കാട്ടുപന്നി മാംസം വാങ്ങി കഴിച്ച കേസിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി ജീവനൊടുക്കി
text_fieldsമിഥുൻ
എരുമപ്പെട്ടി (തൃശൂർ): കാട്ടുപന്നിയുടെ മാംസം വാങ്ങി കറിവെച്ച് കഴിച്ച കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ പരേതനായ പത്രോസിന്റെ മകൻ മിഥുനാണ് (31) മരിച്ചത്. വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസെടുത്ത് പീഡിപ്പിച്ചതിൽ മനംനൊന്താണ് മിഥുൻ ആത്മഹത്യ ചെയ്‌തതെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് മൃതദേഹം തടഞ്ഞുവെച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് മിഥുൻ ഉൾപ്പെടെ കാഞ്ഞിരക്കോട് സ്വദേശികളായ മൂന്നുപേരെ വടക്കാഞ്ചേരി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കോട് മാങ്കാത്ത് വീട്ടിൽ ശിവൻ എന്നയാളെ (54) പിടികൂടി ചോദ്യംചെയ്തപ്പോഴാണ് ദേശമംഗലം സ്വദേശി മുഹമ്മദ് മുസ്തഫ ഷോക്കേൽപിച്ച് പിടികൂടി തനിക്ക് കൈമാറിയതാണ് കാട്ടുപന്നി ഇറച്ചിയെന്നും താനിത് മിഥുനും കാഞ്ഞിരക്കോട് മനവളപ്പിൽ മുരളീധരനും (65) വിറ്റതെന്നും മൊഴി നൽകിയത്. ആറു മാസം മുമ്പാണ് മിഥുനും മുരളീധരനും ശിവനിൽനിന്ന് പന്നിയിറച്ചി വാങ്ങുന്നത്.
കസ്റ്റഡിയിൽവെച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ മിഥുനെ മർദിച്ചുവെന്നും ജാമ്യത്തിലിറങ്ങിയ മിഥുൻ കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു. മിഥുനും മുരളീധരനും കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ തിരികെ വാങ്ങാൻ വ്യാഴാഴ്ച രാവിലെ മിഥുൻ പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷനിൽ എത്തി. എന്നാൽ, വൈകുന്നേരം വരെ സ്റ്റേഷനിൽ തടഞ്ഞുവെച്ച് ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ മിഥുനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹം തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. തലപ്പിള്ളി തഹസിൽദാർ പി.പി. ഷീന കലക്ടറെ വിവരമറിയിച്ചു. തുടർന്ന് സബ് കലക്ടറെത്തി നടത്തിയ ചർച്ചയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിട്ടുനൽകാൻ ബന്ധുക്കൾ തയാറായത്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താമെന്നും മിഥുന്റെ ഭാര്യക്ക് ജോലി നൽകുന്ന കാര്യം സർക്കാറിലേക്ക് ശിപാർശ ചെയ്യാമെന്നും സബ് കലക്ടർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. സബ് കലക്ടർ മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വടക്കാഞ്ചേരി പൊലീസ്, ഫോറൻസിക്-വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനുശേഷം നടക്കും. കാഞ്ഞിരക്കോട് സെൻററിൽ ഓട്ടോഡ്രൈവറായിരുന്ന മിഥുൻ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. മാതാവ്: ഷീന. ഭാര്യ: ശിശിര. മക്കൾ: ദേവൻഷ്, ദേവിക്. സഹോദരി: നീതു.