മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
text_fieldsജിതീഷ്
കുറവിലങ്ങാട്: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉഴവൂർ തറക്കനാൽ ഭാഗത്ത് താമസിക്കുന്ന പിറവം പാഴൂർ ഭാഗത്ത് ചെറുവേലിക്കുടിയിൽ ജിതീഷ് (21)ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാത്ത ബൈക്കുമായി എത്തിയ ഇയാളെ കുറവിലങ്ങാട് പൊലീസ് പിടികൂടുകയായിരുന്നു.
ബൈക്ക് ജനുവരി നാലിന് താനും സുഹൃത്തും ചേർന്ന് ഉഴവൂർ ടൗൺ ഭാഗത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സമീപത്തുനിന്നു മോഷ്ടിച്ചതാണെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐ വി. വിദ്യ, എ.എസ്.ഐമാരായ അജി, കെ.വി. ബൈജു, സി.പി.ഒ കെ.സി. ഡിബിന്‍ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ജീതീഷിന് പിറവം, ഹിൽപാലസ്, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.