പെരുവന്താനത്തെ കാട്ടാന ആക്രമണം: കടുത്ത പ്രതിഷേധത്തിൽ നാട്ടുകാർ
text_fieldsപെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹത്തിനരുകിലേക്ക് എത്തുന്ന മകൾ അമീന
മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ ടി.ആര്.ആന്റ് ടി തോട്ടത്തിൽ ആനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതോടെ നാട് കടുത്ത പ്രതിഷേധത്തിൽ. പെരുവന്താനം ചെന്നാപ്പാറക്ക് സമീപം കൊമ്പം പാറയില്‍ നെല്ലിവിളപുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയയാണ് (45) തിങ്കളാഴ്ച വീടിനു സമീപത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ തൊട്ടടുത്ത കാനയിലെ ഓലിയില്‍ കുളിക്കാന്‍ പോയതായിരുന്നു സോഫിയയും മകള്‍ ആമിനയും.
വളര്‍ത്തു മൃഗങ്ങള്‍ക്കുളള പുല്ലു ചെത്തിയത് മകളുടെ കൈയ്യില്‍ കൊടുത്തു വീട്ടിലേക്ക് പറഞ്ഞുവിട്ട സോഫിയ കുളികഴിഞ്ഞു പോകാന്‍ തയാറെടുക്കുന്നതിനിടയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. നെഞ്ചില്‍ ചവിട്ടേറ്റ സോഫിയയുടെ കുടല് അടക്കം ആന്തരീകാവയവങ്ങള്‍ പുറത്തു വന്നു. ആന ഇവരെ തുമ്പിക്കൈയിലെടുത്ത് സമീപത്തേക്ക് വലിച്ചെറിയുകയും ചെയ്തു. സോഫിയയുടെ തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. കുളിക്കാന്‍ പോയ മാതാവ് ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നു മകന് ഷേക്ക് മുഹമ്മദ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വയനാട് നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം വനത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
സംഭവത്തെതുടർന്ന് കടുത്ത പ്രതിഷേധം ഉയർത്തിയ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ പൊലീസിനെ അനുവദിച്ചില്ല. മൃതദേഹം കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് ചെന്നാപ്പാറ ടോപ്പില്‍ നാട്ടുകാര്‍ തടഞ്ഞു വെച്ചു. ജില്ല കലക്ടര്‍ സ്ഥലത്തെത്തി നടപടി എടുക്കാതെ മൃതദേഹം വിട്ടുനല്‍കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച പുലര്‍ച്ച ഒരുമണിയോടെ ഇടുക്കി ജില്ല കലക്ടര്‍ വിഗ്നേശ്വരി എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി.
മരിച്ച സോഫിയയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്കുമെന്നു ഉറപ്പു നല്കിയ ശേഷമാണ് സ്ഥലത്തു നിന്നും മൃതദേഹം മാറ്റാന്‍ നാട്ടുകാര്‍ സമ്മതിച്ചത്. തുടര്‍ന്നു പൊലീസ് 35ാം മൈലിലെ സ്വകാര്യാശുപത്രിയില്‍ മൃതദേഹം എത്തിച്ചു. രാവിലെ ഇന്‍ക്വസ്റ്റ് കഴിഞ്ഞ് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വൈകീട്ട് 4.30ഓടെ മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.