എ.ടി.എമ്മിൽനിന്ന് കൈ നിറയെ പണം; നേരെ പൊലീസ് സ്റ്റേഷനിലേക്ക് ബസ് കയറി പണമേൽപ്പിച്ച് ശ്രീകൃഷ്ണൻ
text_fieldsഎ.ടി.എമ്മിൽനിന്ന് ലഭിച്ച പണം അടിമാലി പൊലീസ് സ്റ്റേഷനിലെത്തി കൈമാറുന്ന ശ്രീകൃഷ്ണൻ
അടിമാലി: തന്‍റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാൻ എത്തിയ ആദിവാസി യുവാവിന് എ.ടി.എമ്മിൽ നിന്ന് കിട്ടിയത് കൈ നിറയെ പണം. ഉടൻ വണ്ടി കയറിയത് പൊലീസ് സ്റ്റേഷനിലേക്ക്. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് കട്ടമുടി ആദിവാസി ഉന്നതിയിലെ ശ്രീകൃഷ്ണൻ (23) ആണ് 10,000 രൂപ പൊലീസിന് കൈമാറി മാതൃകയായത്.
ശനിയാഴ്ച രാവിലെ ഇരുമ്പുപാലം ടൗണിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ എ.ടി.എമ്മിൽ എത്തിയപ്പോഴാണ് ആരോ പിൻവലിച്ച പണം മെഷീനിൽ കിടക്കുന്നത് കണ്ടത്. ഇത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കണമെന്ന് തോന്നിയ യുവാവ് വേഗം ബസ് കയറുകയായിരുന്നു. നേരെ പത്ത് കിലോമീറ്റർ അകലെയുള്ള അടിമാലി പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്.
സ്റ്റേഷനിലെത്തി എസ്.ഐ. ജിബിൻ തോമസിന് പണം കൈമാറി. ഇത് ഏറെ സന്തോഷം പകരുന്ന നിമിഷമാണെന്ന് എസ്.ഐ പറഞ്ഞു. ഉടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച ബാങ്കിൽ എത്തി ഉടമയെ കണ്ടെത്തി പണം നൽകുമെന്ന് പൊലീസ് അറിയിച്ചു.
ഡാൻസറാണ് ശ്രീകൃഷ്ണൻ. എസ്.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ ശ്രീകൃഷ്ണനെ അഭിനന്ദിച്ചു.