കാട്ടാനയെ പേടിച്ച് മരത്തിൽ കയറിയ യുവാവ് വീണു മരിച്ചു
text_fieldsതിരുനെല്ലി: കാട്ടാനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ യുവാവ് മരത്തിൽനിന്ന് വീണു മരിച്ചു. തിരുനെല്ലിയിലെ സ്വകാര്യ എസ്റ്റേറ്റ് തൊഴിലാളി മദ്യപ്പാടി മല്ലികപ്പാറ കോളനിയിലെ എം.ആർ. രതീഷ് (24) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പത്തിന് ശേഷമാണ് സംഭവം. ഭാര്‍ഗിരി എസ്റ്റേറ്റിലെ ആനകാവൽ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ രതീഷും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗണേഷും കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. ഇരുവരെയും കാട്ടാന ഓടിച്ചു. ഗണേഷ് ഓടിരക്ഷപ്പെട്ടു. രക്ഷപ്പെടാനായി രതീഷ് മരത്തിന് മുകളിൽ കയറുകയായിരുന്നു.
മരത്തിന് മുകളിലുള്ള കാര്യം രതീഷ് ഗണേഷിനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് ഗണേഷ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് രതീഷ് താഴെവീണു കിടക്കുന്നത് കണ്ടത്. പൊട്ടിയ മരക്കൊമ്പ് സമീപത്ത് തന്നെയുണ്ടായിരുന്നു. മരത്തിന്റെ കൊമ്പ് പൊട്ടിയാണ് താഴെ വീണതെന്നാണ് കരുതുന്നു.
ഉടൻതന്നെ മാനന്തവാടിയിലെ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തിരുനെല്ലി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീടിനു സമീപത്തെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.
മല്ലികപ്പാറ കോളനിയിലെ രാജുവിന്റെയും ഗൗരിയുടെയും മകനാണ് രതീഷ്. സഹോദരങ്ങൾ: എം.ആർ. രമേശൻ, എം.ആർ. രാജേഷ് (ഇരുവരും സിവിൽ പൊലീസ് ഓഫിസർമാർ, തലപ്പുഴ സ്റ്റേഷൻ), രാധിക.
WDG TUE 1 ratheesh