'മരണച്ചൂരടിക്കുന്ന മലമടക്കുകൾ'; ആനപ്പേടിയിൽ ഇവർക്ക് ഉറക്കമില്ല
text_fieldsതൊടുപുഴ: കാട്ടാനകൾ വേലി പൊളിച്ചിറങ്ങുന്നത് തടയാൻ രാത്രിയിൽ തീ കൂട്ടി കാവലിരിക്കുന്ന ഒരു ഗ്രാമമുണ്ട്. തൊടുപുഴ താലൂക്കിൽ എറണാകുളം ജില്ലയുമായി അതിർത്തി പങ്കിടുന്ന മുള്ളരിങ്ങാട് പ്രദേശവാസവാസികൾക്കാണ് ഇങ്ങനെ ഒരു വിധി. തലക്കോട് ഇഞ്ചിപ്പാറ മുതൽ മുള്ളരിങ്ങാട് നാഷനൽ എൽ.പി സ്കൂൾ വരെയുള്ള 12 കിലോമീറ്റർ കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. രാത്രി ഏഴ് മുതൽ ചാത്തമറ്റം മുള്ളരിങ്ങാട് വഴിയിലും വെള്ളക്കയം തലക്കോട് വഴിയിലും കാട്ടാനശല്യം അതിരൂക്ഷമാണ്. ജോലിക്ക് പോയി മടങ്ങുന്നവരടക്കം രാത്രിയാകുന്നതോടെ ഈ വഴി പോകാൻ ഭയപ്പെടുകയാണ്. യാത്രക്കാർക്ക് സുരക്ഷയൊരുക്കാനും വീടുകളിൽ ഉറങ്ങുന്നവർക്ക് കാവൽ നിൽക്കാനുമായാണ് ആന വരുന്നുണ്ടോ എന്ന് നോക്കി ഒരു സംഘം കാവലിരിക്കുകയാണ്.
‘രാത്രിയായാൽ വീടിന് പുറത്തേക്കറിങ്ങാൻ വീട്ടിലുള്ളവർ സമ്മതിക്കില്ല. പക്ഷേ മക്കളടക്കം വീട്ടിലുറങ്ങുന്നവരെ ഞങ്ങളല്ലാതെ ആരാണ് സംരക്ഷിക്കുക എന്നാണ് രാത്രി കാവലിരിക്കുന്നവരുടെ ചോദ്യം. രണ്ട് മാസം മുമ്പാണ് മേയാൻ വിട്ട പശുവിനെ അഴിക്കാൻ പോയ അമർ എന്ന യുവാവിനെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയത്.
ഇവിടെ ജനവാസ മേഖലകൾക്ക് സമീപം മൂന്ന് കാട്ടാനകൾ മിക്കപ്പോഴും എത്തുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി വഴിയോരത്ത് തീ കൂട്ടി സംഘത്തിലുള്ളവർ കാവലിക്കും. ആനയുടെ സാന്നിധ്യം കണ്ടാൽ പടക്കം പൊട്ടിക്കും. അല്ലെങ്കിൽ വിറക് കൂടുതലിട്ട് തീ ആളിക്കത്തിക്കും. മൂന്ന് ഷിഫ്റ്റ് ആയിട്ടാണ് ഇവിടെ കാവൽ. രാത്രി ആറ് മുതൽ 10 വരെയും 10 മുതൽ രണ്ട് വരെയും രണ്ട് മുതൽ ആറ് വരെയും നാട്ടുകാർ മാറിമാറി സംഘമായി കാവലിരിക്കുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ക്ഷമ നശിച്ചു. അതുകൊണ്ടാണ് രാത്രിയുള്ള ഈ കാത്തിരിപ്പ്. എത്ര നാൾ ഇനി ഇങ്ങനെ ഉറക്കമൊഴിച്ച് കാവലിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
കാട്ടാനകൾ വിഹരിക്കുന്ന ബി.എൽ റാം
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ബി.എൽ റാം. സംസ്ഥാന അതിർത്തിയിൽ ചിന്നക്കനാൽ പഞ്ചായത്തിലെ ഏറ്റവും അറ്റത്തെ വാർഡാണിത്. പകലും രാത്രിയുമില്ലാതെ മേഖലയിൽ കാട്ടാനകൾ വിഹരിക്കുന്ന ഇടം. വൈകുന്നേരം കാട്ടിൽനിന്ന് ആനകൾ ജനവാസമേഖലയിലേക്ക് എത്തും. രാത്രി മുഴുവൻ ബിഎൽ റാം ടൗൺ പരിസരത്ത് വിഹരിക്കും. പന്നിയാർ, തലക്കുളം, വണ്ണാത്തിപ്പാറ, ആനയിറങ്കൽ, സിങ്കുകണ്ടം, സിമന്റ് പാലം, 301 കോളനി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലെല്ലാം കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളാണ്. ആനശല്യം രൂക്ഷമായതോടെ മേഖലയിൽ ജോലിക്ക് പോകാൻ പോലും പലർക്കും മടിയാണ്. പ്രദേശത്തെ ഏലക്കൃഷിക്കടക്കം വലിയ നാശമാണ് ഈ കാട്ടാനക്കൂട്ടം വരുത്തുന്നത്. കൃഷി ഉപജീവനമായവർക്ക് ഇതുണ്ടാക്കുന്ന നഷ്ടം വലുതാണ്. ജീവൻ പണയംവച്ച് വെളിയിലിറങ്ങി പടക്കം പൊട്ടിക്കുകയോ ഉച്ചത്തിൽ വിളിച്ച് ആനയെ തുരത്തുകയോ ചെയ്യുന്നതു മാത്രമാണ് ഇവരുടെ പ്രതിരോധം. വീടുണ്ടെങ്കിലും ആനയെ പേടിച്ച് ആ വീടിന് മുകളിൽ കുടിൽ കെട്ടി താമസിക്കേണ്ടി വരുന്നവരാണ് ചിന്നക്കനാലിലെ വിവിധ കുടികളിൽ താമസിക്കുന്നവർ. ആനയുടെ ശബ്ദം കേൾക്കുമ്പോഴേ കുഞ്ഞുങ്ങളും പ്രായമായവരുമായി വീട്ടുകാരെല്ലാം മുകളിൽ താൽക്കാലികമായി നിർമിച്ചിരിക്കുന്ന ഷെഡിലേക്ക് കയറും. ആന പോയി എന്ന് ഉറപ്പാക്കിയിട്ടേ ഇവർ വീടിന് മുകളിലെ കുടിലിൽ നിന്നിവർ ഇറങ്ങൂ. (തുടരും...)
അരിക്കൊമ്പൻ പോയിട്ടും ഭീതി മാറാതെ ചിന്നക്കനാൽ
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കാട്ടാനകൾ കൂട്ടമായി ഇറങ്ങുന്ന ഒരിടമുണ്ടെങ്കിൽ അത് ചിന്നക്കനാലാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണമുള്ള പഞ്ചായത്ത് കൂടിയാണ് ചിന്നക്കനാൽ.
പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പകൽ പോലും കാട്ടാനകൾ ഇറങ്ങി നടക്കുന്നത് പതിവ് കാഴ്ചയാണ്. കൃഷി നശിപ്പിക്കുന്നതിനൊപ്പം ആളുകളെ കാട്ടാന ആക്രമിക്കുന്നതും പതിവാണ്. ചിന്നക്കനാൽ മേഖലയിലെ സ്ഥിരം അക്രമകാരിയായിരുന്ന അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് മയക്കു വെടിവച്ച് പിടികൂടി കാട് കടത്തിയിരുന്നു. 15 വർഷത്തിനിടെ ഏഴ് പേരെയാണ് അരിക്കൊമ്പൻ കൊലപ്പെടുത്തിയത്. എന്നാൽ, അരിക്കൊമ്പനെ കാടുകടത്തിയതിനു ശേഷവും ചിന്നക്കനാൽ മേഖലയിൽ കാട്ടാന ശല്യത്തിന് കുറവില്ല.
ചിന്നക്കനാലിൽ വനംവകുപ്പ് പ്രതിരോധം ഒരുക്കുന്നുണ്ടെങ്കിലും ഇവയെല്ലാം പാളുന്നുവെന്ന് തെളിയിക്കുകയാണ് ഓരോ ആക്രമണവും. ബി.എൽ റാം സ്വദേശിയായ സൗന്ദർരാജൻ, തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയിലക്കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളി പരിമള (44) സൂര്യനെല്ലി സിങ്കുകണ്ടത്ത് ബാബു, ചിന്നക്കനാൽ അപ്പർ സൂര്യനെല്ലിയിലെ തങ്കരാജ്, ചിന്നക്കനാൽ ചെമ്പകത്തൊഴുക്കുടിയിലെ എസ്. കൃഷ്ണൻ, സിങ്കുകണ്ടം 301 കോളനിയിലെ തങ്കച്ചൻ... എന്നിവർ പത്ത് വർഷങ്ങൾക്കിടെ ചിന്നക്കനാലിൽ കാട്ടാനക്കലിയിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ചിലർ മാത്രം.
ഇത് കൂടാതെ മേഖലയിൽ തകർക്കപ്പെട്ട വീടുകൾക്കും ചതച്ചരക്കപ്പെട്ട കൃഷിയിടങ്ങൾക്കും കൈയും കണക്കുമില്ല.