വയനാട്ടിൽ 16 മാസത്തിനിടെ കാട്ടാന കൊന്നത് 10 പേരെ
text_fieldsകൽപറ്റ: 16 മാസത്തിനിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് 10 പേർ. വ്യാഴാഴ്ച രാത്രി മേപ്പാടി പൂളക്കുന്ന് ഊരിൽ കാട്ടാന കൊലപ്പെടുത്തിയ അറുമുഖൻ ആണ് ഒടുവിലെ ഇര. ജനുവരി എട്ടിന് രാത്രി പാതിരി റിസർവ് വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിയായ വിഷ്ണു കൊല്ലപ്പെട്ടതാണ് ഈ വർഷത്തെ ആദ്യ വന്യജീവി ആക്രമണം.
ഫെബ്രുവരി 10ന് നൂൽപുഴ സ്വദേശി മാനുവും ഫെബ്രുവരി 11ന് മേപ്പാടി ഏറാട്ടുകുണ്ട് ഊരിലെ ബാലകൃഷ്ണനും കൊല്ലപ്പെട്ടു. 2024 ജനുവരി 31ന് തോൽപെട്ടി ബാർഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണനെ കാപ്പിക്ക് കാവലിരിക്കുമ്പോഴാണ് കാട്ടാന കൊന്നത്. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ധ പടമല പനച്ചിയിലെ അജീഷാണ് പിന്നീട് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഫെബ്രുവരി 16ന് പാക്കം വെള്ളച്ചാലിൽ പോൾ കൊല്ലപ്പെട്ടു.
മാർച്ച് 28ന് വടുവഞ്ചാലിനു സമീപം പരപ്പൻപാറ ഗോത്ര ഊരിലെ സുരേഷിന്റെ ഭാര്യ മിനി, ജൂലൈ 16ന് കല്ലുമുക്കിൽ മാറോട് കോളനിയിലെ രാജു, നവംബർ മൂന്നിന് കർണാടക വനംവകുപ്പ് താൽക്കാലിക വാച്ചറും ബേഗൂർ സ്വദേശിയുമായ ശശാങ്കൻ എന്നിവരും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുമ്പോഴും കണ്ണിൽ പൊടിയിടുന്ന നടപടികൾ മാത്രമാണ് വനം വകുപ്പിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
പകൽപോലും ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യനുനേരെ വന്യജീവി അക്രമണങ്ങളുണ്ടാവുന്നത് നിത്യസംഭവമായി. കാട്ടാനയും കടുവയും കരടിയും പുലിയുമെല്ലാം വനത്തിന് പുറത്തിറങ്ങി ജനവാസ കേന്ദ്രങ്ങളിൽ താണ്ഡവമാടുമ്പോഴും പരിഹാരം കണ്ടെത്താനോ ശാശ്വത നടപടികളെടുക്കാനോ സർക്കാർ സംവിധാനങ്ങൾ തയാറാവുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ വന്യജീവികൾ അറുപതിലധികം പേരുടെ ജീവനെടുത്തപ്പോൾ ഭൂരിഭാഗവും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്.
വന്യജീവികളെ പ്രതിരോധിക്കുന്നതിന് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടി രൂപയുടെ പദ്ധതി വർഷങ്ങൾക്കുമുമ്പ് കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും കേന്ദ്രം നിരസിച്ചു. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ മതിയായ പ്രതിരോധ സംവിധാനങ്ങളില്ലെന്നതിനുപുറമെ വാച്ചർമാരുടെ കുറവും വലിയ പ്രതിസന്ധിയാണ്. വയനാട് മേഖലയില്‍ വന്യജീവികളുടെ എണ്ണം വർധിച്ചതായി കണക്കെടുപ്പിൽ വ്യക്തമായെന്ന് വനം മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു.