നീറുന്ന ചാരടാങ്കിൽ വീണ് യുവാവ് ജീവനുവേണ്ടി പിടഞ്ഞത് ഒരുമണിക്കൂർ, രക്ഷിക്കാനാവാതെ നിസ്സഹായരായി സഹപ്രവർത്തകർ; ദാരുണാന്ത്യം..
text_fieldsപെരുമ്പാവൂര്‍: അരിക്കമ്പനിയിലെ ചാരടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഓടക്കാലി തലപ്പുഞ്ചയില്‍ റൈസ്‌കോ എന്ന അരിക്കമ്പനിയിലുണ്ടായ അപകടത്തിൽ ബിഹാര്‍ സ്വദേശി രവികിഷനാണ് (20) പൊള്ളലേറ്റ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12.30നാണ് അപകടം. 50 അടി ഉയരത്തിലുള്ള ഫണല്‍ രൂപത്തിലുള്ള ടാങ്കിലെ തടസ്സം നീക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. ടാങ്കിന് മുകളിലെ ഷീറ്റ് ഒടിഞ്ഞുവീണ് 15 അടി താഴ്ചയില്‍ നീറിക്കൊണ്ടിരുന്ന തീയിലാണ് വീണത്. സഹപ്രവർത്തകർ രക്ഷപ്പെടുത്താന്‍ ശ്രമിച്ചങ്കിലും വിഫലമായി. അഗ്നിരക്ഷാസേനയെത്തി ഒരുമണിക്കൂറിനു ശേഷമാണ് പുറത്തെടുത്തത്. അതിനിടെ മരിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് രവികിഷന്‍ ഇവിടെ ജോലിക്കെത്തിയത്. പരിചയക്കുറവുള്ള തൊഴിലാളിയെ അപകടകരമായ സാഹചര്യത്തില്‍ ജോലി ഏൽപിച്ചതും സുരക്ഷാവീഴ്ചയും പൊലീസ് പരിശോധിക്കും. പെരുമ്പാവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും.


