വന്യജീവി ആക്രമണം; വനത്തിൽ പാർക്കാൻ ഇടമില്ലാതെ കാട്ടാനകൾ
text_fieldsകൽപറ്റ: കേരളത്തിൽ കാട്ടാനക്കലിയിൽ മനുഷ്യജീവനുകൾ പൊലിയുന്നത് തുടർക്കഥയാകുന്നു. വയനാട്ടിലെ നൂൽപുഴയിൽ ആദിവാസി യുവാവും തിരുവനന്തപുരം പാലോട് മധ്യവയസ്കനും ഇടുക്കി പെരുവന്താനത്ത് വീട്ടമ്മയും രണ്ടു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവങ്ങൾ.
കാട്ടാനകളുടെ എണ്ണത്തിനനുസരിച്ച് അവക്ക് ജീവിക്കാൻ കേരളത്തിലെ വനത്തിൽ മതിയായ സ്ഥലമില്ലെന്നാണ് കേന്ദ്രസർക്കാർ കണക്ക്. കേന്ദ്രം 2010ല് നിയമിച്ച എലിഫന്റ് ടാസ്ക് ഫോഴ്സ് നൽകിയ ‘ഗജ’റിപ്പോർട്ട് പ്രകാരം കേരളത്തിൽ 3743 ആനകളാണുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് നാലാം സ്ഥാനമുണ്ട്. കർണാടകയിൽ 4452, തമിഴ്നാട്ടിൽ 4008, അസമിൽ 3780 എന്നിങ്ങനെയാണ് ആനകളുള്ളത്.
‘ഗജ’റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഒരാനക്ക് ജീവിക്കാൻ 2.58 ചതുരശ്ര കിലോമീറ്റർ വനം മാത്രമാണുള്ളത്. തമിഴ്നാട്ടില് ഇത് 4.37ഉം കർണാടകയില് 5.06ഉമാണ്. 10 സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമാണ് ഒരാനക്ക് ജീവിക്കാൻ ഇത്രയും കുറഞ്ഞ വനമുള്ളത്. അതേസമയം, 2024ലെ കേരള വനംവകുപ്പിന്റെ പുതിയ കണക്കുപ്രകാരം കേരളത്തിൽ ആകെ 1793 കാട്ടാനകളുണ്ട്. 2023ൽ ഇത് 1920 ആയിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലവും മറ്റും ആനകൾ മറ്റ് സംസ്ഥാനങ്ങളിലെ വനമേഖലയിലേക്ക് കുടിയേറുന്നതിനാലാണ് ഈ മാറ്റമെന്നാണ് വനംവകുപ്പ് പറയുന്നത്.
വന്യമൃഗപ്രതിരോധത്തിന് കോടികൾ ചെലവിടുന്നുവെന്ന് സർക്കാർ പറയുമ്പോഴും മനുഷ്യ-വന്യജീവി സംഘർഷം കൂടുകയാണെന്നാണ് വനംവകുപ്പിന്റെതന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. 2019 -20ൽ 6341 സംഘർഷങ്ങളുണ്ടായെങ്കിൽ 2022 -23ൽ 8236 ആയി. 2023 -24ൽ ഇത് 9838 ആയും ഉയർന്നു.
വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറി കൃഷി വ്യാപിപ്പിക്കുന്നതും കാർഷിക വിളകളിൽ വന്ന മാറ്റവും വനനശീകരണവും സംഘർഷം കൂടാൻ കാരണമായിട്ടുണ്ട്. പാരമ്പര്യ വിളകളിൽനിന്ന് മാറി കർഷകർ കരിമ്പ്, വാഴ, റബർ തുടങ്ങിയ കൃഷികൾ വ്യാപകമാക്കിയത് വന്യജീവികളെ നാട്ടിലേക്ക് ആകർഷിക്കുകയാണ്. എന്നാൽ, എണ്ണം ക്രമാതീതമായി വർധിച്ചതിനാലാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതെന്നും മനുഷ്യരെക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന രൂപത്തിൽ ഭേദഗതി ചെയ്യണമെന്നുമാണ് മലയോര കർഷകരുടെ ആവശ്യം. കേരളത്തിൽ 2016 മുതൽ 2025 ജനുവരിവരെയുള്ള ഒമ്പത് വർഷത്തിനിടെ 203ലധികം പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത്. ഇതിൽ 44 പേർ വയനാട്ടിലാണ്.