അമ്മയെ കളിയാക്കിയെന്ന് ആരോപിച്ച് അയൽവാസിയുടെ അമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; അരൂക്കുറ്റിയില്‍ കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യം ഒടുവിൽ ജീവനെടുത്തു
text_fieldsകൊല്ലപ്പെട്ട വനജ, അറസ്റ്റിലായ വിജീഷ്, സഹോദരൻ ജയേഷ്
വടുതല (ആലപ്പുഴ): അയൽവാസികൾ തമ്മിൽ വർഷങ്ങളായുള്ള വാക്പോരും വൈരാഗ്യവും ഒടുവിൽ വീട്ടമ്മയുടെ ജീവനെടുത്തു. സംഭവത്തിൽ അയൽവാസികളായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാംവാർഡ് പുളിന്താഴത്ത് ശരവണന്റെ ഭാര്യ വനജയാണ് (52) മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തിൽ അയൽവാസികളായ പുളിന്താഴെ നികർത്ത് വിജീഷ് (44), സഹോദരൻ ജയേഷ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ വീടുകയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പൂച്ചാക്കൽ പൊലീസ് പറയുന്നത്. വഴക്കിനിടെ വനജയെ ചുറ്റികകൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
പ്രതികളുടെ അമ്മയെ വനജയുടെ മകൻ ശരത് കളിയാക്കിയെന്നാരോപിച്ചായിരുന്നു തർക്കത്തിന്റെ തുടക്കം. ഇത് ചോദ്യംചെയ്യാൻ വനജയുടെ വീട്ടിലെത്തിയ ജയേഷും വിജീഷും വനജയുടെ മകനും ഭർത്താവ് ശരവണനുമായി സംഘർഷത്തിലായി. ഇത് തടയാൻ എത്തിയപ്പോഴാണ് വനജയുടെ തലക്ക് അടിയേറ്റത്. തലയുടെ പിൻഭാഗത്ത് അടിയേറ്റ വനജയെ സമീപവാസികൾ ചേർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചയോടെ മരിച്ചു. ആക്രമണത്തിൽ ശരവണനും ശരത്തിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ജയേഷ് രാവിലെയും വിജീഷ് വൈകീട്ടും പൂച്ചാക്കൽ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി ജയേഷിനെ ഒന്നാംപ്രതിയും വിജീഷിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസെടുത്തത്. മൂന്ന് വീടുകളുടെ വ്യത്യാസത്തിൽ മാത്രം താമസിക്കുന്ന ഇരുകുടുംബങ്ങളും തമ്മിൽ നിരന്തരം പ്രശ്നമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ വിജീഷിന്‍റെ പിതാവ് സോമനെതിരെ ശരവണന്‍റെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വനജയുടെ മക്കൾ: ശരത്ലാൽ, ശാരിമോൾ. ആലപ്പുഴ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.