സി.പി.എമ്മിലുയരുമോ സ്ത്രീസമത്വ ആവശ്യം?
text_fieldsകൊല്ലം: ‘‘സ്ത്രീപക്ഷ കേരളം’’ ഇടതു സർക്കാറിന്റെയും സി.പി.എമ്മിന്റെയും പ്രധാന മുദ്രാവാക്യങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലടക്കം മുന്നണി ഇത് ചേർത്തിട്ടുമുണ്ട്. എന്നാൽ, പാർട്ടി നേതൃനിരയിലെ സ്ത്രീപ്രാതിനിധ്യം ഇപ്പോഴും നാമമാത്രം. നേതൃനിരയിലെ സ്ത്രീ സമത്വത്തിനായി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയരുമോ എന്നതാണ് ചോദ്യം.
സ്ത്രീ സമത്വത്തിനായി വാദിക്കുന്ന സംഘടനകളിൽ പോലും സ്ത്രീ സമത്വമില്ലെന്നത് ഒട്ടുമിക്ക വനിത സംഘടനകളും ഉയർത്തുന്ന വിമർശനമാണ്. നേതൃനിരയിലെ അപ്രഖ്യാപിത വിലക്കാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
പാർട്ടിയുടെ കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിൽതന്നെ പുരുഷ മേധാവിത്വം ചോദ്യംചെയ്ത് വനിത സഖാക്കൾ രംഗത്തുവന്നിരുന്നു. പാർട്ടിക്കുള്ളിൽ ആൺകോയ്മ മനോഭാവമാണുള്ളതെന്നും, പാർട്ടി കൂടുതൽ സ്ത്രീ സൗഹൃദമാകണമെന്നുമായിരുന്നു പ്രവർത്തന റിപ്പോർട്ടിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സ്ത്രീകൾക്ക് കമ്മിറ്റികളിൽ പ്രാതിനിധ്യം കൂടുന്നുണ്ടെങ്കിലും വനിത സഖാക്കളോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നിട്ടില്ലെന്നും, പാർട്ടിയിൽ സ്ത്രീ സമത്വം വേണമെന്നുമാണ് മന്ത്രി ആർ. ബിന്ദുവും ആർ. രാജേശ്വരിയും അന്ന് തുറന്നടിച്ചത്. വനിത സഖാക്കളിൽ ചിലരിതിനെ പിന്തുണക്കുകയും ചെയ്തിരുന്നു.
ഇത്തരം ചോദ്യങ്ങൾ കൊല്ലം സമ്മേളനത്തിന്റെ വെള്ളിയാഴ്ചത്തെ പൊതു ചർച്ചയിൽ ഉയരുമോ എന്നതും, പുതിയ നേതൃനിരയിൽ വനിതകളുടെ എണ്ണം വർധിക്കുമോ എന്നുമാണ് സ്ത്രീ സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും ഉറ്റുനോക്കുന്നത്. ഇടതു സർക്കാർ മുൻകൈയെടുത്ത് ഒന്നര പതിറ്റാണ്ടുമുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം സ്ത്രീ സംവരണം കൊണ്ടുവന്നതടക്കം ചൂണ്ടിക്കാട്ടിയാണ്, പാർട്ടി നേതൃനിരയിൽ 25 ശതമാനമെങ്കിലും വനിത പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യത്തിന് മുറവിളിയുയരുന്നത്.
നിലവിൽ സി.പി.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മിറ്റിയിൽ 13ഉം (എം.സി. ജോസഫൈൻ മരിച്ചതോടെ 12 പേർ) 17 അംഗ സെക്രട്ടേറിയറ്റിൽ ഒരു വനിതയും (മുൻ മന്ത്രി പി.കെ. ശ്രീമതി) മാത്രമാണുള്ളത്.
പാർട്ടിയുടെ 38,426 പുതിയ ബ്രാഞ്ച് സെക്രട്ടറിമാരിൽ 2597 പേരും 2444 ലോക്കൽ സെക്രട്ടറിമാരിൽ 40 പേരും 210 ഏരിയ സെക്രട്ടറിമാരിൽ മൂന്നുപേരും മാത്രമാണ് വനിതകൾ. 14 ജില്ല സെക്രട്ടറിമാരിൽ ആറു പുതുമുഖങ്ങൾ വന്നെങ്കിലും ഒരാൾപോലും വനിതയായില്ല. അതേസമയം, കോൺഗ്രസിലും ബി.ജെ.പിയിലും ഇതിനോടകം വനിതകൾ ജില്ല അധ്യക്ഷരായിട്ടുമുണ്ട്.
സി.പി.എം നേതൃനിരയിലെ സ്ത്രീ പ്രാതിനിധ്യക്കുറവ് അവസാനം പരസ്യമായി ചൂണ്ടിക്കാട്ടിയത് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ്.
അന്യപുരുഷന്മാരുടെ മുന്നിൽ സ്ത്രീകൾ വ്യായാമം ചെയ്യുന്നതിനെ എതിർത്ത് മെക്ക്7നെതിരെയുള്ള കാന്തപുരത്തിന്റെ പരാമർശത്തിൽ, സ്ത്രീ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരോക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതോടെ സി.പി.എമ്മിന്റെ 14 ജില്ല സെക്രട്ടറിമാരിലൊരാൾ പോലും എന്തുകൊണ്ട് സ്ത്രീയായില്ലെന്ന് കാന്തപുരം പരിഹസിച്ചു. പിന്നാലെ നേതൃനിരയിലെ സ്ത്രീ പ്രാതിനിധ്യത്തിലുള്ള കുറവ് കോഴിക്കോട്, ആലപ്പുഴ, കണ്ണൂർ ജില്ല സമ്മേളനങ്ങളിൽ ചർച്ചയാവുകയും ചെയ്തു.