എടക്കരയിൽ കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു; ആക്രമണത്തിനിരയായത് ആടിനെ മേയ്ക്കാൻ പോയപ്പോൾ
text_fieldsഎടക്കര (മലപ്പുറം): നിലമ്പൂര്‍ വനമേഖലയില്‍ കാട്ടാനയാക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. ഭര്‍ത്താവിനൊപ്പം കരുളായി വനത്തില്‍ കാലികളെ മേയ്ക്കാന്‍ പോയ എടക്കര മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനിയാണ് (52) കൊല്ലപ്പെട്ടത്. രോഷാകുലരായ ജനങ്ങള്‍ മൃതദേഹം നീക്കാന്‍ അനുവദിക്കാതെ പ്രതിഷേധിച്ചു.
ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. താമസസ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ കാലികളെ മേയ്ക്കുന്നതിനിടെ പിറകിലൂടെയെത്തിയ മോഴ ആന സരോജിനിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവും മറ്റു മൂന്നു സ്ത്രീകളും ഓടിയതിനാൽ രക്ഷപ്പെട്ടു. ആന മാറിയശേഷം ആളുകളെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സരോജിനി മരിച്ചിട്ടില്ലെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ആദിവാസികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു.
സ്ഥലത്തെത്തിയ രാഷ്ട്രീയനേതാക്കളുടെ ആവശ്യപ്രകാരം ഡോക്ടറെ എത്തിച്ച് നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. എന്നാല്‍, പൊലീസ് സഹായത്തോടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീണ്ടും വനം ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ പ്രതിഷേധം ശക്തമായി. ജില്ല കലക്ടര്‍ എത്തിയശേഷമേ കൊണ്ടുപോകാന്‍ അനുവദിക്കൂവെന്ന് ആദിവാസികള്‍ ശഠിച്ചതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി.
തുടര്‍ന്ന് വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അപൂര്‍വ തൃപാഠിയെത്തി കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പുനൽകിയതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്. ആംബുലന്‍സില്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച മൃതദേഹം സംസ്കരിക്കും. സരിത, സനു, സവിത എന്നിവരാണ് സരോജിനിയുടെ മക്കള്‍.
10 ദിവസത്തിനിടെ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആദിവാസിയാണ് സരോജിനി. ജനുവരി അഞ്ചിന് കരുളായി വനപാതയില്‍ നെടുങ്കയം പൂച്ചപ്പാറ മണി കൊല്ലപ്പെട്ടിരുന്നു.