യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
text_fieldsആലത്തൂർ: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തോണിപ്പാടം മൂച്ചിതറ കല്ലിങ്ങൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഖയെയാണ് (24) ബുധനാഴ്ച രാത്രി കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ നേഖയുടെ ഭർത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. അസ്വാഭാവിക മരണത്തിന് ആലത്തൂർ പൊലീസ് കേസെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം നേഖയുടെ കണ്ണമ്പ്ര കാരപ്പൊറ്റയിലെ വീട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേഖയുടെ ബന്ധുക്കൾ ആരോപിച്ചു.
കോയമ്പത്തൂരിലെ വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായ പ്രദീപും കണ്ണമ്പ്ര കാരപൊറ്റ കുന്നമ്പുള്ളിയിൽ വിമുക്ത ഭടൻ സുബ്രഹ്മണ്യന്റെ മകളായ നേഖയും വിവാഹിതരായിട്ട് ആറു വർഷമായി. ഇവർക്ക് മൂന്നര വയസ്സുള്ള പെൺകുട്ടിയുണ്ട്.