മാസ്ക് ശരിയായി ധരിച്ചില്ലെന്നതിന് യുവാക്കൾക്ക് മർദനം; പൊലീസുകാർക്കെതിരെ അഞ്ചുവർഷമായിട്ടും നടപടിയില്ല
text_fieldsമുഖത്ത് സാരമായി പരിക്കേറ്റ ഇക്ബാൽ (ഫയൽ ചിത്രം)
കൽപറ്റ: കോവിഡ് കാലത്ത് മാസ്ക് ശരിയായി ധരിക്കാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സ്റ്റേഷനിൽ കൊണ്ടുപോയി യുവാക്കളെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ അഞ്ചുവർഷമായിട്ടും പൊലീസുകാർക്കെതിരെ നടപടിയില്ല. 2020 സെപ്റ്റംബർ ഒന്നിനാണ് സംഭവം. വയനാട് പീച്ചങ്കോട് സ്വദേശി ഇക്ബാൽ, സുഹൃത്ത് ഷമീർ എന്നിവരെ അന്നത്തെ തലപ്പുഴ സി.ഐ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം സ്റ്റേഷനിൽവെച്ച് ക്രൂരമായി മർദിച്ചെന്നാണ് പരാതി.
തലപ്പുഴയിലെ ആക്രിക്കടയിൽ നിൽക്കുകയായിരുന്ന ഇവർ മാസ്ക് ശരിയായി ധരിക്കാത്തത് സ്ഥലത്ത് എത്തിയ സി.ഐയും സംഘവും ചോദ്യംചെയ്യുകയും സ്റ്റേഷനിലേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, നിസ്സാര കാര്യത്തിന് സ്റ്റേഷനിൽ വരുന്നതെന്തിനെന്ന് ചോദിച്ച് ഇവർ എതിർക്കുകയും ചോദ്യംചെയ്തതുമാണ് സി.ഐയെയും സംഘത്തെയും പ്രകോപിപ്പിച്ചതെന്നാണ് പറയുന്നത്. തുടർന്ന് രണ്ടുപേരെയും ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
മർദനത്തിൽ ഇക്ബാലിന് മുഖത്ത് ഉൾപ്പെടെ സാരമായി പരിക്കേൽക്കുകയും രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. മൂക്കിൽനിന്ന് ഉൾപ്പെടെ രക്തം വന്നിട്ടും മർദനം നിർത്തിയില്ലെന്നാണ് ഇവർ പറയുന്നത്. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറായില്ല. അതേസമയം, രണ്ടുപേരും സ്വയം ശരീരത്തിൽ പരിക്കേൽപിച്ചതാണെന്നും ഇക്ബാൽ ഭിത്തിയിൽ മുഖമിടിച്ച് പരിക്കേൽപിച്ചതാണെന്നുമായിരുന്നു പൊലീസ് വാദം.
ഇരുവർക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പിറ്റേന്ന് പുലർച്ചയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 15 ദിവസത്തോളം ഇരുവർക്കും ജയിലിൽ കഴിയേണ്ടിവന്നു. പൊലീസ് മർദനം സംബന്ധിച്ച് പിറ്റേന്നുതന്നെ ജില്ല പൊലീസ് പരാതിപരിഹാര അതോറിറ്റിക്ക് ഇവരുടെ കുടുംബം പരാതി നൽകി. എന്നാൽ, അഞ്ചു വർഷമായിട്ടും പരാതിയിൽ തീർപ്പുണ്ടായിട്ടില്ല.
അന്നത്തെ ജില്ല പൊലീസ് മേധാവിക്കും മർദനം സംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും മറുപടി പൊലീസിനെ ന്യായീകരിക്കുന്നതായിരുന്നു. സ്വയം ഉണ്ടാക്കിയ മുറുവുകളാണെന്നായിരുന്നു മറുപടി. സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യം ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയെങ്കിലും സുരക്ഷാപ്രശ്നമുണ്ടെന്ന് പറഞ്ഞ് അതും ലഭ്യമാക്കിയില്ല. തുടർന്ന് ഇരുവരും മാനന്തവാടി ജെ.എഫ്.സി.എം കോടതിയെ സമീപിക്കുകയായിരുന്നു.
അതോടെ, അന്നത്തെ തലപ്പുഴ സി.ഐ ജിജീഷ്, എസ്.ഐ ജിമ്മി എന്നിവരെ പ്രതിചേർത്ത് കോടതി കേസ് ഫയലിൽ സ്വീകരിച്ചു. എന്നാൽ, കഴിഞ്ഞ ഹിയറിങ്ങിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഹാജരായില്ല. സംസ്ഥാനത്ത് കൂടുതൽ പൊലീസ് പീഡനക്കഥകൾ പുറത്തുവരുന്ന സാഹചര്യത്തിൽ, അന്നത്തെ സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് വീണ്ടും വിവരാവകാശപ്രകാരം അപേക്ഷ നൽകാനിരിക്കുകയാണ് ഇക്ബാലും ഷമീറും.