ഭർത്താവ് വൃക്ക പകുത്തുനൽകിയിട്ടും ഫലം കണ്ടില്ല; ആലിഷ യാത്രയായി
text_fieldsപത്തനാപുരം: ഭർത്താവ് വൃക്കകളിൽ ഒന്ന് പകുത്തുനൽകിയിട്ടും നാടും നാട്ടുകാരും ഒറ്റക്കെട്ടായി പ്രാർഥനയോടെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല, ഓർമകൾ ബാക്കിയാക്കി ആലിഷ യാത്രയായി. ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലിരുന്ന മാലൂർ അശോക് ഭവനിൽ അജേഷിന്റെ ഭാര്യ ആലിഷ (29)യാണ് മരിച്ചത്.
ഒരു വർഷം മുൻപാണ് ആലിഷയുടെ ഇരു വൃക്കകളും തകരാറിലായെന്ന് കണ്ടെത്തിയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ഏകദേശം ഒന്നര മാസം മുൻപ് ഒരു വൃക്ക മാറ്റിവെക്കുകയും ചെയ്തിരുന്നു. ഡ്രൈവറായിരുന്ന ഭർത്താവ് അജേഷാണ് ഭാര്യക്ക് വൃക്ക ദാനം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം അണുബാധയെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിഷ. ഞായറാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു മരണം.
ചികിത്സയ്ക്ക് നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പണം കണ്ടെത്തിയിരുന്നത്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും. മൂന്നാം ക്ലാസ് വിദ്യാർത്ഥി ശിവദത്ത് ഏക മകനാണ്.


