയാണ് സപ്ലൈകോ സാധനങ്ങൾ എച്ച്.യു.എൽ എന്ന കമ്പനിയിൽ നിന്ന് വാങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ വലിയതുറ സപ്ലൈകോ താലൂക്ക് ഡിപ്പോയിൽ ഹോർലിക്‌സിന്റെ സ്റ്റോക്കിൽ കുറവു വന്നതുമായും ഹോർലിക്സ‌് കത്തിച്ചതുമായി ബന്ധപ്പെട്ടാണ് ഭക്ഷ്യവകുപ്പിലെ സംസ്ഥാന തല ഇൻസ്പെക്ഷൻ സ്ക്വാഡ് പരിശോധന നടത്തിയത്. സപ്ലൈകോയിലെ എഫ്.എം.സി.ജി ഉൽപ്പന്നങ്ങളുടെ പർച്ചേസ് സംബന്ധിച്ച് ചില ക്രമക്കേടുകൾ അന്ന് ശ്രദ്ധയിൽപെട്ടു.
അതുമൂലം സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായി. അതിനാൽ സപ്ലൈകോയുടെ പർച്ചേസ് സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗം മുഖേന വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകി.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻറെ എറണാകുളത്തെ ആസ്ഥാന കാര്യാലയത്തിലും വലിയതുറ സപ്ലൈകോ ഡിപ്പോയിലും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തും പരിശോധന നടത്തി. സപ്ലൈകോയിലെ എഫ്.എം.സി.സി ഉല്പന്നങ്ങളുടെ വാങ്ങൽ സംബന്ധിച്ചും ഡിപ്പോകളിലെ സ്റ്റാഫ് സ്ട്രെങ്‌ത് സംബന്ധിച്ചുമാണ് പരിശോധന നടത്തി.
എഫ്.എം.സി.സി ഉൽപ്പന്നങ്ങൾ ഏകദേശം എല്ലാം തന്നെ സപ്ലൈകോക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ പർച്ചേസ് വിലയിലാണ് സബ്‌സിഡിയറി സെൻട്രൽ പൊലീസ് ക്യാൻറീന് ലഭിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സെൻട്രൽ പർച്ചേസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സബ്സിഡിയറി കേന്ദ്രീയ പൊലീസ് കല്യാൺ ഭണ്ഡാർസ് പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന സെൻട്രലൈസ്‌ഡ് പർച്ചേസ് ആയതിനാലാണ് ഇത്തരത്തിൽ സപ്ലൈകോയേക്കാളും കുറഞ്ഞ നിരക്കിൽ സാധനങ്ങൾ പോലീസ് ക്യാൻറീന് ലഭിക്കുന്നത്.
ഈ സാഹചര്യത്തിൽ, ഔട്ട് ലെറ്റുകളുടെ ബാഹുല്യവും അവയിലൂടെ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ വ്യാപാരവും സ്ഥാപനത്തിൻറെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും കണക്കിലെടുത്തു സബ്‌സിഡിയറി സെൻട്രൽ പൊലീസ് ക്യാൻറീന് ലഭിക്കുന്ന നിരക്കിന് സമാനമായ വാങ്ങൽ വിലയിൽ എഫ്.എം.സി.സി ഉൽപ്പന്നങ്ങൾ സപ്ലൈകോക്ക് ലഭിക്കുന്നതിനുള്ള സാധ്യത ഭരണ വകുപ്പ് പരിശോധിക്കണെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
സിവിൽ സപ്ലൈസ് കോർപ്പറേഷനിലേയും സബ്‌സിഡിയറി സെൻട്രൽ പൊലീസ് ക്യാൻറീനിലേയും എഫ്.എം.സി.സി ഉല്പന്നങ്ങളുടെ വിലകൾ താരതമ്യം ചെയ്യുമ്പോൾ ഒരേ കമ്പനിയുടെ ഒരേ തൂക്കമുള്ള ഒരേ ഇനത്തിന് പൊലീസ് ക്യാൻറിനറിലറും സപ്ലൈകോയിലും വ്യത്യസ്ത എം.ആർ പിയിലാണ്. ഈ വിഷയം ഭരണ വകുപ്പ് ഉപഭോക്തൃകാര്യ വകുപ്പുമായി ചേർന്ന് വിശദമായ പരിശോധന നടത്തണമെന്നാണ് റിപ്പോർട്ട്.