Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightbiz talkchevron_rightവയനാട്ടിലേക്ക്​ ഐ.ടി...

വയനാട്ടിലേക്ക്​ ഐ.ടി ലോകത്തിന്‍റെ വാതിൽ തുറന്ന് ‘വോണ്യൂ’

text_fields
bookmark_border
vonnue
cancel
camera_alt

അലൻ റിന്റോൾ കീരൻചിറ ജോസഫ് ('വോണ്യൂ' ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ), നിജേഷ് ഉദയഭാനു (ചീഫ് സർവീസ് ഓഫീസർ), രജീഷ് ചിറക്കൽ വേലായുധൻ (ചീഫ് ടെക്‌നിക്കൽ ഓഫീസർ),

ആൽവിൻ കെന്റ് കീരൻചിറ ജോസഫ് (ചീഫ് ബിസിനസ് ഓഫീസർ) എന്നിവർ

കർഷകരുടെ നാടാണ് വയനാട്. മണ്ണിൽ അവരൊഴുക്കുന്ന വിയർപ്പിൽ വിളയുന്നത്​ ജീവിത സ്വപ്നങ്ങളും. ശുദ്ധവായുവും ജലവും കണ്ണഞ്ചിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളും നിറഞ്ഞ വയനാട്ടിലേക്ക്​ ഐ.ടി ലോകത്തിന്‍റെ വാതിൽ തുറന്നിരിക്കുകയാണ്​ 'വോണ്യൂ' (vonnue). ദേശീയപാതയോരത്ത് സുൽത്താൻ ബത്തേരിക്കടുത്ത് ദൊട്ടപ്പൻകുളത്താണ് ഈ സോഫ്റ്റ്‌വെയർ കമ്പനി​.

വലിയ വ്യവസായ ശാലകളോ കമ്പനികളോ ഇല്ലാത്ത വയനാടൻ അന്തരീക്ഷത്തിൽനിന്ന്​ ഊർജം ഉൾക്കൊണ്ടാണ്​ ഈ ഐ.ടി കമ്പനിയുടെ പിറവി. ബംഗളൂരു, കൊച്ചി പോലുള്ള ഐ.ടി നഗരങ്ങളിൽനിന്ന് ഇവിടേക്ക് ഇടവേളകൾ ആസ്വദിക്കാൻ എത്തുന്നവർ നിരവധിയാണ്. ഐ.ടി ​െപ്രാഫഷനലുകളാണ് വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനവും.

ജോലിത്തിരക്കുകൾക്കിടയിൽ പ്രകൃതിഭംഗി ആസ്വദിച്ച് മനസ്സ് ശാന്തമാക്കാൻ കഴിയുന്നിടം. കുന്നും മലകളും കോടമഞ്ഞും വനവും കാടും ജീവജാലങ്ങളും അവർക്ക് വലിയ ഊർജം നൽകുന്നു.


അസാധ്യമല്ല വയനാട്ടിൽ ഐ.ടി

ഇവിടേക്ക് ഒരു സോഫ്റ്റ്‌വെയർ കമ്പനി തന്നെ വന്നാലോ? പറയത്തക്ക രീതിയിൽ ഒരു നഗരം പോലുമില്ലാത്ത വയനാട്ടിൽ അതിനുള്ള സാധ്യത ഇല്ലെന്നാണ് സകലരുടെയും ധാരണ. എന്നാൽ, അതല്ലെന്ന് ഏതാനും ചെറുപ്പക്കാർ തെളിയിച്ചിരിക്കുകയാണ്. തിരക്കുള്ള നഗരങ്ങളിലെ ഐ.ടി കമ്പനികളെപ്പോലെ, ഒരുപക്ഷേ അതിലും ഒരുപടി ഉയരത്തിൽ ഇവിടത്തെ കമ്പനിക്ക് പ്രവർത്തിക്കാൻ കഴിയുന്നു. കാരണം, മനസ്സു നിറക്കുന്ന കാഴ്ചകളും ശുദ്ധവായു നിറഞ്ഞ അന്തരീക്ഷവും അതിനു പറ്റിയതാണെന്ന് തെളിയിച്ചിരിക്കുന്നു.

മുമ്പ് കൊച്ചിയിലായിരുന്നു. ഒരു വർഷത്തിലേറെയായി സ്ഥാപനം ഇവിടേക്ക് മാറിയിട്ട്. 20 ജീവനക്കാരുമായി തുടങ്ങിയ കമ്പനിയിൽ ഇപ്പോൾ 60ലേറെ പേർ ജോലി ചെയ്യുന്നുണ്ട്.

ബത്തേരിക്കാരായ അലൻ റിന്റോൾ, ആൽവിൻ കെന്റ്, വൈക്കം സ്വദേശി നിജേഷ്, പൊന്നാനി സ്വദേശി സി.വി. രജീഷ് എന്നിവരാണ് സ്ഥാപകർ. ഇതിൽ അലൻ സി.ഇ.ഒയും ആൽവിൻ കെന്റ് ചീഫ് ബിസിനസ് ഓഫിസറുമാണ്. വിദേശരാജ്യങ്ങളിലെ ഐ.ടി മേഖലയിൽ മോഹിപ്പിക്കുന്ന ശമ്പളം ഒഴിവാക്കിയാണ് ഇവർ വയനാട്ടിൽ പരീക്ഷണത്തിന് ഇറങ്ങിയത്.

പുതിയ സോഫ്റ്റ്‌വെയർ എൻജിനീയർമാരെ വാർത്തെടുക്കുന്നതോടൊപ്പം കമ്പനിയുടെ വളർച്ചയാണ് ലക്ഷ്യം. ഇക്കാര്യത്തിൽ വിജയ സൂചനകൾ കിട്ടിത്തുടങ്ങി. സാങ്കേതിക പരിജ്ഞാനമില്ലാത്ത നാട്ടിൻപുറത്തുകാരെ കമ്പനിയിൽ പരിശീലിപ്പിച്ച് വലിയ ഐ.ടി പ്രഫഷനലുകളാക്കിയ കഥകൾ ഇവർക്ക് പറയാനുണ്ട്.

ചുരുങ്ങിയ സമയത്തിൽ ജീവനക്കാരുടെ എണ്ണം 60ന് മുകളിലേക്കു പോയത് ഇതിന് തെളിവാണ്. 1000 ജീവനക്കാർ ജോലി ചെയ്യുന്ന കാലം വിദൂരമല്ലെന്നാണ് കമ്പനി മേധാവികൾ പറയുന്നത്. അർപ്പണ മനോഭാവമുള്ളവർക്ക് വോണ്യൂ സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേരാം. വിദ്യാഭ്യാസ യോഗ്യതകൾ രണ്ടാമതേ വരൂ.


പ്രകൃതിയെ തൊട്ടറിഞ്ഞ്

പ്രകൃതിയോട് ഇണങ്ങിയാണ് വയനാട്ടിൽ കമ്പനി മുന്നേറുന്നത്. അറുപതിലേറെ പേർ ഇരിക്കുന്ന കമ്പനിക്ക്​ അകത്ത് എ.സി ഇല്ലെന്നതാണ് വലിയ പ്രത്യേകത. എന്നാൽ, ഒരു ആൽമരത്തിന്റെ തണലിൽ ഇരുന്ന് ജോലി ചെയ്യുന്ന പ്രതീതി എല്ലാ ജീവനക്കാർക്കും കിട്ടുന്നുണ്ട്. അന്തരീക്ഷവായു മലിനീകരണ തോത്​ ബംഗളൂരുവിൽ ശരാശരി 170, കൊച്ചിയിൽ 89, ഡൽഹിയിൽ 200-300 എന്നിങ്ങനെയാണെങ്കിൽ വയനാട്ടിൽ ബത്തേരിയിലേത് 50ൽ താഴെയാണ്. ഈ ഒരു അനുകൂല ഘടകം പരമാവധി ഉപയോഗപ്പെടുത്തിയാണ് കമ്പനിയുടെ മുന്നേറ്റം.

വയനാടിന്‍റെ സ്വാഭാവിക വായു തന്നെ ചുവരുകൾക്കുള്ളിലേക്ക് എത്തിക്കുക എന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. 60ലേറെ കമ്പ്യൂട്ടറുകൾ ഒരേസമയം പ്രവർത്തിക്കുമ്പോൾ വലിയ ചൂട് അകത്തുണ്ടാകേണ്ടതാണ്. എന്നാൽ, മരത്തണലിന്‍റെ അന്തരീക്ഷമുണ്ടാക്കാൻ ഇവിടെ സാധിക്കുന്നു.

വൈദ്യുതി സംവിധാനത്തിലുമുണ്ട് പ്രത്യേകത. സോളാറിലാണ് വൈദ്യുതി. സ്ഥാപനത്തിന് ആവശ്യമായ സോളാർ വൈദ്യുതി ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. കേരളത്തിലെ മറ്റ് ഐ.ടി കമ്പനികളിൽനിന്ന് വ്യത്യസ്തമായി ഒരു ജിംനേഷ്യവും സ്ഥാപനത്തിൽ ഒരുക്കി. ജോലിയുടെ ഇടവേളകളിൽ എൻജിനീയർമാർക്ക് ഇവിടെ വ്യായാമം ചെയ്യാം.

ഇതിനു മുന്നിൽ പൂച്ചെടികൾ വളർത്തുന്നു. ജോലിയുടെ പിരിമുറുക്കം കുറക്കാൻ വേണമെങ്കിൽ ചെടികളെ പരിചരിക്കാം. കെട്ടിടത്തിന്​ അകത്താണെങ്കിലും സൂര്യപ്രകാശത്തിന് സമാനമായ വെളിച്ചം ചെടികളിലെത്തും. സോളാർ സംവിധാനത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.


ഭൂമി വാങ്ങി കൃഷി

ദൂരെയുള്ള ജീവനക്കാർക്ക് താമസസ്ഥലം ഒരുക്കുന്നതോടൊപ്പം ഭക്ഷണവും ഇവിടെ തന്നെ പാചകം ചെയ്‌തു നൽകുന്നു. ഇതിനാവശ്യമായ പച്ചക്കറികൾ ഭാവിയിൽ ഭൂമി വാങ്ങി സ്വന്തമായി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

പത്ത് രാജ്യങ്ങളിൽ ഇടപാടുകാർ

ദൊട്ടപ്പൻകുളത്തുനിന്ന് എൻജിനീയർമാർ സംവദിക്കുന്നത് അങ്ങ് യു.എസ്, ജർമനി, ആസ്ട്രേലിയ, ഇന്തോനേഷ്യ, സിംഗപ്പൂർ, നെതർലൻഡ്സ്, ഇസ്രായേൽ, മെക്സികോ, പോളണ്ട്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കസ്റ്റമേഴ്സുമായാണ്. ലോകത്തിലെ വലിയ സാറ്റലൈറ്റ് കമ്പനികളുമായി ഇവർക്ക് ബന്ധമുണ്ട്. സോഫ്റ്റ് വെയർ ഡെവലപ്മെന്റിൽ ഇനിയും കൂടുതൽ രാജ്യങ്ങൾ സഹകരിക്കുമെന്ന് ‘വോണ്യൂ’ ടീം പറഞ്ഞു.


ഐ.ടി കാമ്പസ് ലക്ഷ്യം

കൊച്ചിയിലും മറ്റുമുള്ളതുപോലെ ഒരു ഐ.ടി കാമ്പസാണ് വോണ്യൂ ടീമിന്റെ അടുത്ത ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ പ്രാഥമിക നടപടികൾ തുടങ്ങും. ഈ കാമ്പസ് യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ചെറിയ ഐ.ടി കമ്പനികൾക്ക് വോണ്യൂയുമായി സഹകരിക്കാൻ കഴിയും.

കാമ്പസ് വരുന്നതോടെ ചെറിയ കമ്പനികൾ കൂടുതൽ വരാൻ സാധ്യതയുണ്ട്. വലിയ തുക ചെലവ് വരുന്ന ഇൻ​ഫ്രാസ്ട്രക്ചർ സൗകര്യം ചെറിയ ഐ.ടി കമ്പനികൾക്ക് താങ്ങാൻ പ്രയാസമാണ്. ഈയൊരവസ്ഥയിൽ ഇൻ​ഫ്രാസ്ട്രക്ചർ ഷെയർ ചെയ്യാൻ വോണ്യൂ തയാറാണ്. ജിംനേഷ്യം എന്നിവയൊക്കെയും ചെറിയ കമ്പനികൾക്ക് ഉപയോഗപ്രദമാക്കാം.


‘‘കേവലം പണമുണ്ടാക്കുക എന്നതു മാത്രമായിരിക്കരുത് മനുഷ്യന്‍റെ ചിന്ത. വ്യത്യസ്തമായി ചിന്തിക്കുന്നതോടൊപ്പം സമൂഹത്തിന് എന്തെങ്കിലും മെച്ചമുണ്ടാക്കിക്കൊടുക്കുക എന്നതും നമ്മുടെ ബാധ്യതയാണ്. വ്യത്യസ്ത ചിന്തയുടെ ഭാഗമായാണ് കമ്പനി വയനാട്ടിൽ സ്ഥാപിച്ചത്.

സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ ഉന്നത പഠനം വഴിമുട്ടിയവർ ഇവിടെ ധാരാളമുണ്ട്. അവർക്കിടയിലേക്ക് ഞങ്ങൾ എത്തും. ഐ.ടിയുടേത് വിശാലമായ ലോകമാണ്. വ്യത്യസ്തമായി ചിന്തിക്കുന്നവർക്കേ അതിന്‍റെ പടികൾ കയറാൻ പറ്റൂ. ആ രീതിയിലുള്ള ശ്രമമാണ് ഞങ്ങളുടേത്’’ -വോണ്യൂയുടെ സി.ഇ.ഒ അലൻ റിന്റോൾ പറഞ്ഞു.

Show Full Article
TAGS:vonnue Tech News it 
News Summary - vonnue delivering innovative services
Next Story