‘ചൂരല്‍മലയില്, തോരാമഴയില്...’; നോവോർമയെ മാപ്പിളപ്പാട്ടിലൂടെ വരച്ചിട്ട് റാഫി പൂക്കോട്ടൂരും അസ്‍ലം കക്കാട്ടിരിയും
text_fieldsറാഫി പൂക്കോട്ടൂർ, ചൂരല്‍മലയില്, തോരാമഴയില്... പോസ്റ്റർ, അസ്‍ലം കക്കാട്ടിരി
പാലക്കാട്: ചൂരൽമലയെ പ്രകൃതി വിഴുങ്ങിയിട്ട് ജൂലൈ 30ന് ഒരു വർഷം പിന്നിടുമ്പോൾ ആ നോവോർമയെ മാപ്പിളപ്പാട്ടിലൂടെ വരച്ചിടുകയാണ് പാട്ടെഴുത്തുകാരൻ റാഫി പൂക്കോട്ടൂരും ഗായകൻ അസ്‍ലം കക്കാട്ടിരിയും.
‘ചൂരല്‍മലയില്, തോരാമഴയില്...’ എന്ന ഗാനം സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചാണ് ഇവർ ശ്രദ്ധേയമാകുന്നത്. റാഫി പൂക്കോട്ടൂര്‍ രചനയും സംഗീതവും നിര്‍വഹിച്ച് ഗായകന്‍ അസ്‍ലം കക്കാട്ടിരി ആലപിച്ച ഈ മനോഹര ഗാനം റാഫി പൂക്കോട്ടൂരിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്കൂൾ ഉർദു അധ്യാപകനാണ് മാപ്പിളപ്പാട്ട് പരിശീലകനായ മുഹമ്മദ് അസ്‌ലം കക്കാട്ടിരി.
മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ദഫ്‌മുട്ട്, അറബനമുട്ട്, ഒപ്പന എന്നിവയിൽ മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽനിന്ന് പരിശീലനം നേടുകയും നിരവധി മാപ്പിള ശിൽപശാലകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് മാപ്പിളകല ട്രെയിനേഴ്‌സ് രക്ഷാധികാരിയുമാണ്.
എട്ടു വർഷത്തോളമായി മാപ്പിളപ്പാട്ട് രംഗത്ത് പ്രവർത്തിക്കുന്ന റാഫി പൂക്കോട്ടൂർ ഗായകനായിരുന്നു. പിന്നീടാണ് ഗാനരചനരംഗത്തേക്ക് വരുന്നത്. പ്രവാചക പ്രകീർത്തനങ്ങളാണ് ആദ്യ കാലത്ത് എഴുതിയിരുന്നത്.
ഏകദേശം 16 ലക്ഷം പേർ യൂട്യൂബില്‍ കണ്ട ‘മരണത്തെ നേരില്‍ കാണും’ എന്ന ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചത് റാഫി പൂക്കോട്ടൂരാണ്. മീഡിയവൺ പതിനാലാം രാവ് റിയാലിറ്റിഷോയില്‍ ഗ്രാൻഡ് ഫിനാലെയില്‍ റാഫിയുടെ രചനയിലുള്ള പാട്ട് അഫ്രഖ് ചേളാരി പാടിയിരുന്നു . ‘കേരളമണ്ണില്‍ ഖേദം നിറഞ്ഞ കാഴ്ചകളാ...’ എന്ന ഗാനം സമകാലിക വിഷയം ഉൾക്കൊള്ളിച്ച വരികളായിരുന്നു.


