ഒരു കോടി രൂപയും 125 പവൻ സ്വർണവും കബളിപ്പിച്ച യുവതി അറസ്റ്റിൽ; ആദായ നികുതി വകുപ്പിന്‍റെ പേര് പറഞ്ഞാണ് തിരൂർ സ്വദേശിയെ കബളിപ്പിച്ചത്
text_fieldsപിടിയിലായ സജ്ന എന്ന ഷീന
തിരൂർ: ഒരു കോടി രൂപയും 125 പവൻ സ്വർണവും കബളിപ്പിച്ച് കൈക്കലാക്കിയ കേസിൽ യുവതി അറസ്റ്റിൽ. തിരൂർ പടിഞ്ഞാറേക്കര നായികരുമ്പിൽ സജ്ന എന്ന ഷീനയെയാണ് (40) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തിരൂർ സ്വദേശിയായ ആഷിക്കലി എന്നയാളിൽ നിന്നാണ് പണവും സ്വർണവും പ്രതി കബളിപ്പിച്ച് കൈക്കലാക്കിയത്. ആഷിക്കലി തുടങ്ങാനിരുന്ന റൈസ്മിൽ ബിസിനസിൽ പാർട്ണറായി ചേരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദായ നികുതി വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനാൽ ട്രഷറിയിൽ കുടുങ്ങിക്കിടക്കുന്ന പണം പിൻവലിക്കാൻ സാധിക്കുന്നില്ലെന്നും ധനകാര്യ മന്ത്രാലയത്തിന്‍റെ പ്രശ്നമുണ്ടെന്നും പറഞ്ഞ് പരാതിക്കാരനെ തെറ്റിധരിപ്പിച്ചാണ് സജ്ന പണവും സ്വർണവും തട്ടിയെടുത്തത്.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പ്രതി പാലക്കാട് വിവിധ സ്ഥലങ്ങളിലായി മൂന്നു വർഷത്തോളം ഒളിവിൽ കഴിയുകയായിരുന്നു. ഇവർ രണ്ടാഴ്ചയായി മൂലയ്ക്കൽ എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൂടാതെ, മറ്റ് പലരിൽ നിന്നും പ്രതി പണം കൈക്കലാക്കി കബളിപ്പിച്ചെന്ന വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുമ്പോൾ തട്ടിപ്പുകളെ കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പൊലീസ് നിഗമനം.