ആനക്കലി: കൊമ്പൻപാറയിൽ ഇനി ജനവാസമില്ല
text_fieldsകൊമ്പൻപാറയിൽനിന്നെത്തിയ ഇസ്മായിലിന്റെ മകൾ അമീന എസ്റ്റേറ്റ് ലയത്തിലെ താൽക്കാലിക വീട്ടിലെ മുറിയിലേക്ക് പ്രവേശിക്കുന്നു
മുണ്ടക്കയം ഈസ്റ്റ്: 10 വർഷം മുമ്പുവരെ 60ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന കൊമ്പൻപാറ മലയിൽ ഇനി ജനവാസമില്ല. കാട്ടാന ഭീഷണിയെത്തുടർന്ന് അവശേഷിച്ച നാല് കുടുംബങ്ങൾ ഞായറാഴ്ച കൊമ്പൻപാറയോട് വിടചൊല്ലി. ഇവർ ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ടോപ്പ് ഭാഗത്തെ ലയത്തിലേക്കാണ് താമസം മാറ്റിയത്.
കഴിഞ്ഞ ദിവസം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഇതോടെ ഏറക്കാലമായി കാട്ടാന ഭീഷണിയിലായ ഇവിടത്തെ നാല് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കാൻ പെരുവന്താനം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. സോഫിയയുടെ ഭർത്താവ് നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിൽ, സോഫിയയുടെ മാതാവ് ഹലീമ, ചിറക്കോട് സുരേഷ്, കൊടുമ്പിരിയിൽ ശശി എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
കൊമ്പൻപാറയിലെ കൃഷിഭൂമിയിലെ വരുമാനത്തിലാണ് വർഷങ്ങൾക്കുമുമ്പ് നിരവധി കുടുംബങ്ങൾ ജീവിച്ചുപോന്നിരുന്നത്. വന്യജീവി ശല്യവും ആക്രമണ ഭീഷണിയും വർധിച്ചതോടെ ആളുകൾ മലയിറങ്ങിത്തുടങ്ങി. അഞ്ചുവർഷം മുമ്പ് മേഖലയിൽ കാട്ടാനശല്യം രൂക്ഷമായതോടെ കുടുംബങ്ങളുടെ എണ്ണം നാലായി ചുരുങ്ങി.
മുമ്പൊക്കെ കാട്ടാനകൾ കൃഷിയിടങ്ങളിൽ ശല്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും മനുഷ്യർക്കുനേരെ ആക്രമണം നടത്തിയിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം സോഫിയയെ കാട്ടാന കൊലപ്പെടുത്തിയത്. തുടർന്ന് പഞ്ചായത്തും ട്രേഡ് യൂനിയൻ നേതാക്കളും ടി.ആർ ആൻഡ് ടി എസ്റ്റേറ്റ് മാനേജ്മെന്റുമായി സംസാരിച്ച് നാല് കുടുംബങ്ങൾക്കും താമസിക്കാൻ താൽക്കാലിക സൗകര്യം ഒരുക്കുകയായിരുന്നു. ഇസ്മായിൽ-സോഫിയ ദമ്പതികളുടെ മക്കളായ ശൈഖ് മുഹമ്മദും അമീനയുമടക്കം മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ സ്കൂളിൽ പോയിരുന്നത് വന്യമൃഗശല്യമുള്ള കാട്ടിലൂടെയായിരുന്നു.
അമീന ബധിരയും മൂകയുമാണ്. നിരവധി തവണ ഇവർ കാട്ടാനക്കൂട്ടത്തെ കണ്ടിട്ടുണ്ട്. അടുത്തിടെ ലൈഫ് പദ്ധതിയിൽ നിർമിച്ച വീട്ടിലായിരുന്നു സോഫിയയും കുടുംബവും താമസിച്ചിരുന്നത്. ചിറക്കോട്ട് സുരേഷിന്റെ വീട് ഒരു സംരക്ഷണവും ഇല്ലാത്തതായിരുന്നു. വീടിന് സമീപത്തുകൂടി ആനക്കൂട്ടം നടന്നുനീങ്ങുമ്പോൾ വീട്ടുകാർ ശ്വാസമടക്കി കഴിയേണ്ട അവസ്ഥയായിരുന്നു. പുലിയെയും ഇവർ കണ്ടിട്ടുണ്ട്. ചെന്നാപ്പാറ ടോപ്പ് ഭാഗത്ത് പെരുവന്താനം, കോരുത്തോട് വില്ലേജുകളിലായുള്ള ലയങ്ങളിലാണ് ഇവർക്ക് താൽക്കാലിക പുനരധിവാസം ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിജിനി ഷംസുദ്ദീൻ, ചെന്നാപ്പാറ ജമാഅത്ത് പ്രസിഡൻറ് സുരാജ് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ ഷാജി പുല്ലാട്ട്, ഷീബ ബിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കൊമ്പൻപാറയിൽനിന്ന് നാല് കുടുംബങ്ങളെയും താഴെ എത്തിച്ചത്. ചെന്നാപ്പാറ ടോപ്പ് ഭാഗത്തെത്തിയ കുടുംബങ്ങളെ ജില്ല പഞ്ചായത്ത് അംഗം കെ.ടി. ബിനു, കോരുത്തോട്, പെരുവന്താനം പഞ്ചായത്ത് അംഗങ്ങളായ ലത സുശീലൻ, സാലി കുട്ടി, വില്ലേജ് ഓഫിസർ ഹാഷിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇലക്ട്രിക് വയറിങ് നടത്തിയും മുറികൾ ശുചീകരിച്ചും നാട്ടുകാർ ഈ കുടുംബങ്ങൾക്ക് സഹായവുമായെത്തി. ശ്രമദാന ജോലികളിൽ പങ്കെടുത്തവർക്ക് ജമാഅത്ത് വളപ്പിൽ ഭക്ഷണം ഒരുക്കിയിരുന്നു. മകൾ സോഫിയയുടെ നഷ്ടം മനസ്സിൽ താങ്ങാനാവാതെ ഒരിക്കൽകൂടി താമസിച്ച വീട്ടിലേക്ക് നോക്കി വിങ്ങിപ്പൊട്ടി മാതാവ് ഹലീമയും സഹധർമിണിയുടെ വേർപാടിന്റെ ഓർമകളുമായി നിറഞ്ഞ കണ്ണുമായി ഇസ്മായിലും കൊമ്പൻപാറയിറങ്ങിയത് കണ്ടുനിന്നവരുടെയും കണ്ണ് നനയിച്ചു.