Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​​ട്രെയിനിൽ...

​​ട്രെയിനിൽ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി ആറ് പവൻ കവർന്നു; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
​​ട്രെയിനിൽ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്പതികളെ മയക്കി ആറ് പവൻ കവർന്നു; യുവാവ് അറസ്റ്റിൽ
cancel
camera_alt

ബാദുഷ

വളാഞ്ചേരി: ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ദമ്പതികളുടെ വീട്ടിലെത്തി ജ്യൂസിൽ മയക്കുഗുളിക ചേർത്ത് നൽകി ആറ് പവൻ സ്വർണാഭരണം കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കൽ ബാദുഷയെ (34)യാണ് വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം പെട്രോൾ പമ്പിനു സമീപത്തെ കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതിയെയുമാണ് (68) മയക്കിക്കിടത്തി മാലയും വളയുമുൾപ്പെടെ ആറു പവനുമായി കടന്നത്.

ഫെബ്രുവരി 11നായിരുന്നു സംഭവം. കാലുവേദനയെ തുടർന്ന് കൊട്ടാരക്കരയിൽ ആയുർവേദ ഡോക്ടറെ കാണിച്ച് തിരികെ വരികയായിരുന്നു ദമ്പതികൾ. ഇവരുമായി ട്രെയിനിൽവെച്ച് സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തിയാണ് സ്വർണാഭരണം കവർന്നത്.

നാവികസേനയിൽ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞാണ് ഇയാൾ പരിചയപ്പെട്ടത്. നാവികസേന ആശുപത്രിയിൽ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയക്ക് സൗകര്യമുണ്ടെന്നും അതിനായി പരിശ്രമിക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേന്ന് ഫോണിൽ ബന്ധപ്പെട്ട് ശസ്ത്രക്രിയയുടെ കാര്യങ്ങൾ ശരിയാക്കിയിട്ടുണ്ടെന്നും രേഖകൾ വീട്ടിൽ വന്ന് വാങ്ങാമെന്നും അറിയിച്ചു.

വീട്ടിലെത്തിയ യുവാവ് കൊണ്ടുവന്ന പഴങ്ങൾ ഉപയോഗിച്ച് ജ്യൂസ് തയാറാക്കി ഇരുവര്‍ക്കും നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസുമായി ബന്ധപ്പെട്ടതാകാമെന്ന് പറഞ്ഞ് ഗുളിക നല്‍കി. ഇരുവരും ബോധരഹിതരായതോടെ ആഭരണങ്ങളുമായി സ്ഥലം വിട്ടു.

തിരൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ സ്പെഷൽ ടീമും, വളാഞ്ചേരി എസ്.എച്ച്.ഒ ബഷീർ. സി. ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തിയത്.

എറണാകുളം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കുറ്റിപ്പുറം, തൃശൂർ, തിരുവനന്തപുരം, ഇടുക്കി, കോഴിക്കോട്, കോട്ടയം ജില്ലകളിൽ സമാന കേസുകളുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കി. എസ്.ഐ ജോബ്, എസ്.സി.പി.ഒ ശൈലേഷ്, സി.പി.ഒ ആർ.പി. മനു, ഷിജിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:arrest theft gold theft 
News Summary - youth arrested for gold theft
Next Story