Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ട്രേഡിൽ 50 ലക്ഷം...

ഓൺലൈൻ ട്രേഡിൽ 50 ലക്ഷം കടമായി, പണത്തിനായി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് അയൽവാസിയുടെ വീടിന് തീയിട്ട സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ ട്രേഡിൽ 50 ലക്ഷം കടമായി, പണത്തിനായി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത് അയൽവാസിയുടെ വീടിന് തീയിട്ട സ്ത്രീ അറസ്റ്റിൽ
cancel
Listen to this Article

മല്ലപ്പള്ളി: ആശ പ്രവർത്തകയായ വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിന് തീവെച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തിയ പ്രതി അറസ്റ്റിൽ. കീഴ്വായ്പൂർ പുളിമല വീട്ടിൽ രാമൻകുട്ടിയുടെ ഭാര്യ ലതാകുമാരിയുടെ (61) വീടിന് തീപിടിച്ച് ഇവർക്ക് പൊള്ളലേറ്റ സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയായ സുമയ്യ സുബൈറിനെയാണ്​ പൊലീസ് അറസ്റ്റ് ചെയ്തത്​.

ഓൺലൈൻ ട്രേഡിൽ പണം നഷ്​ടപ്പെട്ട്​ അമ്പതുലക്ഷം രൂപയോളം കടബാധ്യതയിലായ സുമയ്യ പണം കണ്ടെത്താൻ ആസൂത്രണം ചെയ്തതാണ്​ ക്രൂരകൃത്യം. നാലരപ്പവൻ വരുന്ന ആഭരണങ്ങൾ തട്ടിയെടുത്തശേഷം തെളിവ്​ നശിപ്പിക്കാനാണ്​ തീയിട്ടത്​. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട്​ നാലരയോടെ ലതാകുമാരിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി വീട്ടിലെത്തിയ സുമയ്യ സ്വർണാഭരണങ്ങൾ ലതാകുമാരിയോട് ആവശ്യപ്പെട്ടു. നൽകാത്തതിനെത്തുടർന്ന് കഴുത്തിൽ കത്തികൊണ്ട് കുത്തുകയും വളയും മാലയും ഊരിയെടുത്തശേഷം കട്ടിലിൽ കിടന്ന മെത്തക്ക്​ തീയിട്ട്​ കടന്നുകളയുകയുമായിരുന്നു.

ലതാകുമാരിയുടെ നെഞ്ച്, വയറ്, ഇടുപ്പുഭാഗം എന്നിവിടങ്ങളിൽ സാരമായി പൊള്ളലേറ്റു. ഇടതുകണ്ണിന് താഴെയും കഴുത്തിലും മുറിവുണ്ടായിരുന്നു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്​. പ്രതിയെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട ആഭരണങ്ങൾ ഇവരുടെ വീടിന്റെ ശൗചാലയത്തിലെ ഫ്ലഷ് ടാങ്കിൽനിന്ന്​ കണ്ടെടുത്തു.

ലതാകുമാരിയുടെ മകളും കുടുംബവും ലണ്ടനിലാണ്. സുമയ്യ കോയിപ്രം സ്റ്റേഷനിലെ പൊലീസ്​ ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. സുമയ്യയുടെ സാമ്പത്തിക ഇടപാടുകളും ബാധ്യതയും ഭർത്താവ്​ അറിഞ്ഞിരുന്നില്ലെന്ന്​ പൊലീസ്​ പറഞ്ഞു. ഇവർ കീഴ്വായ്പൂർ പൊലീസ് ക്വാർട്ടേഴ്സിലാണ്​ താമസം. കീഴ്വായ്പൂർ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
TAGS:Gold Ornaments Online trading Arrest Theft Case 
News Summary - Woman arrested for stealing gold ornaments and setting fire to neighbor's house
Next Story