പി.എം. ശ്രീയിലൂടെ നാലണക്കായി മലയാള നാടിനെ ഒറ്റിക്കൊടുക്കുന്നത് പൊറുക്കാത്ത അപരാധം -വിസ്ഡം ഡയലോഗ്
text_fieldsഅരീക്കോട്: അർഹതപ്പെട്ട അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദങ്ങൾക്കെതിരെ വർഗീയതയും താലിബാനിസവും ആരോപിച്ച് മുസ്‌ലിം സമുദായത്തെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി അരീക്കോട്ട് സംഘടിപ്പിച്ച ഡയലോഗ് ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.
മുസ്‌ലിം സ്വത്വത്തിലും ആചാരങ്ങളിലും വർഗീയതയും താലിബാനിസവും ആരോപിക്കുന്നത് കാവി രാഷ്ട്രീയത്തെ കേരള മണ്ണിൽ അവരോധിക്കാനാണ്. പി.എം ശ്രീയിലൂടെ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുള്ള ശ്രമത്തെ സമൂഹം ശക്തമായി പ്രധിരോധിക്കണം. ഉത്തരേന്ത്യയിലെ വർഗീയ രാഷ്ട്രീയത്തിന് മണ്ണൊരുക്കുന്നതിൽനിന്ന് കേരള സർക്കാർ പിന്തിരിയണം. നാലണക്കായി മലയാള നാടിനെ ഒറ്റിക്കൊടുക്കുന്നത് സമൂഹം പൊറുക്കാത്ത അപരാധമാണ്. വ്യക്തിതാൽപര്യങ്ങൾക്ക് മലയാളത്തിന്‍റെ പൈതൃകത്തെയും സംസ്കാരത്തെയും അടിയറവ് വെക്കുന്നത് അപമാനമാണ്. പിഞ്ചു ഹൃദയങ്ങളിൽ വെറുപ്പ് വിതയ്ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപിക്കുന്നതിൽനിന്ന് അധികാരികൾ വിട്ട് നിൽക്കണമെന്നും സംവാദം അഭിപ്രായപ്പെട്ടു.
പതിനൊന്നാമത് വിസ്‌ഡം യൂത്ത് ധൈഷണിക സംവാദം ഡയലോഗ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി അധ്യക്ഷത വഹിച്ചു. മതം, മതേതരത്വം, നമ്മുടെ ഭരണഘടനയും അവകാശങ്ങളും, ലിബറൽ മതേതരത്വം മതത്തോട് ചെയ്യുന്നത്, മതേതരത്വം തകർക്കുന്നവർ: വഴിയും രീതിയും, ഇസ്ലാം പരിഷ്കരിക്കണോ?, മതേതരത്വം മുസ്ലിം ചരിത്രം, മതത്തെ ബാൻ ചെയ്യുന്ന ലിബറൽ മതേതരത്വം, നിലവിളക്ക് ഒരു കേസ് സ്റ്റഡി, ലിബറലുകളുടെ ദിവാസ്വപ്നങ്ങൾ എന്നീ വിഷയങ്ങളിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, അബ്ദുൽ മാലിക് സലഫി, സലീം സുല്ലമി, ഹാരിസ് ഇബ്നു സലീം, ഡോ. അബ്ദുല്ല ബാസിൽ, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, പ്രസിഡന്‍റ് കെ. താജുദ്ദീൻ സ്വലാഹി, സി.പി. ഹിലാൽ സലീം, ഷംജാസ് കെ. അബ്ബാസ്, സഫുവാൻ ബറാമി അൽഹികമി, ഷമീൽ അരീക്കോട് എന്നിവർ പ്രസംഗിച്ചു.


