ആഭ്യന്തരവകുപ്പിനെ വിമർശിച്ച് യോഗേഷിന്റെ കത്ത്
text_fieldsഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത
തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ വിജിലൻസ് ക്ലിയറൻസ് അനുവദിക്കാത്തതിലും തന്നെസംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് വിവരാവകാശനിയമപ്രകാരം ലഭ്യമാക്കാത്തതിലും ആഭ്യന്തരവകുപ്പിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയുടെ കത്ത്. പൊലീസ് സംവിധാനത്തിന്റെയും ആസ്ഥാനത്തിന്റെയും പ്രവർത്തനം താഴേക്ക് പോവുകയാണെന്നും തന്നോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി അർഹമായ കേന്ദ്ര സർവിസ് പോലും തടഞ്ഞുവെക്കുകയാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിനാണ് കത്തയച്ചത്.
സി.ബി.ഐ, ഇ.ഡി തുടങ്ങിയവയുടെ തലപ്പത്തെത്താൻ സാധ്യതയുള്ള ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയോട് സംസ്ഥാന സർക്കാർ അനിഷ്ടം കാണിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർദേശവും സർക്കാറിനോട് ആലോചിക്കാതെ പൊതുമേഖല സ്ഥാപനങ്ങളിലെ ചില ഫയലുകൾ ഹൈകോടതി നിർദേശത്തെ തുടർന്ന് സി.ബി.ഐക്ക് കൈമാറിയതുമാണ് അനിഷ്ടത്തിന് കാരണം. ഇതോടെ അദ്ദേഹത്തെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് അഗ്നിരക്ഷ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പട്ടികയിൽ ഉൾപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
സർക്കാർ അവഗണനയെ തുടർന്ന് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങാൻ യോഗേഷ് ഗുപ്ത താൽപര്യം അറിയിച്ചെങ്കിലും ഇതിനുള്ള വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ആഭ്യന്തരവകുപ്പ് തയാറായില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിയുടെ പോർട്ടലിലും അപേക്ഷ നൽകിയിരുന്നു. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും 10 തവണ ഇ-മെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. തന്റെ നിയമനവുമായി ബന്ധപ്പെട്ട് വിജിലൻസ് വിഭാഗം മുൻ പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം യോഗേഷ് ഗുപ്ത ആവശ്യപ്പെട്ടു.
വിജിലൻസ് റിപ്പോർട്ട് രഹസ്യ ബ്രാഞ്ചിൽ ഉൾപ്പെടുന്ന കാര്യമായതിനാൽ റിപ്പോർട്ട് നൽകാൻ കഴിയില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫിസർ മറുപടി നൽകി. ഇതോടെയാണ് നീരസം പ്രകടമാക്കി യോഗേഷ് ഗുപ്ത സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്.