യാത്രയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഇറാനിൽ - ശിഹാബ് ചോറ്റൂർ
text_fieldsവിശ്വാസികളുടെ മനസ്സിനെയും ശരീരത്തെയും ധന്യമാക്കുന്ന ആത്മീയാനുഭൂതിയുടെ മണ്ണാണ് മക്ക. ആ പുണ്യഭൂമിയിലേക്ക് 8640 കിലോമീറ്റർ നടന്നെത്തി ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്‍റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽനിന്ന് കാതങ്ങൾ താണ്ടി ആളുകൾ ഹജ്ജ് ലക്ഷ്യമാക്കി കാൽനടയായി പോയിരുന്നു. പലരും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മറ്റു ചിലർ വഴിമധ്യേ ഇടറിവീണു. കാലം മാറിയപ്പോൾ കപ്പലിലും പിന്നീട് വിമാനത്തിലുമെല്ലാമായി തീർഥാടനം. എന്നാൽ, ഈ കാലത്തും ശിഹാബ് പൂർവികരുടെ പാത പിന്തുടർന്ന് ഹജ്ജിന് പോകാൻ തീരുമാനിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടു. ഒരേസമയം പിന്തുണയും വിമർശനങ്ങളും ഉയർന്നു. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്താതെ അയാൾ പിന്തിരിഞ്ഞില്ല. 370 ദിവസം കൊണ്ട് ആറ് രാജ്യങ്ങൾ താണ്ടി ശിഹാബ് സ്വപ്നം യാഥാർഥ്യമാക്കി.
സ്നേഹം വിളമ്പുന്ന മനുഷ്യർ, അന്നം വിളയുന്ന കൃഷിയിടങ്ങൾ, പച്ചപ്പ് തീർക്കുന്ന വനങ്ങൾ, തിരയടിച്ച് വീശുന്ന കടൽത്തീരം, മഞ്ഞുപെയ്യുന്ന മലകൾ, ചുടുകാറ്റ് വീശുന്ന മരുഭൂമികൾ, സംസ്കാരങ്ങൾ ഉയർന്നുവന്ന നദികൾ... അങ്ങനെ നിരവധി അനുഭവങ്ങളുമായിട്ടാണ് ആ യുവാവ് നാട്ടിൽ തിരിച്ചെത്തിയത്.
നാട് ഏറ്റെടുത്ത യാത്ര
യാത്രക്ക് മുന്നെ നടത്തം പോലെയുള്ള പരിശീലനമുറകൾ തുടങ്ങി. ഗൂഗ്ളിന്‍റെ സഹായത്തോടെ റൂട്ട്മാപ്പ് തയാറാക്കി. രാജ്യങ്ങൾ, വഴികൾ, സംസ്ഥാനങ്ങൾ, കാലാവസ്ഥ തുടങ്ങി വിവിധ കാര്യങ്ങൾ മനസ്സിലാക്കി. മുമ്പ് ഇത്തരം യാത്രകൾ നടത്തിയവരുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞു.
2022 ജൂൺ രണ്ടിന് മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽനിന്ന് ശിഹാബ് യാത്ര ആരംഭിച്ചു. നാടും കുടുംബവുമെല്ലാം വലിയ യാത്രയയപ്പാണ് നൽകിയത്. ഒപ്പം നടക്കാൻ നാട്ടുകാരും കൂട്ടുകാരുമെല്ലാം കൂടി. ആദ്യദിനം ഏകദേശം 30 കിലോമീറ്റർ നടന്ന് പരപ്പനങ്ങാടി ജുമാമസ്ജിദിൽ അന്തിയുറങ്ങി. വലിയൊരു യാത്രയുടെ ചെറിയൊരു തുടക്കമായിരുന്നുവത്. ശിഹാബിന്‍റെ മക്കയിലേക്കുള്ള യാത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ വഴികളിലെല്ലാം വമ്പൻ സ്വീകരണമാണ് ലഭിച്ചത്. തിരക്ക് വർധിച്ചതോടെ പലയിടത്തും പൊലീസ് അകമ്പടിയേകാൻ തുടങ്ങി.
ജാതിമത ഭേദമെന്യേ ശിഹാബിനെ കാണാനും ഹസ്തദാനം ചെയ്യാനുമെല്ലാം നിരവധി പേരെത്തി. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ മൂന്ന് മാസത്തിലധികം സമയമെടുത്ത് 3330ഓളം കിലോമീറ്റർ നടന്ന് അഠാരിയിലെ പാകിസ്താൻ അതിർത്തിയിലെത്തി. വിവിധ നാടുകളിൽനിന്ന് ലഭിച്ച സ്വീകരണങ്ങളാണ് യാത്രയെ ഇത്രയും ദീർഘിപ്പിച്ചത്. ഗുജറാത്തിലെ സൂറത്തിന് സമീപം ജനബാഹുല്യം മൂലം ഒരു കിലോമീറ്ററിനകം നടത്തം നിർത്തേണ്ടി വന്ന അനുഭവവും ശിഹാബിന് പറയാനുണ്ട്.
1. അഠാരിയിലെ ഇന്ത്യ - പാകിസ്താൻ അതിർത്തിയിൽ 2. പാകിസ്ഥാനിൽ
അതിർത്തിയിലെ പ്രതിസന്ധി
വാഗാ ബോർഡർ വഴിയാണ് പാകിസ്താനിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നത്. പാകിസ്താൻ വിസക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നെങ്കിലും ചില നൂലാമാലകൾ വിലങ്ങുതടിയായി. ഇത് ശിഹാബിനെ കുറ
ച്ചൊന്നുമല്ല വലച്ചത്. മാനസികമായി തളർത്തി. വിമർശനങ്ങളും ട്രോളുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. പക്ഷേ, അപ്പോഴും തന്‍റെ വലിയ ലക്ഷ്യം കൈവിടാൻ ശിഹാബ് തയാറായിരുന്നില്ല.
അങ്ങനെ നാല് മാസവും എട്ടു ദിവസവും വാഗാ അതിർത്തിയിൽ വിസക്കായി കാത്തിരുന്നു. പഞ്ചാബിലെ ആഫിയ ഇന്‍റർനാഷനൽ കിഡ്സ് സ്കൂൾ ഉടമ ജുനൈദ് ഖാൻ ഒരുക്കിത്തന്ന സൗകര്യങ്ങളും സഹായങ്ങളുമായാണ് ഇത്രയും ദിവസം അവിടെ കഴിഞ്ഞത്. കാത്തിരിപ്പിനൊടുവിൽ ട്രാൻസിറ്റ് വിസ കൈയിലെത്തി. ഇതോടെ ശിഹാബ് തന്‍റെ സ്വപ്നത്തിലേക്ക് വീണ്ടും പ്രവേശിച്ചു.
പാകിസ്താന്‍റെ സ്നേഹം
2023 ഫെബ്രുവരി ആറിന് അയൽരാജ്യത്തെ മണ്ണിൽ കാലുകുത്തി. അവിടത്തെ ഉന്നത ഉദ്യോഗസ്ഥർ വലിയ സ്വീകരണം തന്നെ ഒരുക്കി. നിരവധി പേർ റോഡിനിരുവശവും ശിഹാബിനെ കാണാൻ തടിച്ചുകൂടിയിരുന്നു. അന്ന് 23 കിലോമീറ്റർ നടന്ന് വാഗാ സിറ്റിയിലെത്തി. ആരൊക്കെ എത്ര ശത്രുതകൾ തീർത്താലും മനുഷ്യമനസ്സിലെ ഐക്യവും സാഹോദര്യവും തകർക്കാനാവില്ലെന്നതിന്‍റെ തെളിവായിരുന്നു പാകിസ്താനിലെ ദിനങ്ങൾ.
മൂന്ന് ദിവസങ്ങളിലായി പാകിസ്താന്‍റെ സ്നേഹമേറ്റുവാങ്ങി 120 കിലോമീറ്റർ നടന്നു. നാലാം ദിവസം വാഹനത്തിൽ കയറി ലാഹോർ വിമാനത്താവളത്തിലേക്ക് പോകാൻ പട്ടാളത്തിന്‍റെ നിർദേശമുണ്ടായിരുന്നു. പാക് സർക്കാറിന്‍റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിസ അനുവദിച്ചിരുന്നത്. അങ്ങനെ വാഹനത്തിൽ പട്ടാള ഉദ്യോഗസ്ഥർതന്നെ ശിഹാബിനെ എയർപോർട്ടിലെത്തിച്ചു. അവിടെനിന്ന് ഇറാനിലെ തെഹ്റാനിലേക്ക് വിമാനം കയറി.
മഞ്ഞുപെയ്യുന്ന ഇറാൻ
ഫെബ്രുവരി 10നാണ് ഇറാന്‍റെ തലസ്ഥാന നഗരിയിൽ വിമാനമിറങ്ങുന്നത്. കോടമഞ്ഞ് വിട്ടുപോകാത്ത പുലരിയിൽ എവിടേക്ക് നടക്കണമെന്ന് നിശ്ചയമില്ലാതെ നിന്ന ശിഹാബിന് രക്ഷകനായി ഒരു ടാക്സി ഡ്രൈവറെത്തി. അറബി കലർന്ന ഫാരിസി ഭാഷയാണ് അദ്ദേഹം സംസാരിക്കുന്നത്. സഞ്ചാരിയാണെന്നും മക്കയിലേക്കാണ് പോകുന്നതെന്നും പറഞ്ഞു. ഇതോടെ അയാൾക്കും വലിയ ആവേശമായി. ഒരു റൂട്ട് മാപ്പ് തയാറാക്കി ശിഹാബിന്‍റെ ഫോണിലേക്ക് അയച്ചുകൊടുത്തു. ഇറാഖ് അതിർത്തിയായ മെഹ്റാൻ വരെയുള്ള പാതയായിരുന്നു അത്.
തണുപ്പത്തുള്ള നടത്തം അതികഠിനം തന്നെയായിരുന്നു. കൈയിലുണ്ടായിരുന്ന വടിയും പിടിച്ച് മഞ്ഞുപാളികൾ തട്ടിനീക്കി നടത്തം തുടർന്നു. വിജനമായ വഴികൾ. ഉള്ളിൽ ഭയം തോന്നിയെങ്കിലും ലക്ഷ്യം ആവേശം കൂട്ടി. ഇതിനിടെ മഞ്ഞുപെയ്ത വഴികളിൽ ചില കാൽപാദങ്ങൾ കണ്ടു. അത് കരടിയുടേതാണെന്നും സൂക്ഷിക്കണമെന്നും നാട്ടുകാരുടെ മുന്നറിയിപ്പ്.
വസ്ത്രങ്ങൾ അലക്കിത്തന്നവർ
ഇറാൻ ജനതയുടെ സ്നേഹം അനുഭവിച്ച നാളുകൾ കൂടിയായിരുന്നു അത്. അവരുടെ സ്വീകരണം ഏറെ ഹൃദ്യമായിരുന്നു. ഗ്രാമങ്ങളിലെ വീടുകളിൽ താമസം ഒരുക്കിയും ഭക്ഷണം നൽകിയും അവർ തങ്ങളുടെ അതിഥിയെ സ്നേഹവാത്സ്യലം കൊണ്ട് വിരുന്നൂട്ടി. വസ്ത്രങ്ങൾ വരെ അലക്കിത്തന്ന് സ്നേഹം ചൊരിഞ്ഞു. പലരും വഴികാട്ടിയായി ഒപ്പം നടന്നു. വീടുകളിൽ താമസം ലഭിക്കാത്ത ദിവസങ്ങളിൽ പള്ളികളിൽ കിടന്നുറങ്ങി. ചില ദിവസങ്ങളിൽ പെട്രോൾ പമ്പിൽ തമ്പടിച്ചു.
800ഓളം കിലോമീറ്ററാണ് ഇറാനിൽ പിന്നിട്ടത്. പല ദിവസവും പത്ത് മണിക്കൂറോളം നടന്നു. തന്‍റെ യാത്രയിലെ ഏറ്റവും മികച്ച അനുഭവങ്ങളുള്ളത് ഇറാനിലാണെന്ന് ശിഹാബ് പറയുന്നു. ഈ അനുഭവങ്ങൾ കോർത്തിണക്കി ഗ്രന്ഥം തന്നെ എഴുതാനുള്ള ഒരുക്കത്തിലാണ്.
ടൈഗ്രിസ് നദിക്കരയിൽ
മെഹ്റാൻ അതിർത്തിയിലൂടെയാണ് ഇറാഖിലെത്തുന്നത്. ഇവിടത്തെ പ്രധാന ലക്ഷ്യം സംസ്കാരങ്ങളുടെയും നാഗരികതയുടെയും കളിത്തൊട്ടിലായ ബഗ്ദാദാണ്. പലവിധ യുദ്ധങ്ങളുടെ ഓർമകൾ തളംകെട്ടിനിൽക്കുന്ന വഴികളിലൂടെ നടത്തം തുടർന്നു. പാതി തകർന്ന കെട്ടിടങ്ങൾ യുദ്ധക്കെടുതികളുടെ നേർചിത്രമായി മുന്നിൽ തെളിയുന്നു.
ഒരാഴ്ച കൊണ്ട് ടൈഗ്രിസ് നദിക്കരയിലെ ബഗ്ദാദിലെത്തി. സൂഫി വര്യൻ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ മഖ്ബറ ഉൾപ്പെടെ പല ആത്മീയകേന്ദ്രങ്ങളും ഇവിടെ സന്ദർശിച്ചു. മൂന്ന് ദിവസം ഇറാഖിന്‍റെ തലസ്ഥാന നഗരിയിൽ കഴിഞ്ഞുകൂടി. പിന്നീട് യൂഫ്രട്ടീസ് നദി മുറിച്ചുകടന്ന് ഇമാം ഹുസൈൻ അന്തിയുറങ്ങുന്ന കർബലയിലെത്തി. ഹുസൈന്‍റെ ചോരവീണ മണ്ണ് ഇന്നും ദുഃഖസാന്ദ്രമാണ്. ശിഈ മുസ്‍ലിംകളുടെ പ്രധാന തീർഥാടന കേന്ദ്രമാണിത്. തുടർന്ന് നാലാം ഖലീഫ അലി അന്ത്യവിശ്രമം കൊള്ളുന്ന നജഫ് നഗരത്തിലെത്തി. അപ്പോഴേക്കും റമദാൻ ആഗതമായിരുന്നു.
വഴിതെറ്റിയ നാളുകൾ
ഇറാഖിൽനിന്ന് നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള അതിർത്തിയായ അറാറിലേക്ക് പോകാനുള്ള വഴി ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ശിഹാബിന് പറഞ്ഞുകൊടുക്കുന്നത്. അതനുസരിച്ച് യാത്ര തുടർന്നു. നോമ്പെടുത്തായിരുന്നു മരുഭൂമികൾ താണ്ടുന്നത്. രാവിലെയും വൈകീട്ടുമായി നടത്തം ക്രമീകരിച്ചു. രാത്രി പട്ടാള ക്യാമ്പുകളിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ യാത്രയിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തു. സൗദി അതിർത്തിയിൽനിന്ന് 230 കിലോമീറ്റർ അകലെ മിലിട്ടറി തടഞ്ഞു. ഇറാഖികൾക്കല്ലാതെ ഇതുവഴി സൗദിയിലേക്ക് പോകാൻ സാധിക്കില്ലേത്ര.
ഇതോടെ കർബലയിലേക്ക് മടങ്ങി. തുടർന്ന് 500 കിലോമീറ്റർ അകലെയുള്ള ബസ്റ എന്ന പുരാതന തുറമുഖ നഗരിയിലെത്തി. അവിടെനിന്ന് നടന്ന് കുവൈത്ത് അതിർത്തിയിലേക്ക്. ഇവിടെ ഒരു കിലോമീറ്റർ ദൂരം ഫ്രീസോണാണ്. ബസിൽ മാത്രമേ ഈ ദൂരം സഞ്ചരിക്കാൻ കഴിയൂ. ഒരു മാസത്തിലധികം സമയം ഇറാഖിൽ ചെലവഴിച്ച ശേഷം ഏപ്രിൽ നാലിന് കുവൈത്തിലെത്തി. ഇതോടെ യാത്ര ഇന്ത്യയിലേതിന് സമാനമായി. വഴിയോരത്തെല്ലാം മലയാളികളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറി. ആറ് ദിവസം കൊണ്ട് 210 കിലോമീറ്റർ നടന്ന് സൗദിയിലേക്ക്.
നിറതോക്കുകൾക്ക് മുന്നിൽ
ഏപ്രിൽ 10ന് സാൽമി വഴി സൗദി അറേബ്യയിൽ പ്രവേശിച്ച് സുരക്ഷ പരിശോധനകൾ പൂർത്തീകരിച്ചു. നോമ്പുകാലമായതിനാൽ അതിരാവിലെയായിരുന്നു നടത്തം. ഇതിനിടെ, മഫ്തിയിലെത്തിയ സുരക്ഷ ഉദ്യോഗസ്ഥൻ രേഖകൾ ചോദിച്ചു. പൊലീസ് ഉദ്യോഗസ്ഥനാണോ എന്ന് ഉറപ്പില്ലാത്തതിനാൽ രേഖകൾ ശിഹാബ് കൈമാറിയില്ല. ഇതോടെ ഇയാൾ പട്ടാളത്തെ വിവരമറിയിച്ചു. ഉടൻ വാഹനവുമായി പട്ടാളമെത്തി. തോക്കുകൾ ചൂണ്ടി അവർ ബാഗുകൾ താഴെ വെക്കാൻ ആവശ്യപ്പെട്ടു. ഒന്നു പേടിച്ചെങ്കിലും, ആത്മധൈര്യം വീണ്ടെടുത്ത് അവരോട് കാര്യങ്ങൾ വിശദീകരിച്ചു. രേഖകളെല്ലാം കാണിച്ചുകൊടുത്തു. അവർക്ക് കാര്യങ്ങൾ മനസ്സിലായി എന്ന് മാത്രമല്ല, യാത്രക്ക് വേണ്ട പൂർണ പിന്തുണയും നൽകി.
തുടർന്നുള്ള യാത്രയിൽ നാട്ടുകാരും പൊലീസും മലയാളികളുമെല്ലാം ഏറെ സഹായിച്ചു. ഭക്ഷണവും താമസവുമെല്ലാം അവർ ഒരുക്കിത്തന്നു. വഴിയോരങ്ങളിൽ പൊലീസ് സുരക്ഷ ഒരുക്കി. ഒടുവിൽ മേയ് 10ന് മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീന മുനവ്വറയിലെത്തി. ജീവിതത്തിൽ ഇതുവരെ ലഭിക്കാത്ത അനുഭൂതിയും സന്തോഷവുമായിരുന്നു അപ്പോൾ. ഒരു വർഷം മുമ്പ് ആരംഭിച്ച യാത്രക്ക് ഫലം കാണുകയാണ്.
22 ദിവസങ്ങൾ അവിടെ ചെലവഴിച്ച് മേയ് 30ന് മക്ക ലക്ഷ്യമാക്കി നടന്നു. ദുൽഹുലൈഫ മീഖാത്തിൽനിന്ന് ഇഹ്റാം ചെയ്തു. പിന്നീടുള്ള 420 കിലോമീറ്റർ നടത്തത്തിന് വേഗം കൂടി. ഒരു ദിവസം 65 കിലോമീറ്റർ വരെ നടന്നു. ഒടുവിൽ ജൂൺ എട്ടിന് വിശുദ്ധ മക്കയിൽ നിർഭയത്വത്തോടെ ശിഹാബ് പ്രവേശിച്ചു. 370 ദിവസങ്ങൾക്ക് മുമ്പ് ആ 29കാരന്‍റെ കിനാവിലുദിച്ച ആഗ്രഹം പൂവണിഞ്ഞ നിമിഷമായിരുന്നു അത്. കഅ്ബയെ ത്വവാഫ് ചെയ്തു. ദൈവത്തിന് മുന്നിൽ മനസ്സിലെ സന്തോഷത്തിന്‍റെയും സങ്കടങ്ങളുടെയും കെട്ടഴിച്ചു. എണ്ണായിരത്തിലധികം കിലോമീറ്റർ നടന്നതിന്‍റെ ക്ഷീണം അയാളുടെ മനസ്സിൽനിന്നും കാലുകളിൽനിന്നും അപ്പോഴേക്കും വിട്ടകന്നിരുന്നു.
മദീനയിലെ മസ്ജിദുന്നബവിയിൽ
ജീവിതത്തിലെ സൗഭാഗ്യങ്ങൾ
ഹജ്ജിന് വേണ്ട അനുമതിയും ചെലവുകളുമെല്ലാം സ്വകാര്യ കമ്പനിയുടെ സഹായത്തോടെ സൗദി ഹജ്ജ് മന്ത്രാലയമാണ് വഹിച്ചത്. ഇതിനാൽ തന്‍റെ ഹജ്ജിനായി കരുതിവെച്ച പണം ഉമ്മയുടെ ഹജ്ജിനായി ഉപയോഗിച്ചു. ഹജ്ജ് കർമമടക്കം രണ്ട് മാസത്തോളം ശിഹാബ് സൗദിയിലുണ്ടായിരുന്നു. കൂടാതെ ഉംറ ചെയ്യാനായി ഭാര്യ ഷബ്നയും മക്കളായ മുഅ്മിന, മിസിയ ഹാജറ എന്നിവരും സൗദിയിലെത്തി. ഒടുവിൽ ജൂലൈ 13ന് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി. സമാനതകളില്ലാത്ത വലിയൊരു യാത്രക്കാണ് അവിടെ പരിസമാപ്തിയായത്.
പണ്ടുകാലത്ത് സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും രാജ്യങ്ങൾ തമ്മിലെ അതിർവരമ്പുകൾ ഇല്ലാത്തതിനാൽ ഹജ്ജിന് നടന്ന് പോകാൻ നിയമപ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ, കാലം മാറിയപ്പോൾ നിയമപരമായ പല പ്രശ്നങ്ങളും ഇത്തരം സാഹസിക യാത്രകൾക്ക് വിലങ്ങുതടിയാകുകയാണെന്ന് ശിഹാബ് പറയുന്നു.
ധാരാളം വിമർശനങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. അതിനെയെല്ലാം പുഞ്ചിരിയോടെ നേരിടുകയാണ് ഈ ചെറുപ്പക്കാരൻ. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തവരാണ് മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രവാസിയായിരുന്ന ശിഹാബ് ഏഴ് വർഷമായി നാട്ടിലാണ്. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സെയ്തലവി - സൈനബ ദമ്പതികളുടെ മകനാണ്.
●