അമ്മയുടെയും മക്കളുടെയും മരണത്തിനിടയാക്കിയ അപകടം: സ്കൂട്ടറുമായി കാർ 50 മീറ്ററോളം മുന്നോട്ടുനീങ്ങി
text_fieldsമട്ടന്നൂർ (കണ്ണൂർ): അമ്മയുടെയും രണ്ട് മക്കളും അപകടത്തിൽ മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ. ഇന്നലെ കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിനുപോയി വീട്ടിലേക്ക് മടങ്ങവേയാണ് നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡിൽ ലോട്ടസ് ഗാർഡനിൽ നിവേദ രഘുനാഥ് (44), ഋഗ്വേദ് (11), സാത്വിക് (ഒമ്പത്) എന്നിവർ അപകടത്തിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ഓടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലായിരുന്നു അപകടം. കൊട്ടിയൂരിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ചാലോട് ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിപ്പോയ സാത്വികിനെ വാഹനം മറിച്ചിട്ടാണ് പുറത്തെടുത്തത്. ഉടൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂവരെയും രക്ഷിക്കാനായില്ല.
കവിണിശ്ശേരി കുഞ്ഞമ്പുവിന്റെയും കെ. കമലയുടെയും മകളാണ് മരിച്ച നിവേദ. ഖത്തറിൽ ജോലി ചെയ്യുന്ന കെ. രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി ഗംഗാധരൻ. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം നാട്ടിലെത്തിച്ച് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും വീട്ടിലും പൊതുദർശനത്തിനുവെച്ച ശേഷം 2.30ന് പൊറോറ നിദ്രാലയത്തിൽ സംസ്കരിക്കും.


