യുട്യൂബറുടെ റീൽസ് ചിത്രീകരണം: ഗുരുവായൂർ ക്ഷേത്രത്തിൽ ശുദ്ധികർമം ആരംഭിച്ചു; ദർശനനിയന്ത്രണം
text_fieldsഗുരുവായൂർ: റീൽസ് ചിത്രീകരിക്കാൻ യൂട്യൂബർ ജാസ്മിൻ ജാഫർ ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയടക്കം റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ശുദ്ധികർമം ആരംഭിച്ചു. ജാസ്മിൻ കുളത്തിൽ ഇറങ്ങിയ അന്നു മുതലുള്ള പൂജകളാണ് ചൊവ്വാഴ്ച ആവർത്തിക്കുന്നത്. ക്ഷേത്രം തന്ത്രിയാണ് പ്രായശ്ചിത്തം സംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതേതുടർന്ന് ദർശനനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പുണ്യാഹകർമങ്ങൾ കഴിഞ്ഞശേഷം വൈകീട്ടു മാത്രമേ ഭക്തർക്ക് ദർശനത്തിനായി നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകൂ. ക്ഷേത്രക്കുളത്തിൽ ആചാരവിരുദ്ധമായി അഹിന്ദു വനിത ഇറങ്ങി വിഡിയോ ഷൂട്ടിങ് നടത്തിയതിനാൽ നടത്തുന്ന ശുദ്ധികർമങ്ങൾ കാരണം ഇന്ന് രാവിലെ അഞ്ചു മുതൽ ഉച്ചവരെ ദർശനനിയന്ത്രണം ഉണ്ടാകുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഇന്നലെ അറിയിച്ചിരുന്നു.
ജാസ്മിൻ ജാഫർ ക്ഷേത്രക്കുളത്തിലിറങ്ങി ചിത്രീകരിച്ച റീൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് പരാതി ഉയർന്നത്. ക്ഷേത്രത്തിന്റെ ഭാഗമായാണ് കുളവും കണക്കാക്കുന്നത്. ക്ഷേത്രത്തിലേതുപോലെ കുളത്തിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ല. വിഡിയോ ചിത്രീകരണം ഹൈകോടതി വിലക്കിയിട്ടുമുണ്ട്.
വിഡിയോ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ചാവക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റിന് കൈമാറിയിരിക്കുകയാണ്. കോടതിയുടെ മേൽനോട്ടത്തിലാകും അന്വേഷണം.
സംഭവം വിവാദമായതോടെ സമൂഹമാധ്യമത്തിൽനിന്നും കടുത്ത വിമര്‍ശനങ്ങളാണ് ജാസ്മിന് നേരിടേണ്ടി വന്നത്. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലൂടെ ജാസ്മിൻ മാപ്പ് പറഞ്ഞിരുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ച തെറ്റാണെന്നും ജാസ്മിന്‍ പറഞ്ഞു. വിവാദമായ റീല്‍ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. 'എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു. ആരേയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തു നിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു' -എന്ന കുറിപ്പാണ് ജാസ്മിൻ പങ്കുവെച്ചത്.