വന്യജീവി ആക്രമണം: വനംവകുപ്പ് കൂടുതൽ കർശന നടപടികളിലേക്ക്
text_fieldsമലപ്പുറം: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ വന്യജീവികളെ പ്രതിരോധിക്കാൻ കുടുതൽ നടപടികളുമായി വനംവകുപ്പ്. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ തയാറാക്കിയ കരട് നയസമീപന രേഖയിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി.
ഈ മാസം 28ന് നയരേഖയിൽ കൂടുതൽ ചർച്ചകൾ നടക്കും. സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ മനുഷ്യ-വന്യജീവി സംഘർഷ ബാധിത മേഖലകളാണെന്ന് നയസമീപനരേഖ പറയുന്നു. ഇതിൽ 30 പഞ്ചായത്തുകളെ ഹോട്സ്പോട്ടുകളായും ഇവയിൽ ഒമ്പതെണ്ണത്തെ തീവ്ര സംഘർഷ ബാധിത മേഖലയായും കണക്കാക്കുന്നു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഹോട്സ്പോട്ടുകളിലധികവും. വനമേഖലകളുടെ പ്രത്യേകതക്കനുസരിച്ച് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വന്യജീവിശല്യം തടയാൻ തീവ്രയജ്ഞ പരിപാടികൾ ഊർജിതമാക്കുമെന്ന് നയരേഖ പറയുന്നു.
നാട്ടിലുള്ള കാട് പിടിച്ച ഇടങ്ങളിലും കുറ്റിക്കാടുകളിലും വസിക്കുന്ന കാട്ടുപന്നികളെ പൂർണമായും ഉന്മൂലനം ചെയ്യാൻ അടുത്ത ഒരു വർഷത്തേക്ക് ജനകീയ പരിപാടി ആവിഷ്കരിക്കാൻ നയരേഖയിൽ നിർദേശമുണ്ട്. കാട്ടുപന്നി ശല്യമേറിയ പഞ്ചായത്തുകൾ കണ്ടെത്തി മാപ്പ് ചെയ്യും. ഷൂട്ടർമാർക്കുള്ള പ്രതിഫലം, ജഡം സംസ്കരിക്കാനുള്ള ചെലവ് എന്നിവ അടിയന്തരമായി വർധിപ്പിക്കാൻ ശിപാർശയുണ്ട്. നിലവിലുള്ള 126 ഫോറസ്റ്റ് സ്റ്റേഷനുകൾ ആധുനീകരിക്കും. പുതുതായി 84 ഫോറസ്റ്റ് സ്റ്റേഷനുകൾ തുറക്കും.
വനമേഖലകളിലും വനത്തിലൂടെ പോകുന്ന പാതയോരങ്ങളിലും മാലിന്യനിക്ഷേപം, പ്ലാസ്റ്റിക് ദുരുപയോഗം തുടങ്ങിയവ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യും. ജില്ലതല സമിതികളും ജനജാഗ്രത സമിതികളും സജീവമാക്കും. വനാതിർത്തികളിൽ നിർമിച്ച സോളാർ ഫെൻസുകൾ പൂർണമായും സ്മാർട്ട് ഫെൻസുകളായി മാറ്റാൻ നിർദേശമുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന മിഷൻ സർപ്പയുടെയും മിഷൻ ഗോത്രഭേരിയുടെയും രണ്ടാം ഘട്ടം ഉടൻ പ്രഖ്യാപിക്കും. ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ പദ്ധതിയിലൂടെ അടുത്ത രണ്ട് വർഷംകൊണ്ട് പാമ്പുവിഷബാധയേറ്റുള്ള മരണം പകുതിയായി കുറക്കുകയും അഞ്ചുവർഷത്തിനുള്ളിൽ മരണം പൂർണമായും ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും നയരേഖ പറയുന്നു.
കൂടുതൽ പി.ആർ.ടികൾ രൂപവത്കരിക്കും
മലപ്പുറം: മനുഷ്യ-വന്യജീവി സംഘർഷം തടയാൻ തദ്ദേശവാസികൾക്ക് പരിശീലനം നൽകി കൂടുതൽ പ്രൈമറി റെസ്പോൺസ് ടീമുകൾ (പി.ആർ.ടി) രൂപവത്കരിക്കാൻ വനംവകുപ്പ് നിർദേശം. വന്യമൃഗശല്യം രൂക്ഷമായ വയനാട് അടക്കമുള്ള ജില്ലകളിൽ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കാൻ ആലോചിക്കുന്നത്. നിലവിൽ 327 പഞ്ചായത്തുകളിൽ പി.ആർ.ടികളുണ്ട്.
മനുഷ്യ-വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നയിടങ്ങളിൽ വനംവകുപ്പിന് കീഴിലെ റാപിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി) സംഘം എത്തുന്നതിന് മുമ്പ് തന്നെ സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ തുടങ്ങാൻ തദ്ദേശവാസികളെ ഉൾപ്പെടുത്തി പി.ആർ.ടി രൂപവത്കരിക്കാനാണ് നിർദേശം. പി.ആർ.ടി. ടീമിൽ സർപ്പ വളന്റിയർമാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവരുണ്ടാകും. നിലവിലുള്ള ആർ.ആർ.ടി.കളും പി.ആർ.ടികളും ശാക്തീകരിക്കും.