അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ
text_fieldsകോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ ബിന്ദുവിന്റെ മൃതദേഹം പുറത്തേക്കെടുത്തപ്പോൾ
കോട്ടയം: തൊട്ടരികിൽ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവർ കുളിക്കാൻ കയറിയത് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ ഒരുജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.
മെഡിക്കൽ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങൾ പ്രധാന കെട്ടിടത്തിൽനിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണിവ. ഇതിൽ 10ാം വാർഡിനോട് ചേർന്നുള്ള ശൗചാലയത്തിൽ കുളിക്കാൻ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്ലറ്റുകൾ ഒന്നടങ്കം ഇടിഞ്ഞുവീണത്.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് പ്രാഥമികാന്വേഷണംപോലും നടത്താതെ പ്രഖ്യാപിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയാണ്, ഒരുസ്ത്രീയെ കാണാനില്ലെന്നും അവശിഷ്ടങ്ങൾക്കിടയിൽ അവർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും തറപ്പിച്ചുപറഞ്ഞത്.
വട്ടംകറങ്ങി രക്ഷാപ്രവർത്തനം
നാലുവശവും കെട്ടിടങ്ങളാൽ ചുറ്റപ്പെട്ടതിനു നടുവിലെ മുറ്റംപോലുള്ള ഭാഗത്തേക്കാണ് കെട്ടിടം ഇടിഞ്ഞുവീണത്. സംഭവം നടന്നയുടൻ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. അങ്ങനെയാണ് പരിക്കേറ്റ 11 വയസ്സുകാരി അലീനയെ രക്ഷപ്പെടുത്തിയത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ കാഷ്വാലിറ്റി ജീവനക്കാരൻ അമൽ പ്രദീപിന് ട്രോളി വന്നിടിച്ച് നിസ്സാര പരിക്കുമേറ്റു.
അഗ്നിരക്ഷാസേനയും മറ്റും രംഗത്തുവന്നെങ്കിലും മണ്ണുമാന്തിയന്ത്രം എത്തിക്കാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരുമണിയോടെയാണ് രക്തബാങ്കും അനസ്തേഷ്യ ക്ലിനിക്കും ഐ.സി.യു ബ്ലോക്കുമൊക്കെ സ്ഥിതിചെയ്യുന്ന വാർഡുകൾക്കിടയിലെ ഇടുങ്ങിയ വരാന്തയിലൂടെ ഏറെ പണിപ്പെട്ട് മൂന്ന് മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ടുവന്നത്.വാർഡുകൾക്കിടയിലെ വരാന്തയിലെ ഗ്രില്ലുകൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി യന്ത്രങ്ങൾക്ക് വഴിയൊരുക്കി.
അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയപ്പോൾതന്നെ മരിച്ച നിലയിൽ ബിന്ദുവിന്റെ ശരീരം കണ്ടെത്തി. അപ്പോഴേക്കും വിലപ്പെട്ട രണ്ടരമണിക്കൂർ കഴിഞ്ഞിരുന്നു. കൂടുതൽ പേർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതുവരെ മൂന്ന് യന്ത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കംചെയ്തു.


