ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
text_fieldsഅപകടത്തിൽ മരിച്ച കിഷോർ
അങ്കമാലി: കെ.ടി.എം ബജാജ് ഷോറൂം ജീവനക്കാരായ യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു. ഒപ്പം സഞ്ചരിച്ചയാൾക്ക് സാരമായ പരിക്കേറ്റു. അങ്കമാലി എളവൂർകവലയിലെ കെ.ടി.എം ബജാജ് ഷോറൂമിലെ ട്രെയിനിയായ കാലടി കാഞ്ഞൂർ കാവലങ്ങാട്ടുതറ വീട്ടിൽ സുനിൽ കുമാറിന്‍റെ മകൻ കിഷോറാണ് (20) മരിച്ചത്. മേജർ ടെക്നീഷ്യനായ ഇടുക്കി സ്വദേശി അരുണിനാണ് (28) പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ 10.15 ഓടെ എളവൂർ-പുളിയനം റോഡിൽ റെയിൽവേ ഓവർബ്രിഡ്ജിന് താഴെയായിരുന്നു സമീപം. പുളിയനം ഭാഗത്ത് നിന്ന് ഇരുവരും ബൈക്കിൽ വരുമ്പോൾ എതിർ ദിശയിൽ നിന്ന് വരുകയായിരുന്ന ലോറിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് തലക്ക് സാരമായി പരുക്കേറ്റ് അവശനിലയിലായ കിഷോറിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരമാസകലം പരിക്കേറ്റ അരുണിനെ കറുകുറ്റിയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഷോർ അടുത്തിടെ ട്രെയിനിയായാണ് ഷോറൂമിലെത്തിയത്. മാതാവ്: അമ്പലത്തറ കുടുംബാംഗം സിന്ധു. സഹോദരങ്ങൾ: കിരൺ, കിച്ചുമോൻ, അഖിൽ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ചൊവ്വര തെറ്റാലി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.