കാട്ടാന ഭീതി: എസ്.എസ്.എൽ.സി ചോദ്യപേപ്പർ സ്കൂളുകളിലെത്തിച്ചത് വൻ സുരക്ഷയിൽ
text_fieldsഅടിമാലി: ഇന്ന് ആരംഭിച്ച എസ്. എസ്.എൽ.സി പരീക്ഷക്കുള്ള ചോദ്യപേപ്പേർ മൂന്നാർ എസ്.ബി.ഐ സ്ട്രോങ് റൂമിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് കൊണ്ടുപോകാൻ വനം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആർ.ആർ ടീമിന്റെ സേവനം തേടി വിദ്യാഭ്യാസ വകുപ്പ്.
കാട്ടാനകൂട്ടവും പടയപ്പയും മൂന്നാർ മേഖലയിൽ ഭീഷണിയായ സാഹചര്യത്തിലാണ് ഈ നടപടി. കാട്ടാന ശല്യം രൂക്ഷമായ മൂന്നാർ ഗൂഢാർവിള ഗവ. എച്ച്.എസിലേക്ക് കനത്ത സുരക്ഷയിലാണ് ചോദ്യപേപ്പർ എത്തിച്ചത്.
കൂടാതെ എല്ലപ്പെട്ടി ഗവ. എച്ച്.എസ് ചെണ്ടുവരെ, വട്ടവട ഗവ. എച്ച്.എസ്, വട്ടവട കുര്യാക്കോസ് ഏലിയാസ് എച്ച്.എസ് തുടങ്ങിയ പരീക്ഷ കേന്ദ്രങ്ങളിലേക്കുള്ള യാത്രയിലും ആർ.ആർ. ടീമിന്റെ അകമ്പടിയുണ്ടായിരുന്നു.
പൊലീസ്-വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം എസ്. എസ്. എൽ. സി പരീക്ഷക്കായി അതിരാവിലെ തന്നെ തയാറായിരുന്നു. അടുത്ത എട്ടു ദിവസം കൂടി പരീക്ഷ പ്രവർത്തനകൾ തുടരും. മാർച്ച് 26 ന് പരീക്ഷ അവസാനിക്കും. ആദ്യദിനം കാര്യമായ പ്രശ്നങ്ങളില്ലാതെ വിദ്യാർഥികൾ പരീക്ഷ എഴുതി. കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്
തോട്ടം മേഖല. തിങ്കളാഴ്ചയും മൂന്നാർ തോട്ടം മേഖലയിൽ വിവിധ ഇടങ്ങളിൽ കാട്ടാനകൾ ഇറങ്ങിയിരുന്നു. ഇത് മേഖലയിലെ വിദ്യാർഥികളുടെ രക്ഷിതാക്കളെ ആശങ്കയിലാക്കി.