പൂച്ചയെ രക്ഷിക്കാൻ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു
text_fieldsതൃശൂർ: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച യുവാവ് കാറിടിച്ച് മരിച്ചു. കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മണ്ണുത്തിയിൽ ദാരുണമായി മരിച്ചത്. അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാർ സിജോയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാത്രി 9.30ന് ആയിരുന്നു അപകടം. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. റോഡിൽ പൂച്ചയെ കണ്ട സിജോ ബൈക്ക് റോഡരികിൽ നിർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് എതിർവശത്തുള്ള പൂച്ചയുടെ അടുത്തെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചുവന്ന ലോറി ദേഹത്ത് തട്ടി. റോഡിലേക്ക് മറിഞ്ഞുവീണ യുവാവിനെ എതിർദിശയിൽനിന്ന് വന്ന കാർ ഇടിച്ച് വലിച്ചിഴക്കുകയായിരുന്നു.
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. അപകടം വരുത്തിയ ലോറി കണ്ടെത്താനായില്ല.