‘അമ്മക്ക് ഇതുപോലൊന്ന് വാങ്ങണം...’; പരിശോധിക്കാനെന്ന് പറഞ്ഞ് ഊരിവാങ്ങിയ 80കാരന്‍റെ രണ്ടര പവന്‍റെ മാലയുമായി കടന്ന പ്രതി പിടിയിൽ
text_fieldsഏറ്റുമാനൂർ: മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവന്‍റെ മാല കവർന്ന് രക്ഷപ്പെട്ട 21കാരൻ പിടിയിലായി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം ജീവൻ വില്ലയിൽ ജിൻസ് തോമസ് (21) ആണ് പിടിയിലായത്.
ഇന്നലെ ഉച്ചക്ക് 1.30ന് അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കരയിൽ അതിരമ്പുഴ കുരിശുപളളിക്ക് സമീപമുളള മലഞ്ചരക്ക് കടയിലാണ് കവർച്ച നടന്നത്. 80കാരനായ കടയുടമയുടെ കൈവശം സൂക്ഷിച്ചിരുന്ന ഏകദേശം രണ്ടര പവൻ തൂക്കംവരുന്ന സ്വർണ മാല കബളിപ്പിച്ച് കൈക്കലാക്കി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു.
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയാണ് യുവാവ് മലഞ്ചരക്ക് കടയിലെത്തിയത്. വയോധികനുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ചശേഷം കഴുത്തിൽ കിടന്ന മാല കണ്ട് ‘ഇതുപോലെ ഒരെണ്ണം അമ്മക്ക് വാങ്ങണം’ എന്ന് പറഞ്ഞ് പരിശോധിക്കാനായി ഊരി വാങ്ങി. ഇതിനിടെ കടയുടമ സാധനം എടുക്കാൻ തിരിഞ്ഞ സമയം ജിൻസ് തോമസ് മാലയുമായി സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു.
കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പൊലീസ് 24 മണിക്കൂറിനകം യുവാവിനെ പിടികൂടി. ഹരിപ്പാട് നിന്നാണ് പ്രതി അറസ്റ്റിലായത്. സബ് ഇൻസ്പെക്ടർ അഖിൽ ദേവ്, എസ്. സി.പി.ഒ ജോമി, സി.പി.ഒമാരായ സാബു, അനീഷ് വി.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്വർണവില ഉയരുന്നു
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ചാഞ്ചാടിനിന്ന സ്വർണവിലയിൽ വീണ്ടും വർധന. ശനിയാഴ്ച ഗ്രാമിന് 115 രൂപ വർധിച്ച് 11,515 രൂപയും പവന് 920 രൂപ വർധിച്ച് 92,120 രൂപയുമായി. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ താഴ്ന്ന വില വെള്ളിയാഴ്ച രാവിലെ ഗ്രാമിന് 35 രൂപ വർധിച്ച് 11,500 രൂപയും പവന് 280 രൂപ വർധിച്ച് 92,000 രൂപയും ആയിരുന്നു. എന്നാൽ, ഉച്ചകഴിഞ്ഞ് യഥാക്രമം 100 രൂപയും 800 രൂപയും കുറഞ്ഞു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച വില ഉയർന്നത്.
ഈ മാസം 17ന് വില ഗ്രാമിന് 12,170 രൂപ, പവന് 97,360 രൂപ എന്ന റെക്കോഡ് നിരക്കിൽ എത്തിയിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ കൂടി 9470 രൂപയിലെത്തി. വെള്ളി ഗ്രാമിന് 165 രൂപയിൽ തുടരുന്നു.


