വീണ്ടും കാട്ടാനക്കലി; വയനാട്ടിൽ യുവാവ് കൊല്ലപ്പെട്ടു
text_fieldsകാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബാലന്റെ മൃതദേഹം വഴിയരികിൽ
മേപ്പാടി (വയനാട്): വയനാട്ടിൽ തുടർച്ചയായ രണ്ടാംദിനവും കാട്ടാനക്കലിയിൽ മനുഷ്യജീവൻ പൊലിഞ്ഞു. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ ഉരുൾദുരന്ത മേഖലയിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് ദാരുണസംഭവം. അട്ടമല എറാട്ടുക്കുണ്ട് ചോലനായ്ക്ക ഉന്നതിയിലെ കറുപ്പൻ-ബിന്ദു ദമ്പതികളുടെ മകൻ ബാലകൃഷ്ണനാണ് (27) കൊല്ലപ്പെട്ടത്.
ഉരുൾദുരന്തത്തെതുടര്ന്ന് താല്ക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി അട്ടമലയിലെ എസ്റ്റേറ്റ് പാടിയിലാണ് ബാലകൃഷ്ണനും കുടുംബവും കഴിയുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ചൂരൽമല അങ്ങാടിയിലെത്തി സാധനങ്ങൾ വാങ്ങി പാടിയിലേക്ക് മടങ്ങിപ്പോയിരുന്നു. തുടർന്ന് എറാട്ട്കുണ്ട് ഉന്നതിയിലേക്ക് തനിച്ച് പോവുന്നതിനിടെ തേയിലത്തോട്ടത്തിലൂടെ ഇറങ്ങിവന്ന കാട്ടാനയുടെ മുന്നിൽപെടുകയായിരുന്നു.
ബാലകൃഷ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം ആന തലയില് ചവിട്ടി. ശരീരത്തിൽ മാരകമായി ക്ഷതമേറ്റ ബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പാടിയിൽ എത്താത്തതിനാൽ ബുധനാഴ്ച പുലർച്ച ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം അട്ടമല എച്ച്.എം.എൽ എസ്റ്റേറ്റിനുള്ളിലെ വഴിയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് നാട്ടുകാരും ബാലകൃഷ്ണന്റെ ബന്ധുക്കളും തടിച്ചുകൂടി വൻ പ്രതിഷേധമുയർത്തി. തുടർന്ന് വൈത്തിരി തഹസിൽദാർ ആർ.എസ് സജി, ഡി.എഫ്.ഒ അജിത് കെ. രാമൻ എന്നിവർ സ്ഥലത്തെത്തി ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പുനൽകിയതോടെയാണ് മൃതദേഹം കൊണ്ടുപോകാനായത്. അഞ്ചുലക്ഷം രൂപയുടെ ചെക്ക് വൈകീട്ടോടെ ബാലകൃഷ്ണന്റെ പിതാവ് കറുപ്പന് കൈമാറി. ബാക്കി തുക നടപടികൾ പൂർത്തിയായ ഉടൻ നൽകാനും ധാരണയായി.
മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ് പട്ടികവർഗ വകുപ്പ് നൽകും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം ബുധനാഴ്ച വൈകീട്ട് 5.30ഓടെ എറാട്ടുകുണ്ട് സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. അവിവാഹിതനാണ് ബാലകൃഷ്ണൻ. സഹോദരങ്ങൾ: രമേശൻ, അനിത, അമ്മിണി, രാമൻ.