ശോഭ സുരേന്ദ്രൻ പറഞ്ഞ കണ്ണൂരിലെ ഉന്നത സി.പി.എം നേതാവാര്? വെളിപ്പെടുത്തലിൽ ഞെട്ടി പാർട്ടി
text_fieldsകായംകുളം: ബി.ജെ.പിയിൽ ചേരുന്നത് ചർച്ച ചെയ്യാൻ സി.പി.എമ്മിന്റെ ഉന്നത നേതാവ് തൃശൂർ രാമനിലയത്തിൽ ശോഭാ സുരേന്ദ്രന്‍റെ പേരിൽ ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയെന്ന വെളിപ്പെടുത്തലിൽ വെട്ടിലായി സി.പി.എം. പാർട്ടിയിൽ പിണറായി വിജയനോളം പൊക്കമുള്ള ആ നേതാവ് ഡൽഹിയിൽ ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയിരുന്നതായും മുതിർന്ന ബി.ജെ.പി നേതാവും ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലൂടെയാണ് വെളിപ്പെടുത്തിയത്.
കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയെ നിർണായക ശക്തിയാക്കാനുള്ള പ്രവർത്തനത്തിന്‍റെ ഭാഗമായാണ് സി.പി.എം നേതാവിനെ ബി.ജെ.പിയിൽ എത്തിക്കാൻ ശ്രമിച്ചത്. ദല്ലാൾ നന്ദകുമാറാണ് ഇതിന് ഇടനിലക്കാരനായത്. അദ്ദേഹത്തിന്‍റെ വീട്ടിലായിരുന്നു ആദ്യകൂടിക്കാഴ്ച. ഉമ്മറത്തിരുന്നാണ് ആ നേതാവിനെ കാണുന്നത്. പ്രമുഖനെയും ശോഭയേയും ഒരേ സമയം അവിടേക്ക് നന്ദകുമാറാണ് വിളിച്ച് വരുത്തിയത്.
‘നന്ദകുമാറിന്‍റെ വലിയ വീട്ടിലെ വലിയ മുറിയിൽ കേരളത്തിലെ അറിയപ്പെടുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ വലിയൊരു നേതാവ് ഇരിപ്പുണ്ടായിരുന്നു. ഞാൻ ഉമ്മറത്ത് നിൽക്കുന്നു. ഫെയ്സ്ടുഫെയ്സ് കാണിക്കുന്നില്ല. വ്യക്തി കർട്ടന് പിറകിൽ ഇരിക്കുന്നു. ഞാൻ പറഞ്ഞു. അത് നടപ്പില്ല. മുഖാമുഖം സംസാരിക്കണമെന്ന് പറഞ്ഞു. പിന്നീട് മൂന്നുതവണ ഡൽഹിയിലേക്ക് യാത്ര നടത്തിയെന്നും ശോഭ പറയുന്നു.
സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനാണ് നേതാവെന്നാണ് പരോക്ഷ സൂചനകളിലൂടെ ഇവർ വ്യക്തമാക്കുന്നത്. 2023 ഫെബ്രുവരി 19ന് കൊച്ചി വെണ്ണലയിൽ ദല്ലാൾ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നു. നന്ദകുമാർ ഭാരവാഹിയായ വെണ്ണല തൈക്കാട്ടുശേരി ക്ഷേത്രത്തിലെ പരിപാടികളോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഇ.പി. ജയരാജൻ പങ്കെടുത്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ജനകീയ പ്രതിരോധ ജാഥ കാസർകോടിൽ നിന്ന് ആരംഭിക്കുന്നതിന്റെ തലേ ദിവസമായിരുന്നു ചടങ്ങ്. ഫ്രെബ്രുവരി 20ന് തുടങ്ങിയ ജാഥയിൽ രണ്ടാഴ്ചയോളം പങ്കെടുക്കാതെ മാറിനിന്ന ജയരാജൻ, മാർച്ച് നാലിന് തൃശൂരിൽ എത്തിയ ദിവസമാണ് പങ്കെടുത്തത്.
ഈ ദിവസമാണ് പ്രസ്തുത നേതാവുമായി രാമനിലയത്തിൽ ചർച്ച നടന്നതായി ശോഭ അവകാശപ്പെടുന്നത്. ‘പിന്നീട് ഡൽഹിയിൽ എത്തി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ചകളുണ്ടായി. ബി.ജെ.പിയിലെത്തി ഉന്നതമായ പദവികൾ വഹിക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ, കുടുംബ സഹിതം ഇല്ലാതാക്കുമെന്ന സി.പി.എം നേതൃത്വത്തിന്‍റെ ഭീഷണി ബി.ജെ.പി പ്രവേശത്തിന് തടസമായി. നന്ദകുമാറിനും ഭീഷണിയുണ്ടായിരുന്നു. കൂടാതെ ഇദ്ദേഹത്തെ ബി.ജെ.പിയിൽ എത്തിക്കുന്നതിന് കോടികൾ വേണമെന്നായിരുന്നു നന്ദകുമാറിന്‍റെ ആവശ്യം. ഇതും കാര്യങ്ങൾ തകിടം മറിയുന്നതിന് കാരണമായി. പ്രമുഖരെ സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിൽ എത്തിക്കാമെന്ന് പറഞ്ഞാണ് ദല്ലാൾ ആദ്യം സമീപിക്കുന്നത്’-ശോഭ പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മറ്റ് പാർട്ടികളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിനും അവരെ ബി.ജെ.പിയിൽ എത്തിക്കുന്നതിനും രൂപപ്പെടുത്തിയ സമിതിയിൽ ഉൾപ്പെട്ടയാളാണ് താൻ. മധ്യപ്രദേശ് മുഖ്യമന്ത്രിയാണ് സമിതിയുടെ ചെയർമാൻ. ഈ നിലയിലാണ് ചർച്ചകളുണ്ടായതെന്നും ശോഭ പറഞ്ഞു.