പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു
text_fieldsകൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയില്‍ മനീക് പൗലോസിന്റെയും ടീനയുടെയും മകന്‍ മാനവ് (17) ആണ് മരിച്ചത്.
അണ്ടര്‍ 19 എറണാകുളം ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന മാനവ് പറവൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയാണ്. അണ്ടര്‍-19 നാഷണല്‍ സ്‌കൂള്‍ ക്രിക്കറ്റിലേക്കുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബുധനാഴ്ച വൈകീട്ട് നാലുമണിക്കുശേഷമായിരുന്നു അപകടം. എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു.
മാനവ് മുങ്ങിപ്പോകുന്നത് കണ്ട് സുഹൃത്തുക്കളിലൊരാള്‍ പിടിച്ചെങ്കിലും രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഒരാളെ രക്ഷിച്ചെങ്കിലും മാനവ് ആഴത്തിലേക്ക് പോവുകയായിരുന്നു. പറവൂരില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്‍: നദാല്‍.