ബസിന് നേരെ പടയപ്പയുടെ പരാക്രമം; ആന മദപ്പാടിലെന്ന് വനം വകുപ്പ്
text_fieldsമറയൂർ: മൂന്നാർ റോഡിൽ അക്രമാസക്തനായി പടയപ്പ എന്ന കാട്ടു കൊമ്പൻ. വർഷങ്ങളായി തോട്ടം മേഖലയിൽ കണ്ടുവരുന്ന പടയപ്പ അടുത്ത നാളിലാണ് അക്രമാസക്തനായത്. കഴിഞ്ഞദിവസം രാത്രി മുഴുവനും വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത് വാഹന യാത്രികരെ പരിഭ്രാന്തരാക്കി. മറയൂരിൽനിന്ന് പോയ പിക്കപ്പ് തടഞ്ഞ് ആന തണ്ണിമത്തൻ കഴിച്ചു.
അർധ രാത്രി ഉദുമൽപേട്ടക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ പാഞ്ഞടുത്തിരുന്നു. നിമിഷങ്ങളോളം ബസിൽ തൊട്ടുരുമ്മി നിന്നെങ്കിലും പിന്നീട് ശാന്തനായി. ബസിനുള്ളിൽ നിറയെ യാത്രക്കാരായിരുന്നു. വിവരമറിഞ്ഞ് വനം വകുപ്പ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പടയപ്പയെ തുരത്തി. എന്നാൽ, വെള്ളിയാഴ്ച പകൽ മുഴുവനും തലയാർ, കടുകുമുടി, എട്ടാം മൈൽ, നയമക്കാട് ഭാഗങ്ങളിൽ ആനയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞു. ആന മദപ്പാടിലാണെന്നും നിരീക്ഷിച്ചു വരികയാണെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ബസിന് നേരെ പാഞ്ഞടുക്കുന്ന കാട്ടുകൊമ്പൻ പടയപ്പ