യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിയമനം; കടുത്ത അമർഷത്തിൽ ‘എ’ ഗ്രൂപ്
text_fieldsഒ.ജെ. ജനീഷ്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം പുകയുന്നു. മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നും തീരുമാനം ഏകപക്ഷീയമെന്നും ചൂണ്ടിക്കാട്ടി ഹൈകമാന്റിന് പരാതി നൽകാനൊരുങ്ങുകയാണ് എ ഗ്രൂപ്. കടുത്ത അനീതിയാണ് നടന്നതെന്നാണ് ഐ ഗ്രൂപ്പിന്റെയും നിലപാട്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ 2.20 ലക്ഷം വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. ഇത്തരത്തിൽ ഒന്നാമതെത്തിയ ‘എ’ വിഭാഗത്തെ ചിത്രത്തിൽനിന്ന് ഒന്നാകെ പിഴുതുമാറ്റിയതിന് സമാനമാണ് പുതിയ ഭാരവാഹിപ്പട്ടിക. 20,000 വോട്ട് മാത്രം നേടി നാലാമതെത്തിയയാളെ പ്രസിഡന്റാക്കിയതാണ് അനീതിക്ക് തെളിവായി ‘എ’ ഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കെ.എം. അഭിജിത്തിന്റെ പേരാണ് എ ഗ്രൂപ് നിർദേശിച്ചിരുന്നത്.
സംഘടന തെരഞ്ഞെടുപ്പിൽ 1,70,000 വോട്ട് നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. അതേസമയം, കെ.സി. വേണുഗോപാൽ വിഭാഗത്തിന്റെ ഇടപെടലാണ് ഇങ്ങനെയൊരു പട്ടികക്ക് കാരണമെന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പും കരുതുന്നു. വിഷയത്തിൽ ഇരുവിഭാഗവും ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കെ.സി. വേണുഗോപാലിന്റെ നീക്കങ്ങളുടെ ഭാഗമാണ് അപ്രതീക്ഷിത പട്ടികയെന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്.
പ്രസിഡന്റ് പദവിയിലേക്ക് ഒ.ബി.സി പ്രാതിനിധ്യമാണ് പരിഗണിച്ചതെന്ന ന്യായീകരണവും എ ഗ്രൂപ്പിന് ഉൾക്കൊള്ളാനായിട്ടില്ല. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഒരു മാനദണ്ഡവും യൂത്ത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ളയാളെ ഒഴിവാക്കുന്നതിന് മറ്റൊരു മാനദണ്ഡവുമാണ് പറയുന്നതെന്നും ഇത് ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കലാണെന്നുമാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് ഭരണഘടനയിൽ വ്യവസ്ഥ ചെയ്യാത്ത വർക്കിങ് പ്രസിഡന്റ് പദവി സൃഷ്ടിച്ചതും മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ആരോപണമുണ്ട്.


