എം.ഡി.എം.എ വിൽക്കാനെത്തിയ യുവതികളും വാങ്ങാൻ വന്ന യുവാക്കളും പിടിയിൽ
text_fieldsചാലക്കുടി: ചാലക്കുടിയിൽ മാരക രാസലഹരിയായ എം.ഡി.എം.എ വിൽപനക്കെത്തിച്ച രണ്ടു യുവതികളും വാങ്ങാനെത്തിയ മൂന്നു യുവാക്കളും പിടിയിൽ. 57 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടിച്ചെടുത്തു.
വിൽപനക്കാരായ കോട്ടയം വൈക്കം നടുവിൽ ഓതളത്തറ വിദ്യ (33), വൈക്കം അഞ്ചുപറ ശാലിനി (31) എന്നിവരും വാങ്ങാനെത്തിയ കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻകാട്ടിൽ ഷിനാജ് (33), ആനക്കൂട്ട് അജ്മൽ (35), കടവിൽ അജ്മൽ (25) എന്നിവരുമാണ് അറസ്റ്റിലായത്.
ചാലക്കുടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ മയക്കുമരുന്ന് കൊണ്ടുവരുന്നതായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് രഹസ്യവിവരം ലഭിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ലഹരിവിരുദ്ധ സേനയിലെ അംഗങ്ങൾ ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളിയാഴ്ച ഉച്ചക്കുശേഷം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
യുവതികൾ ചളിങ്ങാട് സ്വദേശികൾക്ക് കൈമാറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഷിനാജ് ബംഗളൂരുവിൽ മയക്കുമരുന്ന് കടത്തിയതിലും മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസിലും പ്രതിയാണ്.


