താൽക്കാലിക പൊലീസ് മേധാവി ഭരിക്കുമോ? യു.പി.എസ്.സിയെ ഉറ്റുനോക്കി ആഭ്യന്തരവകുപ്പ്
text_fieldsതിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് ഉന്നത ഉദ്യോഗസ്ഥരുടെ ചരടുവലികളും രാഷ്ട്രീയ ഇടപെടലും തുടരുന്നതിനിടെ, താല്‍ക്കാലിക നിയമനത്തിന് സാധ്യത തള്ളാതെ ആഭ്യന്തരവകുപ്പ്. ഈ മാസം 30ന് ഷേഖ് ദര്‍വേശ് സാഹിബ് വിരമിക്കും മുമ്പ് യു.പി.എസ്.സി അന്തിമപട്ടിക കേരളത്തിന് കൈമാറിയില്ലെങ്കിൽ കേരളത്തിന്റെ സമീപകാല ചരിത്രത്തിലാദ്യമായി ‘ഡി.ജി.പി ഇൻ ചാർജ്’ ഭരണത്തിന് കേരളം വേദിയാകും.
സംസ്ഥാനം നല്കിയ പട്ടിക പരിശോധിച്ച് യു.പി.എസ്.സി അന്തിമപട്ടിക നല്കിയാല് മാത്രമേ, ഒരാളെ ഡി.ജി.പിയായി തിരഞ്ഞെടുക്കാനാകൂ. എന്നാല്‍, യു.പി.എസ്.സി യോഗത്തിന്റെ തീയതി ഇതുവരെയും നിശ്ചയിച്ചിട്ടില്ല. സാധാരണ ഗതിയില്‍ യു.പി.എസ്.സി യോഗം നടക്കേണ്ട തീയതി പിന്നിടുകയും ചെയ്തു.
മേയ് 21ന് പൊലീസ് മേധാവി വിരമിച്ച കര്‍ണാടകയിലും ഇതുവരെ യു.പി.എസ്.സി അന്തിമ പട്ടിക കൈമാറിയിട്ടില്ല. അവിടെയും താല്‍ക്കാലിക മേധാവിയാണ്. ആന്ധ്രപ്രദേശിൽ യു.പി.എസ്.സി യോഗം ചേർന്നത് അഞ്ചുമാസം കഴിഞ്ഞാണ്. ഇതേ സാഹചര്യം കേരളത്തിലുമുണ്ടായാൽ നിലവിൽ ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമിന് ഇൻ ചാർജ് ഭരണം സർക്കാർ ഏൽപിച്ചേക്കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട റവാഡ ചന്ദ്രശേഖരനും സാധ്യതയുണ്ട്.
അതേസമയം പട്ടികയിലുൾപ്പെട്ട ഡി.ജി.പിമാർക്കെതിരെ യു.പി.എസ്.സിയിലേക്ക് പരാതിപ്രളയമാണ്. നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം.ആര്. അജിത്കുമാര്‍ എന്നിവരാണ് അവസാന പോരാട്ടത്തിലുള്ളത്. യു.പി.എസ്.സി തയാറാക്കുന്ന മൂന്നംഗ പട്ടികയില്‍ ഇടംപിടിക്കുകയാണ് ആദ്യകടമ്പ. അതുകൊണ്ട് മുന്നിലുള്ളവരെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ ആരോപണങ്ങളുടെയും പരാതികളുടെയും കെട്ടഴിക്കുകയാണ്.
മനോജ് എബ്രഹാമിനെ പട്ടികയിലേക്ക് പരിഗണിക്കരുതെന്നാവശ്യപ്പെട്ട് സ്വകാര്യവ്യക്തി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അജിത്കുമാറിനെതിരെ ആരോപണങ്ങളുയര്‍ന്ന സമയത്ത് അദ്ദേഹത്തിനുവേണ്ടി വാദിച്ചിരുന്നയാളാണ് ഹരജി നല്‍കിയത്. മനോജിനെതിരായ ഹരജിക്കുപിന്നില് അജിത്കുമാര്‍ അനുകൂലികളെന്നാണ് ഐ.പി.എസ് തലത്തിലെ സംസാരം.
മനോജുള്പ്പെടെ പട്ടികയിലെ മൂന്നുപേരെ അയോഗ്യരാക്കിയാല്‍ മാത്രമേ ആറാം സ്ഥാനത്തുള്ള അജിത്കുമാറിന് സാധ്യതയുള്ളൂ. ഇതിന് ബദലായി അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര സ്വദേശിയായ അഭിഭാഷകന്റെ ഹരജിയും കോടതിക്കു മുന്നിലുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡയെയും പുരോഹിതിനെയും കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ നിതിൻ അഗർവാളിനെയും പരിഗണിക്കരുതെന്നാവശ്യപ്പെട്ടും യു.പി.എസ്.സിക്ക് അജ്ഞാത പരാതികൾ ലഭിച്ചിട്ടുണ്ട്.-