Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആനകളെ കണ്ട് സ്കൂട്ടർ...

‘ആനകളെ കണ്ട് സ്കൂട്ടർ ഇട്ടിട്ട് രണ്ടുപേരും തിരിഞ്ഞോടി, പിറകിലൂടെ വന്നാണ് ആക്രമിച്ചത്’

text_fields
bookmark_border
‘ആനകളെ കണ്ട് സ്കൂട്ടർ ഇട്ടിട്ട് രണ്ടുപേരും തിരിഞ്ഞോടി, പിറകിലൂടെ വന്നാണ് ആക്രമിച്ചത്’
cancel

മേപ്പാടി: ‘ആനകളെ കണ്ട​പ്പോൾ ഓടിച്ചുകൊണ്ടിരുന്ന സ്കൂട്ടി ഇട്ടിട്ട് രണ്ടുപേരും തിരിഞ്ഞോടി. ഇവരുടെ പിറകിലൂ​ടെയാണ് ആന ആക്രമിച്ചത്. രണ്ട് ആനകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാനയാണ് ജെസ്സിയെ പിടികൂടിയത്’ - വയനാട് പുത്തുമലയിൽ കാട്ടാന ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരി ജെസ്സി (45) കൊല്ലപ്പെട്ടതിനെ കുറിച്ച് പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു.

‘ഇങ്ങനെ ദാരുണമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരശ്രമങ്ങൾ പിന്നത്തേക്ക് പിന്നെ മാറ്റി വെക്കുന്നതാണ് പതിവ്. ശാശ്വതമായ പരിഹാരമാണ് ഇനി വേണ്ടത്. ഇന്ന് രാവിലെ ആറേകാലോടെ ഭാര്യയും ഭർത്താവും കൂടെ ജോലി സ്ഥലത്തേക്ക് വളരെ സന്തോഷത്തോടുകൂടി പോകുന്ന സന്ദർഭത്തിലാണ് ആക്രമിക്കപ്പെട്ടത്. ചൂരൽമല കാശ്മീർ പ്രദേശത്തിന്റെയും തൊള്ളായിരംകണ്ടിയുടെയും ഇടയിൽ വെച്ചാണ് സംഭവം. അവിടുത്തെ റോഡി​ൽനിന്ന് താഴേക്ക് ഇറങ്ങാൻ കഴിയില്ല, കുന്നായതിനാൽ മുകളിലേക്ക് കയറി പോകാനും കഴിയില്ല. റോഡിലൂടെ നേരെ ഓടാൻ മാത്രമേ സാധിക്കൂ. അങ്ങനെ ഓടിച്ചുകൊണ്ടിരുന്ന സ്കൂട്ടി ഇട്ടിട്ട് രണ്ടുപേരും കൂടെ തിരിഞ്ഞു ഓടുമ്പോൾ പുറകിൽ നിന്നാണ് ഭാര്യയെ ആന പിടികൂടിയത്. ഒരാനയാണ് രോഷാകുലനായി ഇവരുടെ പിന്നാലെ ഓടി വന്നത്’ -അവർ പറഞ്ഞു.

‘വളരെ ദയനീയമാണ് ജെസ്സിയുടെയും ഷാജിയുടെയും ജീവിത പശ്ചാത്തലം. മൂന്ന് പെൺമക്കളാണവർക്ക്. പ്രളയവും ഉരുൾപൊട്ടലുമൊക്കെ നേരിട്ട ശേഷം ചൂരൽമലയിലേക്ക് വലിയ യാത്രാദുരിതം നേരിടുന്നുണ്ട്. സ്ത്രീകൾ അടക്കമുള്ള പലരും തൊഴിൽ കഴിഞ്ഞ് ഇരുചക്ര വാഹനത്തിലാണ് വരുന്നത്. അവർക്ക് സുരക്ഷിതമായി എത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കണം. ഈ പ്രദേശത്തെയൊക്കെ കാട് വെട്ടി വൃത്തിയാക്കണം. അടിയന്തര ഇടപെടലുകൾ ഉണ്ടായെങ്കിൽ മാത്രമേ അവിടെ സമാധാനപരമായിട്ട് ജീവിക്കാൻ കഴിയൂ. കള്ളാടി, തൊള്ളായിരംകണ്ടി, പുത്തുമല ഭാഗത്ത് ആനകൾ കൂട്ടത്തോടെ റോഡ് മുറിച്ചു നടക്കുന്ന കാഴ്ചകളൊക്കെ നിരന്തരം കാണാം’ -നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ആനക്കലിയിൽ ഒരുജീവൻ പൊലിഞ്ഞത്. മേപ്പാടി പുത്തുമല കാശ്മീർ സ്വദേശിനി ജെസ്സി (45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവെയാണ് ആക്രമണത്തിനിരയായത്. ഭർത്താവ് ഷാജിക്ക് ആനയുടെ ആക്രമണത്തിൽ കാര്യമായ പരിക്കില്ലെങ്കിലും അതിന്റെ ഷോക്കിൽനിന്ന് മുക്തനായിട്ടില്ല. മേപ്പാടി -ചൂരൽമല റൂട്ടിൽ കള്ളാടി ഭാഗത്താണ് സംഭവം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഷാജി.

Show Full Article
TAGS:Wild Elephant Wild Elephant Attack elephant 
News Summary - Wild Elephant Chased Fleeing Couple, Attacked From Behind After They Left Scooter
Next Story