ഇന്ന് ലോക വൃക്കദിനം; വൃക്കക്ക് ഇനി കൂടുതൽ കരുതൽ
text_fieldsകൊച്ചി: വൃക്കരോഗികൾക്ക് വീട്ടിൽതന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് സംവിധാനം വ്യാപിപ്പിക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. നിലവിലെ 14 കേന്ദ്രങ്ങൾ വഴിയുള്ള പ്രവർത്തനം വിജയകരമാണെന്ന വിലയിരുത്തലിലാണ് ഓരോ ജില്ലയിലും ഒരു സാറ്റലൈറ്റ് കേന്ദ്രം കൂടി തുറക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെരിറ്റോണിയൽ ഡയാലിസിസിന് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 28 ആയി ഉയരും.
നിലവിൽ 700ഓളം രോഗികൾ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. പദ്ധതിക്കായി 9.90 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഡയാലിസിസിന് വിയേധരാകുന്നവരുടെ എണ്ണം ഓരോ വർഷവും വർധിക്കുന്ന സാഹചര്യത്തിലാണ് ചികിത്സാ സംവിധാനങ്ങൾ വിപുലീകരിക്കാൻ പദ്ധതി തയാറാക്കിയത്. ഇതോടൊപ്പം സർക്കാർ ആശുപത്രികളിലെ ഡയാലിസിസ് സൗകര്യവും വർധിപ്പിക്കും. നിലവിൽ ജില്ല, ജനറൽ, താലൂക്ക് ആശുത്രികളിലും സാമൂഹിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി 110 ഡയാലിസിസ് കേന്ദ്രങ്ങളുണ്ട്. 28 താലൂക്ക് ആശുപത്രികളിൽ കൂടി കേന്ദ്രങ്ങൾ തുറക്കാനാണ് പദ്ധതി.
രോഗികൾ കൂടുന്നു
ജീവിതശൈലി രോഗങ്ങൾക്ക് ആനുപാതികമായി സംസ്ഥാനത്ത് ഓരോ വർഷവും വൃക്ക രോഗികളും വൻതോതിൽ വർധിക്കുന്നതായാണ് കണ്ടെത്തൽ. 2020ൽ 43,740 പേരാണ് ഡയാലിസിസിന് വിധേയരായത്. 2021ൽ 91,759 പേരും 2022ൽ 1,30,633 പേരും 2023ൽ 1,93,281പേരും ഡയാലിസിസിന് വിധേയരായി.
പ്രമേഹബാധിതരുടെ എണ്ണം കൂടുന്നതാണ് വൃക്കരോഗികൾ വർധിക്കാൻ കാരണമായി ഡോക്ടർമാർ പറയുന്നത്. മരുന്നുകളുടെ അമിത ഉപയോഗം, ഭക്ഷണരീതി, മദ്യപാനം എന്നിവയും വില്ലൻമാരാകുന്നു.
പെരിറ്റോണിയൽ ഡയാലിസിസ്
രോഗിയുടെ വയറ്റിലെ പെരിറ്റോണിയൽ ക്യാവിറ്റിയിൽ ഡയാലിസിസ് ദ്രാവകം നിറച്ച് രക്തം ശുദ്ധിയാക്കുന്ന പ്രക്രിയയാണ് പെരിറ്റോണിയൽ ഡയാലിസിസ്. ഒരിക്കൽ കത്തീറ്റർ പ്രവേശിപ്പിച്ച് കഴിഞ്ഞാൽ രോഗികൾക്ക് വീട്ടിൽവെച്ച് സ്വയം ഇത് ചെയ്യാം.
ഉപകരണങ്ങളോ യന്ത്രസാമഗ്രികളോ ആവശ്യമില്ല. അണുവിമുക്തമായ ഒരു മുറി മതിയാകും. കത്തീറ്ററുകളും ഡയാലിസിസ് ഫ്ലൂയിഡും അനുബന്ധ സാമഗ്രികളും ആരോഗ്യ വകുപ്പ് സൗജന്യമായി ലഭ്യമാക്കും.