മാറ്റങ്ങളുടെ കൊടുങ്കാറ്റിനിടയിലും കാലിടറാതെ തപാൽ പെട്ടികൾ
text_fieldsപരപ്പനങ്ങാടി പോസ്റ്റ് ഓഫിസ് കെട്ടിട ഉടമ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി തപാൽ ഉരുപ്പടികൾ പോസ്റ്റ് ചെയ്യുന്നു
പരപ്പനങ്ങാടി: നോവും കണ്ണീരും കവിതകൾ നിറഞ്ഞ കടൽ കടന്നുപോകുന്ന കത്തുകൾ വഴിയടഞ്ഞെങ്കിലും മാറ്റങ്ങളുടെ കുത്തൊഴുക്കിലും പോസ്റ്റൽ വകുപ്പും കത്തുപെട്ടികളും നാട്ടിൽ കാലിടറാതെ നിലകൊള്ളുന്നത് കാലത്തിന് മേൽ കൗതുക കാഴ്ചയാവുന്നു.
വാർത്താ വിനിമയങ്ങൾക്ക് ചരിത്രാതീത കാലം മുതൽ കാലോചിതമായ പല സംവിധനങ്ങളും ഉപയോഗപെടുത്തുകയും പക്ഷികളും മൃഗങ്ങളും വാർത്താവിനിമയ സന്ദേശവാഹകരായി നിലകൊള്ളുകയും ചെയ്ത കാലം തപാൽ സംവിധാനത്തോടെയാണ് ആധുനികതയിലേക്ക് വഴി മാറിയത്. പ്രവാസികൾ ഒരു കാലത്ത് തങ്ങളുടെ ജീവിതശ്വാസമായി ചേർത്തു പിടിച്ചിരുന്ന കത്തുപെട്ടികളുടെ വൈകാരിക അടുപ്പത്തെ കുറിച്ച് നൂറുകണക്കിന് പാട്ടുകളിറങ്ങിയിട്ടുണ്ട്. ടെലിഫോണും ടെലിഗ്രാമും ഫാക്സും മൊബൈലും ഇൻറർനെറ്റും വാട്സപ്പും ജീവിതത്തിലേക്ക് കടന്നു വന്നതോടെയാണ് തപാൽ വഴിയുളള കത്തുകൾക്ക് വേണ്ടി കാത്തു കഴിഞ്ഞുള്ള കാലത്തിന് അവസാനമായത്.
കത്തുപെട്ടിയുടെ നമ്പർ, തിരിച്ചറിയൽ മേൽവിലാസത്തിന്‍റെ അടയാളമായി നിന്നിരുന്ന കാലമുണ്ടായിരുന്നു. തപാൽ കത്തുകൾക്ക് മാറ്റങ്ങളുടെ വേഗതയിൽ വഴിയടഞ്ഞെങ്കിലും തപാൽ ഉരുപ്പടികൾ ഇപ്പോഴും തപാൽ വകുപ്പിലൂടെയാണ് അധികവും കടന്നു വരുന്നത്. മലപ്പുറം ജില്ലയിൽ മഞ്ചേരി, തിരൂർ രണ്ട് സെഷനുകളിലായാണ് പോസ്റ്റൽ വകുപ്പ് പ്രവർത്തിക്കുന്നത്. പരപ്പനങ്ങാടി പോസ്റ്റ് ഓഫിസിന് കീഴിൽ നേരത്തെ നൂറോളം തപാൽ ഔട്ട് ലെറ്റുകൾ ഉണ്ടായിരുന്നത് ഇപ്പോഴത് നേർപകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതെ കണക്കിന് സമാനമാണ് സംസ്ഥാനത്തുടനീളമുള്ള പോസ്റ്റൽ പെട്ടികളുടെ എണ്ണത്തിന്‍റെ പിന്മാറ്റം.
കത്തുകൾക്കുള്ള കാത്തിരിപ്പിന് ഇതിനകം കാലം ഫുൾസ്റ്റോപ്പിട്ടെങ്കിലും അപ്പോയ്ൻറ്മെൻറ് ഓർഡറുകൾ, സുപ്രധാന ഉത്തരവുകൾ, സർക്കുലറുകൾ, മാസികൾ, വാരികകൾ തുടങ്ങി ഇന്നും ജനങ്ങൾ തപാൽ വകുപ്പിനെയും പോസ്റ്റ്മാനെയും കാത്തിരിക്കുന്നുണ്ട്. ഇന്‍റർനെറ്റ് സംവിധാനങ്ങളും ഐ.ടി- അക്ഷയ കേന്ദ്രങ്ങളും മൊബൈൽ ആപ്പുകളും ശരവേഗതയിൽ ആവശ്യ പൂർത്തീകരണത്തിനൊപ്പമുണ്ടെങ്കിലും കത്തുപെട്ടിയോട് പൂർണമായും പിണങ്ങാൻ കാലത്തിന് സമയമായിട്ടില്ല.
എസ്.എം. ജമിലിനെ പോലുളള പ്രഗൽഭരായ കലാകാരന്മാർ കത്തുപാട്ട് എന്ന ഒരു ഗാനശാഖക്ക് തന്നെ മാപ്പിളപ്പാട്ടിൽ ഇടം നൽകിയിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി തന്‍റെ കെട്ടിടത്തിൽ 20 വർഷമായി പ്രവർത്തിക്കുന്ന പരപ്പനങ്ങാടിയിലെ പോസ്റ്റ് ഓഫിസിലെ തപാൽ പെട്ടിയിലൂടെ കൈമാറുന്ന ആശയ വിനിമിയ ശീലം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.


