കാഞ്ഞിരംചിറ: സോമരാജനെ കൊല്ലാൻ തീരുമാനിച്ചത് ആര് ?
text_fieldsകോഴിക്കോട്: കേരളത്തിലെ നക്സലൈറ്റുകളുടെ ഉന്മൂലന സമരത്തിന്റെ ഭാഗമായിട്ടാണ് ആലപ്പുഴ കാഞ്ഞിരംചിറയിലെ സോമരാജൻ 1980ൽ കൊല ചെയ്യപ്പെട്ടത്. ഈ കേസിൽ ഒരേ സമയം 22 പേർക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം എഴുതിയ പി.എം. ആന്റണിയും അക്കൂട്ടത്തിൽ പ്രതിയായി.
ഈ സംഭവത്തെക്കുറിച്ച് തുറന്നെഴുതുകയാണ് സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും പിൽക്കാലത്ത് മാധ്യമപ്രവർത്തകനുമായ ഭാസുരേന്ദ്രബാബു. ആദ്ദേഹം മരിക്കുന്നതിന് മുമ്പ് തയാറാക്കിയ ആത്മകഥ 'യുവത്വം ജ്വലിച്ചുയർന്ന കാലം- സാംസ്കാരികവേദി എന്ന ആശയം' എന്ന പേരിൽ പുസ്തക പ്രസാധക സംഘമാണ് പ്രസിദ്ധീകരിച്ചത്.
കാഞ്ഞിരംചിറ സോമരാജന്റെ കൊലപാതകത്തെക്കുറിച്ച് അദ്ദേഹം നൽകുന്ന വിശദീകരണത്തിന് വലിയ പ്രധാന്യമുണ്ട്. നക്സലൈറ്റുകൾ മുന്നോട്ട് വെച്ചത് ചാരുമജൂംദാരുടെ ഉന്മൂലന സിദ്ധാന്തമാണ്. പാർട്ടിക്കുള്ളിൽ അക്കാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാതൃകയിൽ രണ്ട് ലൈൻ സമരം തുടങ്ങിയിരുന്നു. സൈനിക പാതയിൽ അധിഷ്ഠിതമായ ബഹുജന പ്രവർത്തനമാണ് ഒരു കൂട്ടർ മുന്നോട്ട് വെച്ചത്. ഈ പക്ഷക്കാർ നടത്തിയ രാഷ്ട്രീയ പരീക്ഷണമാണ് വയനാട്ടിലെ കേണിച്ചിറയിൽ അരങ്ങേറിയത്. മഠത്തിൽ മത്തായി എന്ന ജന്മിയെ ഉന്മുലനം ചെയ്തു
സംസ്ഥാന കമ്മിറ്റിയൽ സൈനിക ലൈനിൽ അധിഷ്ഠിതമായ ബഹുജനപ്രവർത്തനം എന്ന ആശയം മുന്നോട്ടു വെച്ചത് എം.എസ്. ജയകുമാറിന്റെ നേതൃത്വത്തിലുള്ളവരാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്നും വയനാടിന്റെ ചാർജ് ജയകുമാറിന് ആയിരുന്നു. കേണിച്ചിറ മഠത്തിൽ മത്തായി ഉന്മൂലനം ചെയ്തു കൊണ്ട് സൈനിക ലൈനിൻ ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു.
അതേസമയം, ബഹുജന ലൈനിനെ അടിസ്ഥാനമാക്കിയുള്ള സൈനിക പ്രവർത്തനം നടത്തണമെന്ന വാദം മുന്നോട്ട് വെച്ചത് ഭാസുരേന്ദ്രബാബു ആയിരുന്നു. ആലപ്പുഴിയിൽ ബാബു അതിന് രാഷ്ട്രീയ പരീക്ഷണം നടത്തി. ആലപ്പുഴയുടെ പൂർണ ചുമതല ഭാസുരേന്ദ്ര ബാബുവിന് ആയിരുന്നു. അതിനാൽ സോമരാജൻ വധത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആൾ ഭാസുരേന്ദ്ര ബാബുവെന്നാണ് കെ. വേണു അടക്കം പറഞ്ഞിരുന്നത്.
ആത്മകഥയിൽ ഭാസുരേന്ദ്രബാബു ഈ വാദം നിഷ്കരുണം തള്ളിക്കളയുകയാണ്. സോമരാജനെ ഉന്മൂലനം ചെയ്യാനുള്ള തീരുമാനം ബാബു അറിഞ്ഞിരുന്നില്ല. സാംസ്കാരിക വേദിയുടെ പ്രവർത്തനത്തിനിടയിലാണ് ആലപ്പുഴയിൽ കാഞ്ഞിരംചിറ സോമരാജൻ എന്ന ഇടത്തരം കയർ ഫാക്ടറി ഉടമ കൊല്ലപ്പെടുന്നത്. ഫാക്ടറിയിൽ നിന്ന് കയർ തടുക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട് സോമരാജൻ ഒരാളെ ക്രൂരമായി മർദിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശികമായി ആളുകൾ സോമരാജനെതിരെ തിരിഞ്ഞു.
സോമരാജൻ ഉന്മൂലനം ചെയ്യപ്പെടേണ്ട ആളാണെന്ന് അവിടെയും ഇവിടെയും ആളുകൾ പറഞ്ഞുവെന്നല്ലാതെ അയാളെ കൊല്ലാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. പല രാഷ്ട്രീയ കക്ഷികളിലുമുള്ള ജനങ്ങളാണ് കാഞ്ഞിരംചിറയിൽ സമരം നടത്തിയത്. പാർട്ടിയോട് അവർ സഹായം ആവശ്യപ്പെടുകയാണ് ഉണ്ടായത്. ജനങ്ങൾ അവരുടെ നിലവാരത്തിൽ ആളുകളെ ഏകോപിപ്പിക്കുകയും പാർട്ടി സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
പാർട്ടി അതിന് നേതൃത്വം നൽകി എന്ന് പോലും പറയാൻ കഴിയില്ല. ഉന്മൂലനം ചെയ്യുന്ന ആളുകളുടെ അംഗസംഖ്യയുടെ കാര്യത്തിൽ പോലും പാർട്ടിക്ക് ഒരു മുൻകൈയും ഇല്ല. താനുമായി ആലോച്ചിരുന്നുവെങ്കിൽ ഇങ്ങനെയൊരു സംഭവം നടക്കുകയില്ല. രണ്ടു മൂന്ന് മാസം സോമരാജനെതിരെ വലിയ ബഹളങ്ങൾ നടന്നു. സാധാരണഗതിയിൽ പാർട്ടിയുടെ ലൈൻ അനുസരിച്ച് വെറുതെയിരിക്കുന്ന ആളുകളെ തന്നെ കൊല്ലും. അങ്ങനെയൊരു മർദനം ഉണ്ടായിക്കഴിഞ്ഞാൽ തിരിച്ചടിക്കാൻ രണ്ടു മാസം പാർട്ടി കാത്തിരിക്കുമോ? അടുത്താഴ്ച അത് ചെയ്യില്ലേ? എന്നാണ് ഭാസുരേന്ദ്രബാബു ചോദിക്കുന്നത്.
അങ്ങനെ കൊല ചെയ്യാൻ മാത്രം അയാൾ ഒരു ജന്മിയോ ശക്തനായ വലിയ ജനമർദകനോ ഒന്നുമല്ല. ഒരു പ്രാദേശിക ജനമർദകൻ മാത്രമാണ്. പാർട്ടി ജില്ല കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലുമുള്ള ആളുകൾക്ക് ഇങ്ങനെയൊരു കാര്യം നടക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ എപ്പോൾ നടക്കും എന്ന് അറിയില്ല. സംഭവം നടക്കുമ്പോൾ അന്ന് നടക്കും എന്ന ധാരണ ഭാസുരേന്ദ്രബാബുവിനോ പി. എം. ആന്റണിക്കോ അറിയുമായിരുന്നില്ല. അങ്ങനെ അറിഞ്ഞിരുന്നുവെങ്കിൽ അതിനു തൊട്ടടുത്ത് നാടകം കളിക്കുമോ? തന്നെയുമല്ല നാടകം കഴിഞ്ഞ് ഏതാണ്ട് പത്തു മണിയോടെ ആൻറണിയും പീറ്ററും മറ്റും സോമരാജന്റെ വീടിനു മുന്നിലൂടെയാണ് അവരുടെ വീട്ടിലേക്ക് പോയത്. അപ്പോഴാണ് അവർ അറിയുന്നത്. അവർക്ക് അറിയാമെങ്കിൽ അതുവഴി അവർ പോകുമോ? അത് ഞങ്ങൾ പാർട്ടി ആസുത്രണം ചെയ്തു നടപ്പിലാക്കിയ ഒരു ഉന്മൂലനം അല്ല.
എന്നാൽ, പിന്നീട് പ്രസിദ്ധീകരിച്ച ഇങ്ക്വിലാബിൽ (പാർട്ടിയുടെ രഹസ്യ പ്രസിദ്ധീകരണം) ജനകീയമായ രീതിയിൽ കേരളത്തിൽ നടന്ന ഒരു ഉന്മൂലനം ഇതാണെന്നും കേണിച്ചിറയിൽ നടന്നത് അങ്ങനെ ആയിരുന്നില്ലെന്നും രണ്ടും അടിസ്ഥാനപരമായി വ്യത്യസ്തമായിരുന്നുവെന്നും ഭാസുരേന്ദ്രബാബു എഴുതി. സാംസ്കാരിക വേദിക്കാർ ആലപ്പുഴ ശൈലിയെ പിന്താങ്ങുകയും കേണിച്ചിറയുടെ രഹസ്യലൈനിനെ എതിർക്കുകയും ചെയ്തുവെന്നാണ് ബാബു രേഖപ്പെടുത്തുന്നത്.
സിവിക് ചന്ദ്രൻ നടത്തിയ പ്രസംഗത്തിൽ ആളുകളെ കൊല്ലുന്നതിനെതിരാണ്, പക്ഷേ ഒരു കൊതുക് കടിച്ചാൽ നമ്മൾ അതിനെ കൊല്ലില്ലേ. ഒരു കൊതുകിനെ കൊന്നതായി കണക്കാക്കിയാൽ മതിയെന്നാണ് സോമരാജന്റെ ഉന്മൂലനത്തെക്കുറിച്ച് പറഞ്ഞത്. പ്രാദേശികമായി ജനങ്ങൾ തീരുമാനിച്ച കാര്യമാണിതെന്ന് ഭാസുരേന്ദ്രബാബു വിലയിരുത്തുന്നു.
അതേസമയം, കേണിച്ചിറയിൽ ഉന്മൂലനം നടപ്പാക്കിയ രീതിയെ ബാബു കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. വർഗശത്രുവിനെ ഉന്മൂലനം ചെയ്യുക എന്ന പാർട്ടി പരിപാടിയനുസരിച്ച് ആസൂത്രണം ചെയ്ത കൊലപാതകമാണ് കേണിച്ചിറിയിൽ നടന്നതെന്ന നക്സലൈറ്റ് നോതാക്കളുടെ വിലയിരുത്തലിനെയാണ് ഭാസരേന്ദ്ര ബാബു ചോദ്യം ചെയ്യുന്നത്. അതുപോലെ പി.എം ആന്റണി അടക്കം പ്രതികളാക്കപ്പെട്ടവർ ഭാസുരേന്ദ്രബാബുവാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വാദത്തെയും ബാബു നിരാകരിക്കുകയാണ്. ഭാസുരേന്ദ്ര ബാബു നടത്തുന്ന വെളിപ്പെടുത്തൽ സത്യമാണോ? ജനങ്ങൾ സ്വയം തീരുമാനിച്ച് നടപ്പാക്കിയ കൊലപാതകമായിരുന്നോ?
നക്സലൈറ്റ് പ്രസ്ഥാനത്തിനുള്ളിൽ കെ. വേണുവിന് പ്രാമാണികമായ ചില സ്ഥാനങ്ങൾ ലഭിച്ചിരുന്നു. അത് ജയിലിന് അകത്തുള്ളപ്പോഴും പുറത്ത് പാർട്ടിയിൽ പ്രവർത്തിക്കുമ്പോഴും ലഭിച്ചിട്ടുണ്ടെന്ന് ബാബു പറയുന്നു. വേണുവിനെതിരായ നിശിത വിമർശനം കൂടിയാണ് ഈ പുസ്തകം. കേരളത്തിലെ സാമൂഹിക വ്യവസ്ഥ തിരിച്ചറിയാതെ വിപ്ലവപ്രവർത്തനം നടത്തിയ പാർട്ടിയെക്കുറിച്ചാണ് ഗ്രന്ഥം വ്യക്തമാക്കുന്നത്. നിലവിലെ വ്യവസ്ഥ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാമെന്ന് പാർട്ടി സ്വപ്നം കണ്ടു.
കെ.ജി. ശങ്കരപ്പിള്ളയുടെ കവിത പോലെ വ്യവസ്ഥിതിയെ മാറ്റിമറിക്കാൻ കഴിയുമെന്ന സ്വപ്നം പങ്കുവെച്ചു. കേരളത്തിന്റെ സാമൂഹിക അവസ്ഥയെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയിരുന്നില്ല. കാല്പനികമായ ഒരു ആവേശമായിരുന്നു അന്നത്തെ കാലത്ത് ഉണ്ടായിരുന്നത്. രക്തസാക്ഷി ആവുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്ന് യുവാക്കളോട് ആഹ്വാനം ചെയ്തു. യാഥാർഥ്യ ബോധമില്ലാത്ത ആഹ്വാനമായിരുന്നു അത്. എഴുപതുകൾ വിപ്ലവത്തിന്റെ ദശകം ആണെന്ന് പ്രഖ്യപിച്ചത് വെറും സ്വപ്നമായെന്ന് ഈ പുസ്തകം പറയുന്നു. ഭാസുരേന്ദ്രബാബു ഉയർത്തുന്ന ചോദ്യങ്ങൾക്ക് ആര് ഉത്തരം പറയും?.