Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന ആക്രമണം;...

കാട്ടാന ആക്രമണം; കഴിഞ്ഞ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 19 പേർ

text_fields
bookmark_border
കാട്ടാന ആക്രമണം; കഴിഞ്ഞ വർഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 19 പേർ
cancel

കൽപറ്റ: വന്യ ജീവികളുടെ കാടിറക്കത്തിൽ പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണം ദിനം പ്രതി വർധിക്കുമ്പോഴും സർക്കാറിന്റെയും വനം വകുപ്പിന്റെയും പ്രതിരോധ നടപടികൾ എങ്ങുമെത്തുന്നില്ല. കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയതറിഞ്ഞ് ചൊവ്വാഴ്ച രാത്രി തുരത്താൻ പോയ സുൽത്താൻ ബത്തേരി വടക്കനാട് രാജീവിനെ കാട്ടാന കൊന്നതാണ് ഇതിൽ അവസാനത്തേത്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം മാത്രം മരിച്ചത് 67 പേരെന്നാണ് വനം വകുപ്പിന്റെ കണക്ക്.

ഇതിൽ 19 ഉം കാട്ടാന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈ വർഷവും കാട്ടാന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. പാമ്പുകടിയേറ്റ് 34 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്. കാട്ടുപന്നി, കടുവ, കാട്ടുപോത്ത് ആക്രമണത്തില്‍ ഒന്നു വീതം ആളുകളുടെ ജീവന്‍ പൊലിഞ്ഞു. മറ്റിനം വന്യജീവികളുടെ ആക്രമണത്തിലാണ് 11 പേരുടെ മരണം.

കാട്ടാനകളുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 15 എണ്ണം വനമേഖലയിലാണ്. കൊല്ലപ്പെട്ടതില്‍ 13 പേരും ആദിവാസികൾ. 2011 മുതല്‍ 2025 വരെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 1,549 മരണങ്ങളാണ് സംഭവിച്ചത്. ഇതിൽ 1,158 പേര്‍ പാമ്പുകടിയേറ്റാണ് മരിച്ചത്.

കേരളത്തില്‍ ഏകദേശം 16,000 കിലോമീറ്ററാണ് വനാതിര്‍ത്തി. ഇതില്‍ 4,000 കിലോമീറ്റര്‍ മനുഷ്യ-മൃഗ സംഘര്‍ഷ സാധ്യതാ പ്രദേശങ്ങളാണെന്നാണ് വനം വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് വന്യ ജീവികൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് അടുത്ത കാലത്ത് വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിരവധി ജീവനുകള്‍ ഓരോ വർഷവും പൊലിഞ്ഞിട്ടും പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനോ പുതിയ രീതികള്‍ അവംലംബിക്കാനോ വനം വകുപ്പ് തയാറാകുന്നില്ലെന്നാണ് പ്രധാന പരാതി. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രതിരോധം തീര്‍ക്കാനായി അനുവദിക്കുന്ന ഫണ്ട് പലപ്പോഴും വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ലെന്ന് പരാതിയും വ്യാപകമാണ്. വയനാട് ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പോലും വന്യജീവികളുടെ സ്ഥിരം സാന്നിധ്യമുണ്ട്. അത്യാഹിതം സംഭവിച്ചാല്‍ നഷ്ടപരിഹാരം നൽകി എല്ലാ പ്രതിഷേധങ്ങളെയും ഒതുക്കുന്ന രീതിയാണ് വനം വകുപ്പും സർക്കാറും സ്വീകരിച്ചുവരുന്നത്. വന്യജീവി ശല്യം തടയാൻ കോടികൾ ചെലവാക്കുന്നു എന്ന് അധികൃതർ അവകാശപ്പെടുമ്പോഴും സാധാരണക്കാരന്റെ ജീവന് യാതൊരു സുരക്ഷയും ഉറപ്പാക്കാൻ വനംവകുപ്പിനോ സർക്കാരിനോ സാധിക്കുന്നില്ലെന്നാണ് യാഥാർഥ്യം.

Show Full Article
TAGS:Wild Elephant Attack Kerala News Wayanad News Wild Animal Attack 
News Summary - Wild elephant attacks; 19 people killed in the state last year
Next Story