ഫേസ്ബുക്കിലൂടെ പ്രകോപനപരമായ പോസ്റ്റ്; യൂത്ത് ലീഗ് പ്രവർത്തകനായ പ്രവാസി അറസ്റ്റിൽ
text_fieldsതാഹ
പട്ടാമ്പി: ഫേസ്ബുക്ക് പേജിലൂടെ അപകീർത്തിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും കലാപമുണ്ടാക്കുന്ന പ്രകോപന പോസ്റ്റുകളിടുകയും ചെയ്‌തെന്ന പരാതിയിൽ പ്രവാസിയും യൂത്ത് ലീഗ് പ്രവർത്തകനുമായ യുവാവിനെ അറസ്റ്റ് ചെയ്തു. വിളയൂർ കുപ്പൂത്ത് വള്ളിക്കുന്നത്ത് താഹയെയാണ് തിങ്കളാഴ്ച രാവിലെ കൊപ്പം പൊലീസ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തത്.
സൗദിയിൽ ജോലിയുള്ള യുവാവ് നാട്ടിലേക്കുള്ള യാത്രയിൽ ഞായറാഴ്ച രാത്രി വിമാനത്താവളത്തിലെത്തിയപ്പോൾ തടഞ്ഞുവെച്ച് കൊപ്പം പൊലീസിനെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 18 മുതൽ 2025 ജനുവരി 14 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പ്രതി അഡ്മിനായ ‘നമ്മുടെ സ്വന്തം വിളയൂർ’ എന്ന ഫേസ്ബുക്ക് പേജിൽ വിളയൂരിയൻ (പട്ടാമ്പി) എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സി.പി.എം കൂരാച്ചിപ്പടി ബ്രാഞ്ച് സെക്രട്ടറിയായ മലവട്ടത്ത് മുസ്തഫയെയും സഹപ്രവർത്തകരെയും പ്രസ്ഥാനത്തെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്നും രാഷ്ട്രീയ ലഹളയുണ്ടാക്കുന്ന തരത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കലാപത്തിന് വഴിവെക്കുന്നരീതിയിൽ പ്രകോപനപരമായി പോസ്റ്റിട്ടുവെന്നുമാണ് പരാതി. പരാതിയിൽ ഭാരതീയ ന്യായസംഹിത വകുപ്പ് 192 പ്രകാരം നേരത്തേ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിരുന്നു.