വനം നിയമ ഭേദഗതി ബില്ലിനെ ഭയക്കുന്നത് എന്തുകൊണ്ട്?
text_fieldsകേരളത്തിൽ വനാതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന 430 പഞ്ചായത്തുകളിലെ ഒന്നേകാല്‍ കോടിയോളം മനുഷ്യരെ ഗുരുതരമായി ബാധിക്കുന്ന, വനംനിയമ ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകൾക്കെതിരെ പ്രതിഷേധം കനക്കുകയാണ്. വനം ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരങ്ങൾ നൽകുന്നതെന്ന് ആരോപണമുയർന്ന വ്യവസ്ഥകൾ കർഷകസമൂഹത്തിലും വനാതിർത്തികളിൽ താമസിക്കുന്നവരിലും വലിയ ഭയാശങ്ക ഉയർത്തിയ സാഹചര്യത്തിൽ ഒരു അന്വേഷണം
1961ലെ വനം നിയമത്തിൽ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി, സംസ്ഥാനത്തെ കർഷകരെയും വനാതിർത്തിയിലെ ജനങ്ങളെയും ഒരേപോലെ ആശങ്കയിലാഴ്ത്തിയിരിക്കുന്നു. 2019ൽ ഭേദഗതിബിൽ അവതരിപ്പിച്ചെങ്കിലും നിയമസഭ പരിഗണിച്ചിരുന്നില്ല. അത് കാലഹരണപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും ബിൽ അവതരിപ്പിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. വനം ഉദ്യോഗസ്ഥർക്ക് പൊലീസ് ഉദ്യോഗസ്ഥരുടേതിന് തുല്യമായ അധികാരം നൽകുന്ന വിവാദ വ്യവസ്ഥ ഒഴിവാക്കണമെന്ന് ഇതിനകം തന്നെ ജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വനംനിയമ ഭേദഗതി കരട് ബില്ലുമായി ബന്ധപ്പെട്ട് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ഇതിനകം ലഭിച്ച പരാതികളിൽ കൂടുതലും ഇത് സംബന്ധിച്ചുള്ളതാണ്. ഭേദഗതിപ്രകാരം, പിഴ ഇരട്ടിയാക്കിയതിനും വനത്തിലെ ജലാശയങ്ങളിൽ മീൻപിടിക്കുന്നത് വിലക്കിയതിനുമെതിരെയും പരാതികളുണ്ട്. പ്രതിഷേധങ്ങൾ അടിച്ചമർത്താനാണ് വനംനിയമ ഭേദഗതിയിലെ വ്യവസ്ഥയെന്ന ആശങ്ക അതിഗൗരവമുള്ളതാണ്.
വനംസംബന്ധമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി സംശയിക്കുന്നവരെ മജിസ്ട്രേറ്റിന്റെ ഉത്തരവും വാറന്റുമില്ലാതെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വെക്കാനും അധികാരം നൽകുന്നതാണ് കരടുബില്ലിലെ 63ാം വകുപ്പിൽ പുതുതായി ഉൾപ്പെടുത്തിയ വ്യവസ്ഥ. വന്യജീവി ആക്രമണമുണ്ടാകുമ്പോഴും മറ്റും വനം വകുപ്പ് ഓഫിസുകൾക്കുമുന്നിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ഈ വ്യവസ്ഥ ഉദ്യോഗസ്ഥർ ആയുധമാക്കുമെന്നാണ് കർഷക സംഘടനകളുടെ ആശങ്ക.
ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം?
ബീറ്റ് ഫോറസ്റ്റ് ഓഫിസർക്കും സെക്ഷൻ ഫോറസ്റ്റ് ഓഫിസർക്കും അനിയന്ത്രിത അധികാരങ്ങൾ നൽകുന്നുവെന്നതാണ് കരടിനെതിരായ പ്രധാന പരാതികളിലൊന്ന്.
പ്രചരിപ്പിക്കുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന് പറയുമ്പോഴും വനം ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിക്കുന്ന ഏതൊരാളെയും സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഇത് കരിനിയമമെന്നാണ് കർഷക സംഘടനകളടക്കം പറയുന്നത്. ഈ പുതിയ വ്യവസ്ഥ ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. അറസ്റ്റിനും തുടര്‍ നടപടി ക്രമങ്ങള്‍ക്കും വ്യക്തമായ വ്യവസ്ഥ ചേര്‍ത്തിട്ടുള്ളതിനാൽ ആശങ്ക അസ്ഥാനത്തെന്നാണ് വനംവകുപ്പിന്റെയും വിശദീകരണം.
വനംവകുപ്പ് ഓഫിസുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ പ്രതിഷേധങ്ങളും മറ്റും ഉണ്ടാവുകയും തടഞ്ഞുവെക്കപ്പെടുന്ന സംഭവങ്ങളുമെല്ലാം അരങ്ങേറുമ്പോൾ വനം ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകുകയായിരുന്നു നേരത്തെ. പൊലീസാണ് നടപടിയെടുത്തിരുന്നത്. എന്നാലിപ്പോൾ വനം ഉദ്യോഗസ്ഥർക്കുതന്നെ നേരിട്ട് നടപടിയെടുക്കാം. ഇങ്ങനെ അറസ്റ്റിലായവരെ എത്രയുംവേഗം അടുത്ത വനംവകുപ്പ് ഓഫിസിലോ പൊലീസ് സ്റ്റേഷനിലോ ഹാജരാക്കണമെന്നും കരടിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് സംശയം തോന്നുന്നവർ പേരും താമസസ്ഥലവും വെളിപ്പെടുത്താൻ വിസമ്മതിച്ചാൽ നടപടിയെടുക്കാനാകും. ഇത്തരം ചില വ്യവസ്ഥകൾ ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ആശങ്ക. വിവാദ വ്യവസ്ഥകൾ മൂടിവെക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് വകുപ്പ് തുടക്കം മുതൽ ശ്രമിച്ചതെന്ന ആരോപണവുമുണ്ട്.
അതേസമയം, കർഷകസംഘടനകളുടെയടക്കം എതിർപ്പുകൾക്കുമുന്നിൽ സർക്കാറിന് വഴങ്ങേണ്ടിവരുമെന്നറിയാമായിരുന്നിട്ടും അപ്രായോഗിക നിർദേശങ്ങൾ ഉൾപ്പെട്ട കരട് ബിൽ അവതരിപ്പിക്കാൻ അനാവശ്യതിടുക്കം കാട്ടിയത് എന്തിനെന്ന ചോദ്യത്തിന് വനംവകുപ്പിന് വ്യക്തമായ മറുപടിയില്ല. പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ കര്‍ഷകരുടെ കൈവശഭൂമി ബഫര്‍ സോണായി മാറ്റാനുള്ള ബില്ലിലെ വ്യവസ്ഥ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
പ്രതീക്ഷ സബ്ജക്ട് കമ്മിറ്റിയിൽ
വനംനിയമ ഭേദഗതി നിയമസഭാ സബ്ജക്ട് കമ്മിറ്റി മുമ്പാകെയെത്തുമ്പോൾ വിവാദ വ്യവസ്ഥകളിൽ വനംവകുപ്പ് ഉചിതമാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. ആവശ്യമായ മാറ്റംവരുത്തുമെന്ന് സബ്ജക്ട് കമ്മിറ്റി ചെയർമാൻ കൂടിയായ വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിട്ടുണ്ട്. ആ മാറ്റങ്ങൾ കർഷകരുടെ ആശങ്കാകുലമായ മനസ്സറിഞ്ഞാവണമെന്നാണ് ആവശ്യം.
ജീവനക്കാരെ പുനർവിന്യസിക്കുന്നു
ജീവനക്കാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന പുതിയ വനനിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പ് ജീവനക്കാരെ സംസ്ഥാനമൊട്ടാകെ പുനർ വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിലുള്ള ഉദ്യോഗസ്ഥരെ സംസ്ഥാനമൊട്ടാകെ പുനർവിന്യസിക്കുന്നതിനുള്ള നടപടികൾ ഏതാണ്ട് പൂർത്തിയായി. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയെയും അറസ്റ്റ് ചെയ്ത നടപടികൾ സ്വീകരിക്കാമെന്ന് പുതിയ വനനിയമം സെക്ഷൻ 63ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
വന്യജീവി ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള വനനിയമത്തിലെ വ്യവസ്ഥകൾക്ക് ആക്കം കൂട്ടാനാണ് ഈ പുനർവിന്യാസമെന്ന് സംഘടനകൾ ആരോപിക്കുന്നു.
നടപ്പാക്കാനുറച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥർ
ബില്ലുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിക്കപ്പെടുമെന്ന് വനം മന്ത്രി തന്നെ പറഞ്ഞെങ്കിലും ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും മാനിക്കേണ്ടതില്ലെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർക്ക് നിർബന്ധബുദ്ധിയുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. കർഷക സംഘടന കളുടെ സമ്മർദങ്ങൾക്ക് വഴങ്ങേണ്ട ആവശ്യമില്ലെന്നാണ് ഈ വിഭാഗത്തിന്റെ നിലപാട്.
പിന്നോട്ടുപോക്കും ആലോചനയിൽ
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നവരെ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയോ വാറന്റ് ഇല്ലാതെയോ അറസ്റ്റ് ചെയ്യാനോ തടങ്കലിൽ വെക്കാനോ അധികാരം നൽകുന്ന വനംനിയമ ഭേദഗതിയിലെ 63ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പൂർണമായി പിൻവലിക്കുന്നത് ഇപ്പോൾ വനംവകുപ്പിന്റെ ആലോചനയിലുണ്ട്. വിവാദ വ്യവസ്ഥകൾ ഒഴിവാക്കണോ ലഘൂകരിക്കണോ എന്നതിൽ തീരുമാനമെടുക്കും. കർഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് നീക്കം.
വനം ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ അധികാരം നൽകുന്നതുമായി ബന്ധപ്പെട്ട ഭേദഗതി ബില്ലിലെ 63ാം വകുപ്പിലെ മൂന്ന് ഉപവകുപ്പുകളിലെ വ്യവസ്ഥകളിൽ പൂർണമായും മാറ്റം വരുത്തണമെന്ന ആവശ്യമാണ് കർഷക സംഘടനകൾക്കുള്ളത്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്കും സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർക്കും കൂടുതൽ അധികാരം നൽകാൻ പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംഘടനകൾ. അറസ്റ്റിലായവരെ ഉടൻ ഫോറസ്റ്റ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാക്കണമെന്ന നിർദേശവും ഒഴിവാക്കണമെന്നാണ് ആവശ്യം. എതിര്‍പ്പുയരുന്ന പശ്ചാത്തലത്തില്‍ പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം നിയമഭേദഗതി കൊണ്ടുവന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർദേശിച്ചിട്ടുണ്ട്.
വേണം ‘വനം-പൊലീസ് വിഭാഗം’
കേരളത്തിലെ വനവിസ്തൃതിയും വനാതിര്‍ത്തികളും പരിഗണിച്ച് വന്യജീവി സംഘര്‍ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ നിലവിലെ 7000ത്തില്‍ താഴെയുള്ള വനം വകുപ്പ് ജീവനക്കാരിലെ 4000ത്തില്‍ താഴെയുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗം ജീവനക്കാര്‍ പോരാ എന്നാണ് യാഥാർഥ്യം. ഇത് പരിഹരിക്കാൻ, വനമേഖലയിലെ പൊലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് പൊലീസിന് സമാനമായി വനം- പൊലീസ് വിഭാഗം പുതുതായി രൂപവത്കരിച്ച് എല്ലാ വനാതിര്‍ത്തി പൊലീസ് സ്റ്റേഷനുകളിലും നിയമിക്കണമെന്നാണ് ആവശ്യം.
വനാവരണം
ഒരു ഹെക്ടറിലധികം വിസ്തീര്‍ണവും 10 ശതമാനത്തിന് മുകളില്‍ വൃക്ഷവിതാന സാന്ദ്രതയുമുള്ള (tree canopy density) ഭൂമി വനാവരണത്തില്‍ (forest cover) ഉള്‍പ്പെടും. റിമോട്ട് സെന്‍സിങ് വഴിയാണ് വനാവരണം നിര്‍ണയിക്കുക. അത്തരം ഭൂമിയെല്ലാം രേഖപ്പെടുത്തപ്പെട്ട വനപ്രദേശം ആയിരിക്കണമെന്നില്ല. ഇതിൽ വനത്തിനു പുറമെ, റബര്‍, തെങ്ങ്, കമുക്, എണ്ണപ്പന, കശുമാവ്, തേയില, കാപ്പി, മാവ്, പ്ലാവ്, മറ്റു ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടും. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം വനാവരണത്തിന് 10 മുതല്‍ 30 ശതമാനത്തിനു മുകളില്‍ വൃക്ഷാവരണമുണ്ടായിരിക്കണമെന്നതാണ് ആദ്യത്തെ വ്യവസ്ഥ. ഇന്ത്യ ഇത് 10 ശതമാനം എന്ന തോതിലാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ വിസ്തീര്‍ണം 0.05 ഹെക്ടറിനും ഒരു ഹെക്ടറിനും ഇടയിലുണ്ടാകണം. രണ്ടുമുതല്‍ അഞ്ചുമീറ്റര്‍ വരെ ഉയരമുള്ള മരങ്ങളായിരിക്കണം.
ചുമതല മറന്ന് വനംവകുപ്പ്
വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെ നിരന്തരം കൊലപ്പെടുത്തുന്ന സാഹചര്യമാണിപ്പോള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വന്യജീവികള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊന്ന ഒരു കേസില്‍പോലും സംരക്ഷണവുമായി ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പോലും സ്ഥലത്തെത്തിയില്ല. കുറ്റകരമായ ക്രിമിനല്‍ ഉത്തരവാദിത്ത ലംഘനമാണിതെന്ന് ഹൈകോടതി തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി മനുഷ്യരെ കൊല്ലുകയോ കൃഷിനാശം വരുത്തുകയോ ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം അതത് പ്രദേശങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്നും ഹൈകോടതി വിധിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോലും സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.
കേരളവും വനവും
രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവർ
2023ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 430 പഞ്ചായത്തുകള്‍ വനാതിര്‍ത്തി പങ്കിടുന്നു. 1.3 കോടി ജനങ്ങള്‍ വനാതിര്‍ത്തികളില്‍ താമസിക്കുന്നു
ദേശീയ തലത്തില്‍ വനാവരണം 24.6 ശതമാനം ആണെങ്കില്‍ കേരളത്തില്‍ അത് 54.7 ശതമാനം ആണ്
വന്യജീവി ആക്രമണം വര്‍ഷാവര്‍ഷം കൂടിക്കൊണ്ടിരിക്കുന്നു: 2020-21ല്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 114 പേർ. പരിക്കേറ്റവര്‍ 758. കന്നുകാലികളെ കൊന്നത് 514. വിളനഷ്ടം 6580.
1958-59ൽ വനവിസ്തൃതി 9014.67 ച.കി.മീ; 2020-21ല്‍ അത് 11524.91 ച.കി.മീ. ആയി വർധിച്ചു.
1993 - 2017ൽ രാജ്യത്ത് ആനകളുടെ എണ്ണം 17.2 ശതമാനം വർധിച്ചപ്പോള്‍ കേരളത്തിൽ ഏറ്റവും കൂടുതൽ, ഇത് 63 ശതമാനം വർധന. മറ്റ് വന്യജീവികളുടെ കാര്യത്തിലും സമാനമാണ് അവസ്ഥ.
ബില്ലിലെ മറ്റു വ്യവസ്ഥകള്‍
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ വനത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പിഴ
വനത്തിന് പുറത്തുവളരുന്ന മുള, ഈറ്റ എന്നിവയെ മരം എന്ന നിര്‍വചനത്തില്‍ നിന്നും ഒഴിവാക്കി
പാറകള്‍, കല്‍ക്കരി, ചുണ്ണാമ്പുകല്ല് എന്നിവയെപ്പോലെ മണല്‍ എടുക്കുന്നതും കുറ്റകരം
വന്യമൃഗങ്ങളെ പീഡിപ്പിച്ചാൽ കർശന നടപടി. ആഹാരം നല്‍കുന്നതും നിരോധിച്ചു
വനത്തിനകത്തെ ജലാശയങ്ങളില്‍ വിഷം ചേര്‍ത്തും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചും മറ്റും ആദിവാസികള്‍ അല്ലാത്തവര്‍ മീന്‍ പിടിക്കുന്നതിന് വിലക്ക്
സ്വകാര്യ വ്യക്തികള്‍ക്ക് അവരുടെ ഭൂമിയില്‍ വളരുന്ന ചന്ദനം സ്വന്തം നിലയിൽ മുറിച്ച് വനം വകുപ്പ് മുഖേന വിൽക്കാനാവും
ജണ്ടകള്‍ തകര്‍ത്താല്‍ പിഴ ചുമത്തുന്നത് വനം കൈയേറ്റം നടത്തുന്നവര്‍ക്ക് മാത്രം ബാധകമാക്കി
കൈവശം സൂക്ഷിക്കുന്ന വന ഉൽപന്നം നിയമ വിരുദ്ധമല്ലെന്ന് കാണിക്കാന്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാൻ വ്യവസ്ഥ
കുറ്റങ്ങള്‍ രാജിയാക്കാനും വ്യവസ്ഥ
ഒരു വിഭാഗം ഐ.എഫ്.എസുകാരുടെ ഗൂഢ പദ്ധതിയോ?
കര്‍ഷകരെ കൃഷിയിടങ്ങളില്‍നിന്ന് കുടിയിറക്കി, വന്യജീവികള്‍ക്കായി വനവസ്തൃതി വർധിപ്പിക്കുകയെന്ന ഒരു വിഭാഗം ഐ.എഫ്.എസുകാരുടെ ഗൂഢപദ്ധതിയെന്ന സംശയമാണ് വനംനിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വന്യജീവി ആക്രമണ ഭയം വളര്‍ത്തി വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ നിന്ന് എങ്ങനെയും കര്‍ഷകരെ കുടിയിറക്കുക എന്നതാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ രഹസ്യ പദ്ധതിയെന്നാണ് ആരോപണം.
വനാതിര്‍ത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങള്‍ പണം കൊടുത്തുവാങ്ങി വനം വകുപ്പിന് കൈമാറുന്ന ചില സംഘടനകള്‍ വനമേഖലകളില്‍ സജീവമാണെന്ന് കര്‍ഷകര്‍ പറയുന്നു. വനംവകുപ്പിന്റെ കെടുകാര്യസ്ഥതകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയ പ്രതിരോധം വകുപ്പിലെ ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതുകൊണ്ടുകൂടിയാണ് വനംനിയമ ഭേദഗതി കരട് വിജ്ഞാപനം അവതരിപ്പിച്ചിരിക്കുന്നതെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.
കേരള വനനിയമം 63ാം വകുപ്പില്‍ നിർദേശിച്ചിരിക്കുന്ന നിയമഭേദഗതി ഇതിന് ഉദാഹരണമായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് സുപ്രീംകോടതി പുറത്തിറക്കിയ മര്ഗനിർദേശങ്ങളെയും ഭേദഗതിയിൽ അട്ടിമറിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരത്തിനെത്തുന്ന ബില്ലുകളുടെ നിയമവശം നിയമ സെക്രട്ടറി ആദ്യം പരിശോധിച്ചിരിക്കണം എന്നുള്ളപ്പോള്‍ സുപ്രീംകോടതി നിർദേശങ്ങള്‍ക്ക് വിരുദ്ധമായ വകുപ്പുകള്‍ എങ്ങനെ ഇടംപിടിച്ചു എന്നും ഇവർ ചോദിക്കുന്നു. പശ്ചിമഘട്ട ജനങ്ങൾ വന്യജീവികളെ നിരന്തരം ആക്രമിക്കുകയാണെന്നും വനം കൈയേറുകയാണെന്നുമുള്ള വ്യാജപ്രചാരണം വകുപ്പിലെ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും സംഘടനകൾ ആരോപിക്കുന്നു.