Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എസ്.ഡി.പി.ഐ എന്ന്...

‘എസ്.ഡി.പി.ഐ എന്ന് ഉച്ചത്തിൽ നാവനക്കരുതെന്നേയുള്ളൂ.. വോട്ടുവാങ്ങാം, ഞങ്ങൾക്ക് തന്നാൽ വോട്ടൊക്കെ വിശുദ്ധമാവും’; വിമർശനവുമായി ഡോ. ആസാദ്

text_fields
bookmark_border
‘എസ്.ഡി.പി.ഐ എന്ന് ഉച്ചത്തിൽ നാവനക്കരുതെന്നേയുള്ളൂ.. വോട്ടുവാങ്ങാം, ഞങ്ങൾക്ക് തന്നാൽ വോട്ടൊക്കെ വിശുദ്ധമാവും’; വിമർശനവുമായി ഡോ. ആസാദ്
cancel

കോഴിക്കോട്: ‘എസ്.ഡി.പി.ഐ എന്ന് ഉച്ചത്തിൽ നാവനക്കരുതെന്നേയുള്ളൂ, അവരുടെ വോട്ടുവാങ്ങാം’ എന്നതാണ് ഇപ്പോഴത്തെ സി.പി.എം നിലപാടെന്ന് ഇടതു ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദ്. ജമാഅത്തെ ഇസ്‍ലാമിയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആർ.എസ്.എസോ ആയ ആളുകളൊന്നും പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാൻ പാടില്ല. അതേസമയം, അവരെല്ലാം എൽ.ഡി.എഫിന് വോട്ട് ചെയ്യുമ്പോൾ അത് വിശുദ്ധമാവുന്നുവെന്നും ഡോ. ആസാദ് പരിഹസിച്ചു.

‘എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫിനാണെന്ന് പറഞ്ഞതുപോലെയുള്ള ഒരു പിന്തുണക്കാര്യമേ വെൽഫയർ പാർട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങൾ സഹിക്കില്ല. ജമാഅത്തെ ഇസ്‍ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആർ.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവൻ കെട്ടഴിച്ചുവിടും. അവർ തന്ന സാമുദായിക സംഘർഷത്തിന്റെ വിത്തുകൾ പാകും. ആർ.എസ്.എസ് ചട്ടുകമായ നടേശൻ സാറിന്റെ മുസ്‍ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ് പാടി അതങ്ങ് ഉറപ്പിക്കുമെന്നും ഡോ. ആസാദ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

ഡോ. ആസാദിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ആർ.എസ്.എസ് - ബി.ജെ.പി ഇംഗിതങ്ങൾക്കൊത്ത് സംസ്ഥാനം ഭരിച്ച കേരളത്തിലെ എൽ.ഡി.എഫ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിലും പിൻവാതിലിലൂടെ മുന്നണിക്കു പുറത്തുള്ള എസ്.ഡി.പി.ഐ - പി.ഡി.പി വോട്ടും ഉറപ്പു വരുത്തിക്കഴിഞ്ഞു. കോടിക്കണക്കിനു രൂപ മുടക്കി പാതകളിലും തെരുവുകളിലും പരസ്യബോർഡുകൾ വെച്ചു. മാധ്യമങ്ങളെ വരുതിയിലാക്കി. സോഷ്യൽ മീഡിയയിൽ കുലംകുത്തിച്ചാടി. അപ്പോൾ ഇനി ജയിക്കാൻ എന്തു വേണം?

എസ്.ഡി.പി.ഐ പിന്തുണ എൽ.ഡി.എഫിനാണെന്ന് അവർ പറഞ്ഞല്ലോ. അങ്ങനെ ഒരു പിന്തുണക്കാര്യമേ വെൽഫയർ പാർട്ടി നേരത്തേ പറഞ്ഞുള്ളു. അതുപക്ഷേ, യു.ഡി.എഫിനായിരുന്നു പിന്തുണ. അത് ഞങ്ങൾ സഹിക്കില്ല. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ നയിക്കുന്നു എന്ന് ഞങ്ങളങ്ങു പറയും. അവരുമായി സഖ്യത്തിലാണെന്ന് പറയും. ആർ.എസ്.എസ് പഠിപ്പിച്ച ന്യൂനപക്ഷ വിരുദ്ധത മുഴുവൻ കെട്ടഴിച്ചുവിടും. അവർ തന്ന സാമുദായിക സംഘർഷത്തിന്റെ വിത്തുകൾ പാകും. ആർ.എസ്.എസ് ചട്ടുകമായ നടേശൻ സാറിന്റെ മുസ്‍ലിം വിരുദ്ധ വായ്ത്താരിക്ക് താളമിടും. അടിമ നാവുകളെല്ലാം കോറസ്സ് പാടി അതങ്ങ് ഉറപ്പിക്കും. ഞങ്ങൾ ജമാഅത്തെ ആപ്പീസിൽ പോയി വണങ്ങി വാങ്ങിയ എം.പി സ്ഥാനങ്ങൾ നിലനിൽക്കെ ജമാ അത്തെയെ തള്ളിപ്പറയാനും യു.ഡി.എഫിനെ കുരുക്കാനുമുള്ള ഞങ്ങളുടെ കഴിവല്ലേ ഹീറോയിസം? അതല്ലേ പുരോഗമന രാഷ്ട്രീയം?

ആരുടെ വോട്ടും വേണ്ടെന്നു പറയില്ല ഇ.പി ജയരാജനും എ. വിജയരാഘവനും വി. ശിവൻകുട്ടിയും. എസ്.ഡി.പി.ഐ എന്ന് ഉച്ചത്തിൽ നാവനക്കരുതെന്നേയുള്ളു. വോട്ടുവാങ്ങാം. എന്നാൽ, ജമാഅത്തെ വോട്ട് ഇപ്പോൾ പാപമാണ്. തരാത്ത വോട്ട് ഞങ്ങൾക്കു വേണ്ട. തന്നപ്പോൾ വാങ്ങിയത് അന്നവർ പുരോഗമനത്തിന്റെ മുഴുത്തങ്കമായിരുന്നതുകൊണ്ടല്ലേ?

ഭരണത്തിനെതിരെ വോട്ടു ചെയ്യാൻ വരുന്നവർ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവരെ തോൽപ്പിക്കാൻ കൂടുതൽ പറ്റുന്നവർക്ക് വോട്ടു ചെയ്യും. പക്ഷേ, അക്കൂട്ടത്തിൽ ജമാ അത്തെയോ പി.ഡി.പിയോ എസ്.ഡി.പി.ഐയോ ആർ.എസ്.എസോ ജമാഅത്തെയോ ആയവരോ ആയിരുന്നവരോ ആയ ആളുകൾ പ്രതിപക്ഷ മുന്നണിക്ക് വോട്ടു ചെയ്യാൻ പാടില്ല. അത് തെറ്റാണ്. കുറ്റമാണ്. ഞങ്ങൾക്ക് തരൂ ആ വോട്ടൊക്കെ. അപ്പോൾ അത് വിശുദ്ധമാവുന്നു! ഞങ്ങൾക്ക് എന്തും പാകമാണ്. എന്തും ഭൂഷണമാണ്.

ഐ.എൻ.എല്ലിനെ ദീർഘകാലം പിറകിൽ നടത്തിയത് അത് സാമുദായിക പാർട്ടിയോ വർഗീയ പാർട്ടിയോ ആണെന്ന് പറഞ്ഞാണ്. 'പള്ളിയെയും പട്ടക്കാരെയും' തള്ളിപ്പറയാത്തതുകൊണ്ടാണ് കേരള കോൺഗ്രസ് മാണിഗ്രൂപ്പിനെ പുറത്തു നിർത്തിപ്പോന്നത്. അഴിമതിക്കേസിൽ ജയിലിൽപോയ ഏക നേതാവിന്റെ പാർട്ടിയായതുകൊണ്ടാണ് കൈകോബിയെ മുന്നണിയിൽ അടുപ്പിക്കാതിരുന്നത്. ഇപ്പോൾ എല്ലാവരോടും പൊറുത്തു. കാരണം അവരെല്ലാം പുതിയ രക്ഷകന്റെ കാൽക്കൽവീണ് ക്ഷമയിരന്നു! കാരുണ്യവാനായ ക്യാപ്റ്റൻ പ്രസാദിച്ചു. ഇക്കൂട്ടരൊക്കെ യു.ഡി.എഫിനു പിറകിലോ ഒപ്പമോ നടന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? തെരുവുകളിൽ ഓരി നിൽക്കുമായിരുന്നോ?

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് പദവി നൽകാൻ യു.ഡി.എഫിന് കഴിയുമായിരുന്നോ? കോഴ അഴിമതി ആരോപണത്തിൽ കുരുങ്ങിയ മാണിസാറിന് മോക്ഷം ലഭിക്കുമായിരുന്നോ? അഞ്ചുകോടി രൂപ പൊതുഖജനാവിൽനിന്ന് സ്മാരകത്തിന് ലഭിക്കുമായിരുന്നോ? ഒന്നായ ഐ.എൻ.എൽ രണ്ടായി ഇരട്ടിച്ചു കിട്ടുമായിരുന്നോ? ഗണേശകുമാരൻ അയ്യായിരപ്രഭുവായി ഞെളിഞ്ഞു നടക്കുമായിരുന്നോ? അതിനാൽ വത്സലഹൃദയനും കാരുണ്യവാനുമായ കാരണഭൂതന്റെ സിദ്ധിവിശേഷങ്ങളെ വാഴ്ത്തുവിൻ! മൂന്നാമത്തെ കാലടിയും വെക്കാൻ ശിരസ്സു താഴ്ത്തിക്കൊടുക്കുവിൻ!


Show Full Article
TAGS:SDPI Kerala Assembly Election 2026 cpm-sdpi CPM Azad Malayattil 
News Summary - You just shouldn't say 'SDPI' out loud.. votes can be taken - Dr. Azad criticizes CPM
Next Story